താരങ്ങളുടെ കൂടിക്കാഴ്ചകൾ ആരാധകരെ എപ്പോഴും വളരെ ആവേശത്തിലാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തു വരുന്നത്. തമിഴകത്തിന്റെ പ്രിയ താരം ദളപതി വിജയ്‍യും ചെന്നൈയുടെ ‘തല’ ധോണിയും കണ്ടുമുട്ടിയതാണ് ആരാധകർ ആഘോഷമാകുന്നത്.
ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും നേരിൽ കണ്ടത്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനായി എത്തിയതായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണി. അപ്പോഴാണ് ‘ബീസ്റ്റ്’ സിനിമയുടെ ഷൂട്ടിങ്ങുമായി വിജയ് അവിടെ ഉണ്ടെന്ന് അറിഞ്ഞത്. അങ്ങനെ ഇരുവരും കാണാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന കൂടികാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് വൈറലായത്. ധോണിയെ വിജയ് ഷൂട്ടിങ് സെറ്റിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങളും കരവാനിലിനുള്ളിൽ നിന്നും ഇവർ ഒരുമിച്ചെടുത്ത ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ‘തല’ എന്നത്. ഐപിഎലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിന്റെ ഭാഗമായ ധോണിക്ക് തമിഴ്നാടിനെയും ഭയങ്കര പ്രിയമാണ്.
2008ൽ ചെന്നൈ ടീമിന്റെ അംബാസഡർമാരിൽ ഒരാളായിരുന്നു വിജയ്. അന്ന് മുതലുള്ള സൗഹൃദം വീണ്ടും പുതുക്കിയിരിക്കുകയാണ് താരങ്ങൾ. ഇവരുടെ കൂടിക്കാഴ്ച ആരാധകരും ആഘോഷമാക്കുകയാണ്.
Also read: ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി; ചിത്രങ്ങൾ