മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയനായിക നസ്രിയ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതിനു പിന്നാലെ തമിഴിലും അഭിനയിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് തമിഴകത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്.

സംവിധായകൻ എച്ച്.വിനോദിന്റെ ചിത്രത്തിൽ തല അജിത്തിനൊപ്പമാണ് നസ്രിയയുടെ അടുത്ത ചിത്രം എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത. നസ്രിയ ഒഫീഷ്യൽ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടാണ് ആദ്യം ഈ വാർത്ത അനൗൺസ് ചെയ്തത്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ റിമേക്ക് ആവും ചിത്രമെന്നും വാർത്തകളുണ്ട്. എന്നാൽ വാർത്തകളോട് നസ്രിയയോ അജിത്തോ ഔദ്യോഗികമായി വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സംവിധായകൻ സിരുതൈ ശിവയുടെ ‘വിശ്വാസ’ത്തിന്റെ ഷൂട്ട് കഴിഞ്ഞാൽ ഉടനെ സംവിധായകൻ വിനോദിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുകയാണ് അജിത്ത്.

വിവാഹം കഴിഞ്ഞ് നാലു വർഷത്തോളം സിനിമയിൽ നിന്നു വിട്ടുനിന്ന നസ്രിയ മടങ്ങിവന്നത് അഞ്ജലിയുടെ ‘കൂടെ’യിലൂടെയായിരുന്നു. ചിത്രത്തിലെ നസ്രിയയുടെ ഗംഭീരപ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. ഫഹദിനൊപ്പം അഭിനയിക്കുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആവും നസ്രിയയുടെ അടുത്ത മലയാളം ചിത്രം എന്നും വാർത്തകളുണ്ട്.

‘നേരം’, ‘രാജാ റാണി’, ‘നെയ്യാണ്ടി’, ‘വായൈ മൂടി പേസവും’ തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ. 2014 ൽ പുറത്തിറങ്ങിയ ‘തിരുമണം എന്നും നിക്കാഹ്’ ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം. ജയ് ആയിരുന്നു നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook