ആരാധകരുടെ സ്നേഹത്തിനും ഭ്രാന്തമായ ആരാധനയ്ക്കുമൊക്കെ പല തവണ സാക്ഷിയായ താരമാണ് തമിഴകത്തിന്റെ സ്വന്തം തല അജിത്ത്. തങ്ങളുടെ ആരാധനാപാത്രങ്ങളെ ഒരു നോക്കു കാണാനും കൂടെ നിന്നു സെൽഫി എടുക്കാനുമൊക്കെ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് തമിഴകത്തെ ആരാധകർ. ഇഷ്ടപ്പെട്ട താരങ്ങൾക്കു വേണ്ടി ക്ഷേത്രം പണിയാൻ പോലും മടിയ്ക്കാത്ത തീക്ഷ്ണമായ ആരാധന സൂക്ഷിക്കുന്നവർ.

കഴിഞ്ഞ ദിവസം അജിത്തിനൊപ്പം ഒരു സെൽഫി എടുക്കാനായി താരത്തെ പിൻതുടർന്ന ആരാധകന്റെ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമാകുന്നത്. ഗണേഷ് എന്ന ആരാധകനാണ് അജിത്തിനൊപ്പം നിൽക്കുന്ന ഒരു സെൽഫി തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിനൊപ്പം ഒരു സെൽഫി എടുക്കാനായി തന്റെ കാറിനെ പിൻതുടരുന്ന ചെറുപ്പക്കാരനെ കണ്ട അജിത്ത് കാർ നിർത്തി സംസാരിക്കുകയും ഒപ്പം സെൽഫി എടുക്കാൻ അനുവദിക്കുകയം ചെയ്തു. ആരാധനയുടെ പേരിൽ മണ്ടത്തരം കാണിക്കരുത് എന്ന് ആരാധകനെ ശകാരിച്ചതിനൊപ്പം അപകടം നിറഞ്ഞ പ്രവൃത്തികൾ ചെയ്യരുതെന്നും സൂക്ഷിക്കണമെന്നും സ്നേഹപൂർവ്വം ഉപദേശിക്കാനും അജിത്ത് മറന്നില്ല.

Read more: അജിത്ത് നൽകിയ ഉപദേശം മറക്കാനാവാത്തത്: പാർവ്വതി നായർ

താരത്തിനൊപ്പം ഒരു സെൽഫി എടുക്കാനായി 18 കിലോമീറ്ററോളമാണ് ഗണേഷ് താരത്തിന്റെ കാറിനെ പിൻതുടർന്നത്. ഗണേശ് തന്നെയാണ് താരത്തിനൊപ്പമുള്ള സെൽഫിയ്ക്ക് ഒപ്പം സെൽഫിയ്ക്കു പിറകിലെ കഥയും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

“മുൻപ് നാലഞ്ചു തവണ തലയെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു ചിത്രമെടുക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെ അദ്ദേഹം എയർപോർട്ടിലുണ്ടെന്ന് മനസ്സിലാക്കി ഞാനദ്ദേഹത്തെ കാണാൻ തീരുമാനിച്ചു. നല്ല തിരക്കായതു കൊണ്ട് കൂടെ നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരം അപ്പോഴും ലഭിച്ചില്ല. തുടർന്ന് ഞാനും കൂട്ടുകാരനും അദ്ദേഹത്തിന്റെ കാറിനെ പിന്തുടരാൻ തീരുമാനിച്ചു. ഏതാണ്ട് 18 കിലോമീറ്ററോളം കാറിനു പിറകെ ഞങ്ങൾ സഞ്ചരിച്ചുകാണും. ഒടുവിൽ ഞങ്ങൾ​ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോൾ സെൽഫി എടുക്കാൻ അനുവദിച്ചു. അദ്ദേഹം എന്റെ പേര് ചോദിച്ചു പരിചയപ്പെട്ടു. ഇനിയൊരിക്കലും ഇങ്ങനെ ചെയ്യരുത്, എന്തെങ്കിലും അപകടം പറ്റിയാലോ എന്നുചോദിച്ച് സ്നേഹത്തോടെ തല എന്നെ ഉപദേശിച്ചു. തന്റെ ഫാൻസിന് എന്തെങ്കിലും പറ്റിയാൽ താങ്ങാനാവില്ലെന്നു അദ്ദേഹം പറഞ്ഞു, അതുകേട്ട് ഞാനദ്ദേഹത്തോട് മാപ്പു പറഞ്ഞു,” ഗണേഷ് പറയുന്നു.

വിശ്വാസത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു അജിത്തിന്റെ കാറിനു പിന്നാലെയുള്ള ആരാധകന്റെ ചെയ്സിംഗ്. എയർപോർട്ടുമുതൽ ഇതിനായി അജിത്തിനെ പിൻതുടരുകയായിരുന്നു ആരാധകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook