യാത്രകളും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന നടനാണ് തല അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. ബൈക്കിൽ വാഗാ അതിർത്തി സന്ദർശിച്ച അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വാഗാ അതിർത്തിയിലെത്തിയ അജിത്തിനൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന പട്ടാളക്കാരെയും ചിത്രങ്ങളിൽ കാണാം.
ചെന്നൈയിൽ നിന്നുമാണ് അജിത്തിന്റെ ബൈക്ക് യാത്ര ആരംഭിച്ചത്. ആദ്യം അമൃതസർ സന്ദർശിച്ചതിനു ശേഷമാണ് അജിത് വാഗാ അതിർത്തിയിൽ എത്തിയത്. വാഗാ അതിർത്തിയിലെ പരേഡ് കാണാനും താരം സമയം കണ്ടെത്തി, ഒപ്പം ജവാൻമാർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. അജിത്തിന്റെ അടുത്ത ലക്ഷ്യം നേപ്പാളിലെ കാഠ്മണ്ഡു ആണ്. അതിനു ശേഷം താരം ബൈക്കിൽ തന്നെ ചെന്നൈയിലേക്ക് മടങ്ങും.
Read more: ബൈക്കില് റഷ്യ ചുറ്റി അജിത്, ലക്ഷ്യം ലോകപര്യടനം
‘വാലിമൈ’യുടെ ഷൂട്ടിങ്ങിനായ് റഷ്യയിൽ എത്തിയപ്പോൾ ബൈക്ക് എടുത്ത് റഷ്യ ചുറ്റാനിറങ്ങിയ താരത്തിന്റെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.




ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ബൈക്കിൽ ഒരു ലോക യാത്രക്കായി അദ്ദേഹം തയ്യാറെടുക്കുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. ഇതിനായി പരിചയസമ്പന്നരായ ബൈക്ക് റൈഡേഴ്സുമാരെ അജിത് കാണുകയും അവരിൽനിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.
ബോണി കപൂർ നിർമിച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലൈമയാണ് പുറത്തിറങ്ങാനുള്ള അജിത്ത് ചിത്രം. 2022 ജനുവരി 14 ന് ചിത്രം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്.വിനോദ് ആണ് ‘വാലിമൈ’ ചിത്രത്തിന്റെ സംവിധായകൻ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.