‘വീരം’, ‘വേഗം’, വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തല അജിത്തിന്റെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ അജിത്തിന്റെ ഭാര്യയായി എത്തുന്നത്‌ നയന്‍താരയാണ്.

അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. റെക്കോര്‍ഡ്‌ തുകയക്ക്‌ ‘വിശ്വാസ’ത്തിന്റെ സാറ്റലൈറ്റ് ടി വി പ്രക്ഷേപണ അവകാശം സണ്‍ ടി വി വാങ്ങിയതായാണ് റിപ്പോര്‍ട്ട്‌. സത്യജ്യോതി ഫിലിംസ് ആണ് ‘വിശ്വാസ’ത്തിന്റെ നിര്‍മ്മാതാക്കള്‍.

‘ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.  ഇരുവര്‍ക്കും പുറമെ റോബോ ശങ്കര്‍, തമ്പി രാമയ്യ, ബോസ് വെങ്കട്ട്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

മലയാളി ബാല താരമായ അനിഘ, അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിൽ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Read More: അജിത്തെന്ന് അറിഞ്ഞതും നയൻതാര സമ്മതം മൂളി

‘വിശ്വാസ’ത്തിന്റെ ലൊക്കേഷനില്‍ നിന്നും അനിഘ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിച്ചു.

“തമിഴിൽ ഞാൻ അഭിനയിച്ച ‘മാ’ ഷോർട് ഫിലിം കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിക്കുന്നത്. അജിത് സാറിന്റെ മകളായിട്ടാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി”, അനിഘ പറഞ്ഞു. തെന്നിന്ത്യയിലെ മുന്‍നിര താരത്തെ അടുത്തു നിന്ന് കണ്ടപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നി എന്നും അനിഘ കൂട്ടിച്ചേര്‍ക്കുന്നു.

”സെറ്റിൽ അജിത് സാർ വളരെ കൂളാണ്. ഒരുപാട് സംസാരിക്കും.  ചില സീനൊക്കെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരും. സ്വന്തം മോളെപ്പോലെ തന്നെയാണ് കരുതുന്നത്, വളരെ കെയറിങ്ങാണ്”.

 

‘വിശ്വാസ’ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ, പിന്നണി നര്‍ത്തകനായ ഓവിയം ശരവണന്‍ മരണപ്പെട്ടിരുന്നു. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ നായകന്‍ അജിത്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി, മൃതദേഹം ചെന്നൈയില്‍ എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കൂടാതെ ശരവണന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അജിത്‌ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: ‘വിശ്വാസം’ ചിത്രീകരണത്തിനിടെ നര്‍ത്തകന്റെ മരണം, കുടുംബത്തിന് താങ്ങായി ‘തല’

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ