തമിഴകത്തിന്‍റെ ‘തല’യ്ക്ക് ഇന്ന് 47-ാം പിറന്നാള്‍. മലയാളിക്ക് അജിത്‌ ഒരു സൂപ്പര്‍ താരം മാത്രമല്ല, ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന സ്നേഹിച്ച, പ്രിയപ്പെട്ട നായിക ശാലിനിയെ പ്രണയിച്ചു സ്വന്തമാക്കിയയാള്‍ കൂടിയാണ്. സിനിമാ ജീവിതത്തിന്‍റെ ഏറ്റവും തിരക്കേറിയ സമയത്താണ് ആരാധകരുടെ ഹൃദയം തകര്‍ത്തു കൊണ്ട് ശാലിനി അജിത്തുമായുള്ള കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്‌. അതിനു ശേഷം സിനിമയില്‍ നിന്നും മാറി, അജിത്തിന്‍റെ വളര്‍ച്ചയില്‍ പിന്തുണയ്ക്കുന്ന നല്ല ഭാര്യയും, അനൗഷ്ക, ആദ്വിക് എന്നീ അവരുടെ രണ്ടു മക്കളുടെ അമ്മയുമായി ശാലിനി.

പല ദിശകളിലായി ഒഴുകിയ തന്‍റെ ജീവിതം ഒടുവില്‍ ചെന്ന് ചേരുന്ന കടലാണ് അവള്‍ എന്നാണ് ഭാര്യയുമായുള്ള തന്‍റെ ബന്ധത്തെ അജിത്‌ ഒരിക്കല്‍ വിശേഷിപ്പിച്ചത്.

“പല വഴിക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു നദി പോലെയായിരുന്നു എന്‍റെ ജീവിതം. പല പാറകളിലും തട്ടിത്തടഞ്ഞ്, പല ഭാരങ്ങളും ചുമലിലേറ്റി ഒടുവില്‍ ഞാന്‍ ചെന്ന് ചേര്‍ന്ന ഒരു കടലാണ് ശാലിനി. എന്നെ ശാന്തനാക്കാനും എന്‍റെ ജീവിതത്തിന് ദിശാബോധം നല്‍കാനും ഈ ബന്ധത്തിന് കഴിയുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു”, എന്നാണ് ‘തല’ 1999ല്‍ ഒരു തമിഴ് മാസികയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.

 

1971 മെയ്‌ 1 നു ഹൈദരാബാദിലായിരുന്നു അജിത്‌ കുമാറിന്‍റെ ജനനം, സുബ്രഹ്മണ്യം-മോഹിനി ദമ്പതികളുടെ മൂന്നു പുത്രമാരില്‍ രണ്ടാമനായി.

ചെറുപ്പം മുതല്‍ തന്നെ കാര്‍ റേസിങ്, സിനിമ എന്നിവയില്‍ താൽപര്യമുണ്ടായിരുന്ന അജിത്‌ 1990ല്‍ ‘എന്‍ വീട് എന്‍ കണവര്‍’ എന്ന സിനിമയില്‍ വേഷമിട്ടു.

ഒരു സ്കൂള്‍ കുട്ടിയുടെ റോളിലാണ് അജിത്‌ ചിത്രത്തില്‍ എത്തിയത്. അവിടെ നിന്നും തുടങ്ങി അന്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച അജിത്‌ ഇന്ന് തെന്നിന്ത്യയിലെ താരമൂല്യം കൂടിയ അഭിനേതാക്കളില്‍ ഒരാളാണ്. ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാലിനിയുമായി പ്രണയത്തിലാവുന്നത്.

ajith-7591

നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌ ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി.

മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്‍റെ സ്നേഹവും കരുണയും എന്താണ് എന്ന് ശാലിനി മനസിലാക്കി.

1999 ൽ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയ്ക്ക് വിട പറഞ്ഞു. മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി ഇങ്ങനെ പറഞ്ഞു.

 

“അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.”

“സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”

ആളുകള്‍ തന്നെ വീണ്ടും സിനിമയില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണ് എന്നും ‘അനിയത്തിപ്രാവ്’, ‘കളിയൂഞ്ഞാല്‍’, ‘നക്ഷത്രത്താരാട്ട്’, ‘കൈക്കുടന്ന നിലാവ്’, ‘സുന്ദരകില്ലാടി’, ‘പ്രേം പൂജാരി’, ‘നിറം’ എന്നീ ചിത്രങ്ങളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരിയായ ശാലിനി കൂട്ടിച്ചേര്‍ത്തു.

രണ്ടു മക്കളാണ് അജിത്‌, ശാലിനി ദമ്പതിമാര്‍ക്ക് – 2008ല്‍ ജനിച്ച അനൗഷ്കയും, 2015ല്‍ ജനിച്ച ആദ്വിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook