തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് വിജയ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ്ക്ക് ഏറെ ആരാധകരുണ്ട്. തമിഴ് സിനിമാമേഖലയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനും വിജയ് തന്നെ. വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രമാണ് ഇപ്പോൾ അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ വെങ്കട്ട് പ്രഭുവുമായി കൈകോർക്കുകയാണ് വിജയ്.
പുതിയ ചിത്രത്തിനായി 200 കോടി രൂപയാണ് വിജയ് കൈപ്പറ്റുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. വിജയ്‌യുടെ വലിയ താരമൂല്യവും സ്വീകാര്യതയും ഡിജിറ്റൽ- സാറ്റലൈറ്റ് അവകാശങ്ങളും കണക്കിലെടുക്കുമ്പോൾ നിർമാതാക്കൾ താരത്തിനായി എത്ര പ്രതിഫലം മുടക്കാനും തയ്യാറാണ് എന്നതും ഈ വാർത്തകൾക്ക് ആക്കം കൂട്ടുന്നു.
എന്നാൽ, വിജയ്‌യുടെ പ്രതിഫലം ഇപ്പോഴും 200 കോടിയിൽ എത്തിയിട്ടില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. “രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് വിജയ്. എന്നിരുന്നാലും, അദ്ദേഹം 200 കോടി രൂപ വാങ്ങുന്നില്ല. ഒരു ചിത്രത്തിന് ഇപ്പോൾ 125 കോടി രൂപയാണ് വിജയ് പ്രതിഫലം പറ്റുന്നത്. വാരിസുവിന്റെ വിജയത്തിന് ശേഷം അദ്ദേഹം പ്രതിഫലം വർദ്ധിപ്പിച്ചിട്ടുണ്ട്,” ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വംശി പൈഡിപ്പള്ളിയുടെ വാരിസു എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററിലെത്തിയ വിജയ് ചിത്രം. അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 19ന് ലിയോ തിയേറ്ററുകളിലെത്തും.
വിജയ്- വെങ്കട്ട് പ്രഭു ചിത്രം
ചെന്നൈ 600028 (2007), സരോജ (2008), ഗോവ (2010), മങ്കാത്ത (2011) , മാനാട് (2021) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമായിരിക്കും തന്റെ അടുത്ത ചിത്രമെന്ന് ഞായറാഴ്ചയാണ് വിജയ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട പ്രമുഖ സാങ്കേതിക വിദഗ്ധരുടെ പേരുകൾ ഉൾക്കൊള്ളുന്ന 78 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് പങ്കുവെച്ചാണ് വിജയ് ഇക്കാര്യം അറിയിച്ചത്.
ദളപതി 68 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വെങ്കട്ട് പ്രഭു തന്നെയായിരിക്കും. എജിഎസ് എന്റർടെയ്ൻമെന്റിനായി കൽപാത്തി എസ് അഘോരമാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം.