തല അജിത്തിനെ ജീവനു തുല്യം സ്നേഹിക്കുന്ന നൂറുകണക്കിന് ആരാധകരുണ്ട്. ഷൂട്ടിങ് സെറ്റിൽ മാത്രമല്ല അജിത് എവിടെ ഉണ്ടെന്ന് അറിഞ്ഞാലും അവിടെയൊക്കെ ആരാധകരുടെ വലിയൊരു കൂട്ടവുമുണ്ടാകും. തന്നെ കാണാനെത്തുന്ന ആരാധകരെ തലയും ഒരിക്കലും നിരാശരാക്കാറില്ല. അവരോട് കുശലം പറഞ്ഞും ഒപ്പം നിന്ന് ഫോട്ടോ പകർത്തിയതിനുശേഷമായിരിക്കും അജിത് അവരെ പറഞ്ഞയക്കുക.
ആരാധകരോട് അജിത് കാണിച്ച സ്നേഹത്തിന് നേർസാക്ഷിയായ സന്ദർഭത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം ടീമിൽ ഉണ്ടായിരുന്ന ഒരംഗം. എവിഎം ഡബ്ബിങ് സ്റ്റുഡിയോയിൽ ഏതാനും നാളുകൾക്കു മുൻപാണ് സംഭവം നടന്നത്.
വിശ്വാസം സിനിമയുടെ ഡബ്ബിങ് ജോലികളാണ് എവിഎം സ്റ്റുഡിയോയിൽ നടന്നുകൊണ്ടിരുന്നത്. തന്റെ ഭാഗം പൂർത്തിയാക്കുന്നതിനായി അജിത് രാത്രി മുഴുവൻ ചെലവഴിച്ചു. അജിത് സ്റ്റുഡിയോയിൽ ഉണ്ടെന്ന് അറിഞ്ഞ ഒരു കൂട്ടം ആരാധകർ സ്റ്റുഡിയോയ്ക്ക് പുറത്ത് താരത്തെ കാണാനായി കാത്തുനിന്നു. പുലർച്ചെയാണ് അജിത്തിന്റെ ഡബ്ബിങ് പൂർത്തിയായത്. അപ്പോഴും ആരാധകർ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഡബ്ബിങ് പൂർത്തിയാക്കി കാറിൽ അജിത് പുറത്തേക്ക് എത്തിയപ്പോൾ ആരാധകർ കാറിനു പുറകേ ഓടി. ഇതു ശ്രദ്ധയിൽപ്പെട്ട അജിത് കാർ നിർത്തി പുറത്തേക്ക് ഇറങ്ങി. രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് തന്നെ കാത്ത് ആരാധകർ നിന്നുവെന്നറിഞ്ഞപ്പോൾ സന്തോഷത്തിനു പകരം അജിത്തിന് ദുഃഖമാണുണ്ടായത്. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്ന് ആരാധകരോട് അജിത് ഉപദേശിച്ചു. അവർക്കൊപ്പം ഗ്രൂപ്പ് സെൽഫി എടുത്തശേഷമാണ് അജിത് മടങ്ങിയത്.
Read: തലയുടെ ‘വിശ്വാസത്തി’ന്റെ അടുത്ത ലുക്ക് ഇങ്ങനെ
‘തല’ അജിത്-ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ ‘വിശ്വാസ’ത്തിന്റെ സെക്കന്റ് ലുക്ക് ഇന്നലെയാണ് റിലീസ് ചെയ്തത്. വരുന്ന പൊങ്കലിന് റിലീസ് ചെയ്യാനുള്ള ചിത്രത്തിന്റെ ആഘോഷ ലുക്കാണ് ‘വിശ്വാസത്തിരുവിഴ’ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് ശിവ അജിത്തുമായി ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിനാൽ നാലാമത്തെ ചിത്രത്തിനും പ്രതീക്ഷകൾ ഏറെയാണ്.