scorecardresearch
Latest News

മോഹൻലാലിന്റെ ‘മരക്കാർ’ സെറ്റിൽ അജിത്തിന്റെ സർപ്രൈസ് എൻട്രി

മോഹൻലാൽ ചിത്രമായ മരക്കാറിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് എത്തുകയായിരുന്നു

മോഹൻലാലിന്റെ ‘മരക്കാർ’ സെറ്റിൽ അജിത്തിന്റെ സർപ്രൈസ് എൻട്രി

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സെറ്റിൽ പുരോഗമിക്കുകയാണ്. ഷൂട്ടിങ് സെറ്റിലേക്ക് അപ്രതീക്ഷിതമായൊരു അതിഥിയെത്തി. തമിഴകത്തിന്റെ സൂപ്പർ താരം അജിത് ആയിരുന്നു സംവിധായകൻ പ്രിയദർശനെയും മറ്റു അംഗങ്ങളെയും അമ്പരപ്പിച്ചു കൊണ്ട് സെറ്റിലേക്ക് എത്തിയത്.

അജിത്തിന്റെ 59-ാമത് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതും റാമോജി റാവു ഫിലിം സിറ്റിയിലാണ്. മോഹൻലാൽ ചിത്രമായ മരക്കാറിന്റെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെറ്റിൽ എത്തിയ അജിയത് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.

ഹിന്ദി ചിത്രമായ ‘പിങ്ക്’ ചിത്രത്തിന്റെ റീമേക്കിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. എച്ച്.വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് നിർമ്മാണം. വിദ്യ ബാലൻ, ശ്രദ്ധ ശ്രീനാഥ്, ആദിക് രവിചന്ദ്രൻ, രംഗരാജ് പാണ്ഡ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മാർച്ച് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുമെന്നാണ് വിവരം. മെയ് ആദ്യ വാരം ചിത്രം റിലീസിന് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Thala 59 update shooting hyderabad ramoji rao film city