സിനിമയിലായാലും ജീവിതത്തിലായാലും നല്ല കുടുംബനാഥനാണ് കോളിവുഡിന്റെ തല അജിത്. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായ ‘നേർകൊണ്ട പാർവൈ’ റിലീസ് ആയതിനു ശേഷം ചെറിയൊരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് അജിത്. ചെന്നൈയിലെ ബീച്ചിൽ ശാലിനിക്കും മകൻ ആദ്വിക്കിനുമൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Read More: പ്രണയത്തിന്റെ 19 വർഷങ്ങൾ; വിവാഹവാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും
നരച്ച മുടി കറുപ്പിച്ച്, കണ്ണട വച്ച്, കട്ടിത്താടി ഷേവ് ചെയ്ത്, കറുപ്പ് ഷർട്ടുമിട്ട് നിൽക്കുന്ന അജിത്തിനെ കണ്ടാൽ പഴയകാല ചിത്രങ്ങളിലെ തലയെ ആണ് ഓർമ വരിക. ഇന്നലെ(ഒക്ടോബർ 9)യാണ് അജിത്തിനെ ചെന്നൈയിലെ തിരുവാൺമിയൂർ ബീച്ചിൽ ആരാധകർ കണ്ടത്. ശാലിനിയെയും മക്കളെയും പൊതുവിടങ്ങളിൽ കാണാറുണ്ടെങ്കിലും അജിത് സുരക്ഷാ കാരണങ്ങളാൽ വളരെ വിരളമായേ എത്താറുള്ളൂ.
രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുമായി 2019 അജിത്തിന് അവിസ്മരണീയ വർഷമായിരുന്നു. ബോക്സ് ഓഫീസിൽ 200 കോടി രൂപ നേടിയ, സിരുതൈ ശിവയുടെ ‘വിശ്വാസം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഈ വർഷം ആരംഭിച്ചത്, തുടർന്ന് എച്ച്.വിനോദിന്റെ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിലൂടെ വിജയം ആവർത്തിച്ചു.
‘നേർകൊണ്ട പാർവൈ’യ്ക്കു ശേഷം അജിത് സംവിധായകൻ എച്ച്.വിനോദും നിർമാതാവ് ബോണി കപൂറുമായി രണ്ടാം തവണയും കൈകോർക്കുകയാണ്. ഓഗസ്റ്റ് 29 ന് ചിത്രത്തിന്റെ പൂജ നടന്നെങ്കിലും ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
Read More: ‘കുട്ടി തല’യ്ക്കൊപ്പം ശാലിനി; മകനൊപ്പമുളള ചിത്രങ്ങൾ വൈറൽ
മറ്റ് അഭിനേതാക്കളേയും ക്രൂവിനേയും സംബന്ധിച്ചുള്ള അന്തിമ ചർച്ചകളിലാണ് സംവിധായകൻ. സ്പീഡിനോടുള്ള അജിത്തിന്റെ ഇഷ്ടം ഉപയോഗപ്പെടുത്തുന്ന ഒരു ത്രില്ലറാണ് ചിത്രം എന്ന് ബോണി കപൂർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
“നേർകൊണ്ട പാർവയുടെ ഷൂട്ടിങ്ങിനിടെയാണ് ഞാൻ അദ്ദേഹത്തെ അടുത്തറിയുന്നത്. റേസിങ്ങിനോടും മറ്റ് കായിക ഇനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി. ഞങ്ങളുടെ അടുത്ത ചിത്രം ഒരു ത്രില്ലറാണ്. ഇതിൽ അദ്ദേഹത്തിന്റെ ഈ അഭിനിവേഷം ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ സ്വാഭാവികമായി സംഭവിച്ചതാണ് അത്. ആക്ഷൻ പശ്ചാത്തലമാക്കിയുള്ള ഹിന്ദി ചിത്രത്തിൽ അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്,” ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞു.