അമിതാഭ് ബച്ചനും താപ്സി പാന്നുവും അഭിനയിച്ച ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ സൂപ്പർസ്റ്റാർ തല അജിത്തിനും വിദ്യാ ബാലനുമൊപ്പം ശ്രദ്ധ ശ്രീനാഥും അഭിനയിക്കുന്നു എന്നാണ് തമിഴകത്തു നിന്നും വരുന്ന ഏറ്റവും പുതിയ വാർത്ത. ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായ ബോണികപൂർ ആണ് അഭിനേതാക്കളുടെ വിവരങ്ങൾ പ്രസ് റിലീസിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘തല 59’ എന്ന് താൽക്കാലിക പേരു നൽകിയിരിക്കുന്ന ചിത്രം 2019 മേയ് ഒന്നിന് റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ​ ശ്രമം.

“ഞാൻ മുൻപു പറഞ്ഞതുപോലെ,​ അജിത്ത് കുമാറുമായുള്ള എന്റെ യാത്ര ആരംഭിക്കുന്നത് അദ്ദേഹം എന്റെ ഭാര്യ ശ്രീദേവിയ്ക്ക് ഒപ്പം ഇംഗ്ലീഷ് വിഗ്ലീഷിൽ അഭിനയിക്കുന്ന കാലത്താണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിനു വേണ്ടി അജിത്ത് ഒരു സിനിമ ചെയ്യണമെന്നത് ശ്രീദേവിയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് ഇത്തരമൊരു പ്രൊജക്റ്റിലെത്തുന്നത്. സന്തോഷമുണ്ട്,” ബോണി കപൂർ പറയുന്നു.

Read more: അജിത്ത് ചിത്രത്തിൽ വിദ്യ ബാലൻ അതിഥി വേഷത്തിൽ

യുവൻ ശങ്കർരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷാ ഛായാഗ്രഹണവും ദിലിപ് സുബരായൻ സ്റ്റണ്ട് കൊറിയോഗ്രാഫും പൂർണിമ രാമസ്വാമി വസ്ത്രാലങ്കാരവും നിർവ്വഹിക്കും. ഈ ചിത്രത്തിനു ശേഷം 2019 ജൂലൈയോടെ അജിത്തും ബോണികപൂറും അടുത്ത ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2020 ഏപ്രിൽ 10 ന് റിലീസ് ചെയ്യാവുന്ന രീതിയിലാവും രണ്ടാമത്തെ ചിത്രം പ്ലാൻ ചെയ്യുന്നത് എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

“പിങ്കിന്റെ തമിഴ് റീമേക്കിൽ ഞാനും സ്പെഷ്യൽ​ അപ്പിയറൻസിൽ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂർ) നിർമ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫർ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക​ അടുപ്പമുണ്ട്,” ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിൽ താനുമുണ്ടെന്ന കാര്യം വിദ്യ വെളിപ്പെടുത്തിയത്. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.” എന്തായാലും ആ മൂന്നുപെൺകുട്ടികളിൽ ഒരാളല്ല ഞാൻ,” എന്നാണ് കഥാപാത്രത്തെ കുറിച്ച് വിദ്യ സംസാരിച്ചത്.

അജിത്ത് ചിത്രത്തിൽ താനുമുണ്ടെന്ന കാര്യം ശ്രദ്ധ ശ്രീനാഥും തന്റെ ട്വിറ്ററിലൂടെ സ്ഥിതീകരിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ