കരിയറിലെ അറുപതാം സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് തമിഴകത്തിന്റെ സ്വന്തം തല അജിത്ത്. ‘തല 60’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പൊലീസുകാരനായാണ് അജിത്ത് എത്തുന്നതെന്നാണ് ഏറ്റവും പുതിയ​ റിപ്പോർട്ട്. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി അജിത്‌ ‘ഫിസിക്കില്‍’ ശ്രദ്ധ ചെലുത്തുന്നു എന്നും ജിമ്മില്‍ പ്രത്യേക വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ പോകുന്നു എന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇത് അഞ്ചാമത്തെ തവണയാണ് അജിത്ത് പൊലീസ് വേഷത്തിൽ എത്തുന്നത്. ‘ഏകൻ’, ‘ആരംഭം’, ‘മങ്കാത്ത’, ‘യെന്നെ അറിന്താൽ’ തുടങ്ങിയ ചിത്രങ്ങളിലും അജിത്ത് കാക്കിയണിഞ്ഞിരുന്നു.

രാജു സുന്ദരം സംവിധാനം ചെയ്ത് 2008ൽ റിലീസിനെത്തിയ ‘ഏകൻ’ ആയിരുന്നു അജിത്തിന്റെ ആദ്യ പൊലീസ് വേഷം. അജിത്ത്- നയൻതാര ജോഡികൾ അഭിനയിച്ച ‘ഏകൻ’ ഷാരൂഖ് ഖാൻ ചിത്രം ‘മേ ഹൂ നാ’യുടെ തമിഴ് റീമേക്ക് ആയിരുന്നു. സുമൻ, ജയറാം, നവദീപ്, പിയ ബാജ്പേയ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ദീപാവലി റിലീസായി എത്തിയ ചിത്രം ശ്രദ്ധിക്കപ്പെടുകയും ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിച്ചത്.

2013 ൽ പുറത്തിറങ്ങിയ ‘ആരംഭം’ എന്ന ചിത്രമായിരുന്നു അജിത്തിന്റെ മറ്റൊരു പൊലീസ് വേഷം. വിഷ്ണു വർധന്റെ സംവിധാനത്തിൽ 60 കോടി രൂപയോളം ചിലവിട്ട് ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻജയം നേടുകയും 124 കോടിയോളം കളക്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നയൻതാര നായികയായെത്തിയ ചിത്രത്തിൽ ആര്യ, താപ്സി പാന്നു, റാണാ ദഗ്ഗുബാട്ടി എന്നു തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. അശോക് കുമാർ എന്ന കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിച്ചത്.

‘മങ്കാത്ത’ (2011) എന്ന ചിത്രത്തിലും പൊലീസി വേഷമായിരുന്നു അജിത്ത് കൈകാര്യം ചെയ്തത്. അജിത്തും അർജ്ജുനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം അജിത്തിന്റെ അൻപതാമത് ചിത്രം കൂടിയായിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ‘മങ്കാത്ത’ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത് വെങ്കട് പ്രഭുവാണ്. തൃഷ കൃഷ്ണൻ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ, വൈഭവ് റെഡ്ഡി, പ്രേംജി അമരൻ, അരവിന്ദ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. യുവൻ ശങ്കർ രാജയുടെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അജിത് പൊലീസ് ഓഫീസറായി തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു 2015 ൽ പുറത്തിറങ്ങിയ ‘യെന്നെ അറിന്താൽ’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുൺ വിജയ്, തൃഷ, അനുഷ്ക ഷെട്ടി, പാർവ്വതി നായർ എന്നിവരും അഭിനയിച്ചു. അജിത്തിന്റെ മകളായി അഭിനയിച്ചത് മലയാളിയായ ബേബി അനിഘയാണ്.

അജിത്തിന്റെ നാലു പൊലീസ് വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതുകൊണ്ടു തന്നെ പുതിയ പൊലീസ് കഥാപാത്രത്തെയും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകർ. ബോളിവുഡ് ചിത്രം ‘പിങ്കിന്റെ’ തമിഴ് പതിപ്പായ ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിനു ശേഷം അജിത്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘തല 60’.

Read more: വക്കീലല്ല ഇനി പൊലീസ്, പുതിയ ചിത്രവുമായി അജിത്തും ബോണി കപൂറും

റിലീസിനൊരുങ്ങുന്ന ‘നേർകൊണ്ട പാർവൈ’യിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത്. ‘പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് അജിത്തിനെ തേടിയെത്തിയത്. ‘പിങ്ക്’ നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

Ajith, Vinoth, അജിത്ത്, തല അജിത്ത്, എച്ച് വിനോദ്, ബോണി കപൂർ, നേർകൊണ്ട പാർവൈ, Ajith H Vinoth, Ajith cop, Ajith police, Ajith upcoming movie, Ajith latest news, Ajith news, പിങ്ക് ഹിന്ദി റിമേക്ക്

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘നേർകൊണ്ടൈ പാർവൈ’യിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, വിദ്യ ബാലൻ, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴകത്തേക്കുള്ള വിദ്യാബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നേർകൊണ്ട പാർവൈ’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook