അജിത്തും നയൻതാരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോൾ ഇരുവരുടെയും ആരാധകർക്ക് അത് സന്തോഷം പകരുന്നതാണ്. സ്‌ത്രീ പ്രാധാന്യമുളള സിനിമകൾ പൊതുവേ തിരഞ്ഞെടുക്കുന്ന നയൻതാര വിശ്വാസത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്‌ക്കാതെയാണ്. തമിഴ് മാഗസിനായ ആനന്ദ് വികടനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

വിശ്വാസം സിനിമയുടെ അണിയറ പ്രവർത്തകർ നയൻതാരയെ സമീപിച്ചപ്പോൾ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ നയൻതാര ചോദിച്ചില്ല. ഇത് അണിയറ പ്രവർത്തകരെ ശരിക്കും അദ്ഭുതപ്പെടുത്തി. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും നയൻതാര ചർച്ചയ്‌ക്ക് തയ്യാറായില്ല. മാത്രമല്ല വിശ്വാസം സിനിമയ്‌ക്കുവേണ്ടി തന്റെ മറ്റു സിനിമകളുടെ ഡേറ്റ് അജ്ഡസ്റ്റ് ചെയ്യാനും നയൻതാര തയ്യാറായെന്നാണ് മാഗസിൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

അജിത്തിനോടുളള ബഹുമാനം മൂലമാണ് കഥ പോലും കേൾക്കാതെ നയൻതാര സിനിമ ചെയ്യാൻ തയ്യാറായതെന്നാണ് വിശ്വാസം ടീം കരുതുന്നത്. ഇതിനു മുൻപ് ബില്ല, ആരംഭം, അയേഗൻ എന്നീ സിനിമകളിൽ അജിത്തും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. രണ്ടു ഗെറ്റപ്പിലാണ് അജിത് ചിത്രത്തിൽ എത്തുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.

തമിഴ്, തെലുങ്ക് സിനിമകളുടെ തിരക്കിലാണ് നയൻതാര. തമിഴിൽ കൊലമാവ് കോകിലയാണ് നയൻസിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നയൻതാരയുടെ 63-ാമത് സിനിമയുടെ ഷൂട്ടിങ് ഇന്നലെ തുടങ്ങി. നയൻ 36 എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ