Thala Ajith Viswasam first look: ‘തല’ അജിത്ത് – ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വിശ്വാസത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി.  ഇരട്ട വേഷത്തിലാവും അജിത്‌ എത്തുക എന്നാണു പോസ്റ്ററില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌.

ഇന്ന് പുലർച്ചെ 3.30നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശിവ അജിത്തുമായി ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിനാൽ നാലാമത്തെ ചിത്രത്തിനും പ്രതീക്ഷകൾ ഏറെയാണ്.

വ്യാഴാഴ്ച ഭാഗ്യദിനമായാണ് ശിവ കരുതുന്നത്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും പ്രഖ്യാപിച്ചതും തിയേറ്ററിലെത്തിയതും വ്യാഴാഴ്ചകളിലാണ്. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനും ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്യാനുമെല്ലാം വ്യാഴാഴ്ച തന്നെയാണ് തമിഴകത്തെ സ്റ്റാർ സംവിധായകൻ തിരഞ്ഞെടുത്തത്.

നയന്‍താരയാണ് നായിക. ഇതിനു മുൻപ് ‘ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ സിനിമകളിൽ അജിത്തും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.

‘വിശ്വാസം’ സിനിമയുടെ അണിയറ പ്രവർത്തകർ നയൻതാരയെ സമീപിച്ചപ്പോൾ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ നയൻതാര ചോദിച്ചില്ല. ഇത് അണിയറ പ്രവർത്തകരെ ശരിക്കും അദ്ഭുതപ്പെടുത്തി. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും നയൻതാര ചർച്ചയ്‌ക്ക് തയ്യാറായില്ല. മാത്രമല്ല ‘വിശ്വാസം’ സിനിമയ്‌ക്കു വേണ്ടി തന്റെ മറ്റു സിനിമകളുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാനും നയൻതാര തയ്യാറായെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

അജിത്തിനോടുളള ബഹുമാനം മൂലമാണ് കഥ പോലും കേൾക്കാതെ നയൻതാര സിനിമ ചെയ്യാൻ തയ്യാറായതെന്നാണ് വിശ്വാസം ടീം കരുതുന്നത്.

Read More: അജിത്തെന്ന് അറിഞ്ഞതും നയൻതാര സമ്മതം മൂളി

Poster of Thala Ajith Starrer Viswasam first look: മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിൽ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

‘വിശ്വാസ’ത്തിന്റെ ലൊക്കേഷനില്‍ നിന്നും അനിഘ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിച്ചു.

“തമിഴിൽ ഞാൻ അഭിനയിച്ച ‘മാ’ ഷോർട് ഫിലിം കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിക്കുന്നത്. അജിത് സാറിന്റെ മകളായിട്ടാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി”, അനിഘ പറഞ്ഞു. തെന്നിന്ത്യയിലെ മുന്‍നിര താരത്തെ അടുത്തു നിന്ന് കണ്ടപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നി എന്നും അനിഘ കൂട്ടിച്ചേര്‍ക്കുന്നു.

”സെറ്റിൽ അജിത് സാർ വളരെ കൂളാണ്. ഒരുപാട് സംസാരിക്കും. ചില സീനൊക്കെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരും. സ്വന്തം മോളെപ്പോലെ തന്നെയാണ് കരുതുന്നത്, വളരെ കെയറിങ്ങാണ്”.

Read More: ‘തല’ കൂളാണ്, കെയറിങ്ങും

സത്യജ്യോതി ഫിലിംസ് ആണ് ‘വിശ്വാസം’ നിർമ്മിക്കുന്നത്. ഡി.ഇമൻ ആണ് സംഗീതം. 2019 ദീപാവലി സമയത്ത് ചിത്രം റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook