Thala Ajith next to focus on his passion for speed car racing: ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിന് ശേഷം അജിത്തിന്റെ നായകനാക്കി ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വേഗത്തിനോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തെക്കുറിച്ചായിരിക്കും. കാറുകള്‍, കാര്‍ റേസിംഗ് എന്നിവയോടുള്ള അജിത്തിന്റെ കമ്പത്തെ ആസ്പദമാക്കി ആയിരിക്കും ചിത്രം ഒരുങ്ങുക എന്ന് ബോണി കപൂര്‍ ഡി എന്‍ എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ഞാന്‍ നിര്‍മ്മിച്ച ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ ചിത്രീകരണത്തിനിടയാണ് അജിത്തിനെ അടുത്തറിയാന്‍ കഴിഞ്ഞത്. റേസിംഗ് മുതലായ സ്പോര്‍ട്സ് ഇനങ്ങളോടുള്ള അദ്ദേഹത്തിന്റെ കമ്പം മനസ്സിലായതും അപ്പോഴാണ്. സ്പീഡിനോടുള്ള അജിത്തിന്റെ പാഷനെക്കുറിച്ച് അടുത്ത ചിത്രം ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ അപ്പോള്‍. അജിത്തിന്റെ വച്ച് ആക്ഷന്‍ പശ്ചാത്തലത്തില്‍ ഉള്ള ഒരു ഹിന്ദി ചിത്രം എടുക്കാന്‍ ആഗ്രഹമുണ്ട്”, ബോണി കപൂര്‍ വെളിപ്പെടുത്തി.
‘നേര്‍കൊണ്ട പാര്‍വൈ’ സംവിധായകന്‍ എച്ച് വിനോദ് തന്നെയായിരിക്കും #Thala60 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക. ഈ ചിത്രത്തില്‍ അജിത് ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ ആയിരിക്കും എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി അജിത് ‘ഫിസിക്കില്‍’ ശ്രദ്ധ ചെലുത്തുന്നു എന്നും ജിമ്മില്‍ പ്രത്യേക വര്‍ക്ക് ഔട്ട് ചെയ്യാന്‍ പോകുന്നു എന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബോണി കപൂറിന്റെ പുതിയ വെളിപ്പെടുത്തലോട് കൂടി അജിത്തിന്റെ കാര്‍ റേസര്‍ കഥാപാത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ബോളിവുഡ് ചിത്രം ‘പിങ്കിന്റെ’ തമിഴ് പതിപ്പാണ് ‘നേര്‍ക്കൊണ്ട പാര്‍വൈ’. ഓഗസ്റ്റ് പത്താം തീയതി റിലീസിനൊരുങ്ങുന്ന ‘നേർകൊണ്ട പാർവൈ’യിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത്. ‘പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് അജിത്തിനെ തേടിയെത്തിയത്. ‘പിങ്ക്’ നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
‘നേർകൊണ്ടൈ പാർവൈ’യിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ.
‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ മുൻപ് വെളിപ്പെടുത്തിയിരിക്കുന്നു.
“പിങ്കിന്റെ തമിഴ് റീമേക്ക് എന്ന ആശയം അജിത്ത് പങ്കു വെച്ചപ്പോൾ തന്നെ ശ്രീദേവി അതിന് സമ്മതം പറയുകയായിരുന്നു,” എന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു. അജിത്തിന് മികച്ച രീതിയിൽ തന്നെ ചിത്രത്തെ വിജയിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ശ്രീദേവിയ്ക്ക് ഉറപ്പുണ്ടായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർക്കുന്നു.
Read More: ശ്രീദേവിയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് ‘തല’: അജിത്തിന്റെ അടുത്ത ചിത്രം ബോണി കപൂര്‍ നിര്‍മ്മിക്കും