തല അജിത്‌ നായകനായ ‘വിവേഗം’ പ്രേക്ഷക സമക്ഷം വ്യത്യസ്ത അഭിപ്രായങ്ങളാണ് ഏറ്റു വാങ്ങിയതെങ്കിലും ബോക്സ്‌ ഓഫീസ് കിലുക്കം ഒട്ടും കുറഞ്ഞില്ല. ആദ്യ ദിനം തന്നെ 25 കോടിയോളം കളകറ്റ് ചെയ്തു. തമിഴ് സിനിമയില്‍ രജനികാന്തിന്‍റെ ‘കബാലി’യ്ക്ക് ശേഷം വലിയ തുടക്കം നേടുന്ന രണ്ടാമത്തെ ചിത്രമായി.

ഇപ്പോഴിതാ ‘വിവേഗ’ത്തിന്‍റെ വിജയ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട (ലൈക്ക് ചെയ്ത) ടീസര്‍ ‘വിവേഗ’ത്തിന്‍റെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ വാര്‍സ് – ദി ലാസ്റ്റ് ജേഡിയെ കടത്തിവെട്ടിയാണ് ‘വിവേഗം’ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 575,000 ലൈക്കുകളില്‍ ‘വിവേഗം’ എത്തി നില്‍ക്കുമ്പോള്‍ 573,000 ലൈക്കുകളില്‍ ‘സ്റ്റാര്‍ വാര്‍സ്’ രണ്ടാം സ്ഥാനത്തുണ്ട്.

എന്നാല്‍ കാഴ്ചകളുടെ കാര്യത്തില്‍ (വ്യൂസ്) സ്റ്റാര്‍ വാര്‍സ് തന്നെയാണ് മുന്നില്‍. 39,550,473 വ്യൂസ് ‘സ്റ്റാര്‍ വാര്‍സി’ നുള്ളപ്പോള്‍ 20,525,496 വ്യൂസ് ആണ് ‘വിവേഗ’ത്തിനുള്ളത്. മെയ്‌ 10 നാണ് ‘വിവേഗം’ ടീസര്‍ യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്.

ടീസര്‍ കാണാം

 

ശിവയാണ് ‘വിവേഗ’ത്തിന്‍റെ സംവിധായകന്‍.  സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മിച്ചത്.  ‘വീര’ത്തിനും ‘വേതാള’ത്തിനും ശേഷം അജിത്‌ – ശിവ കൂട്ടുകെട്ടില്‍ വരുന്ന മൂന്നാമത്തെ ചിത്രമാണ് ‘വിവേഗം’.  കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്രോയ്, അക്ഷര ഹാസന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്‍റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍.  അക്ഷരയും വിവേകും തമിഴില്‍ അരങ്ങേറിയ ചിത്രം കൂടിയാണ് ‘വിവേഗം’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ