/indian-express-malayalam/media/media_files/uploads/2022/10/enjoy-3.jpg)
Thaikudam Bridge Band accuse Kantara makers of plagiarising Varaha Roopam Song
'വരാഹരൂപം ദൈവ വരിഷ്ഠം' എന്ന ഗാനം തങ്ങളുടെ ഒറിജിനൽ ഗാനമായ 'നവരസ'യുടെ കോപ്പിയടി എന്ന് വിഖ്യാത മ്യൂസിക് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജ്. സൂപ്പർഹിറ്റ് കന്നഡ ചിത്രമായ 'കാന്താര'യിലെ ഏറ്റവും പ്രധാനപ്പെട്ട എലമെന്റ് ആണ് അതിലെ ദൈവക്കോലം കെട്ടുന്നവർക്ക് പിന്നണിയായി വരുന്ന 'വരാഹരൂപം' എന്ന ഗാനം. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത മലയാളത്തിലും മൊഴിമാറ്റാം ചെയ്തു റിലീസ് ചെയ്തിരുന്നു.
'കാന്താര'യുമായി തൈക്കൂടം ബ്രിഡ്ജ് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് ശ്രോതാക്കൾ അറിയണമെന്ന് ആഗ്രഹിക്കുന്നു എന്നും എന്നാൽ ഓഡിയോയുടെ കാര്യത്തിൽ ഞങ്ങളുടെ ഐപി 'നവരസം,' 'വരാഹ രൂപം' എന്നിവ തമ്മിലുള്ള ഒഴിവാക്കാനാവാത്ത സമാനതകൾ കാണാം എന്നും തൈക്കൂടം ബ്രിഡ്ജ് പറഞ്ഞു.
'ഇത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ് എന്ന് കരുതുന്നു. 'പ്രചോദിപ്പി'ക്കപ്പെട്ടതും 'പ്ലജിയറൈസ്ഡും' തമ്മിലുള്ള അതിരുകൾ ഞങ്ങളെ സംബന്ധിച്ച് വ്യതിരിക്തവും തർക്കമില്ലാത്തതുമാണ്, അതിനാൽ ഇതിന്റെ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങൾ നിയമനടപടി തേടും. ഉള്ളടക്കത്തിന് മേലുള്ള ഞങ്ങളുടെ അവകാശങ്ങൾക്ക് യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല, എന്ന് മാത്രമല്ല സിനിമയുടെ ക്രിയേറ്റീവ് ടീം ഈ ഗാനം ഒരു യഥാർത്ഥ സൃഷ്ടിയായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുകന്നു. ഞങ്ങളുടെ സഹ കലാകാരന്മാരോട് സംഗീത പകർപ്പവകാശം സംരക്ഷിച്ചു കൊണ്ട് നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടാനും വിഷയം ഉയർത്താനും ശ്രമിക്കുക,' സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിൽ അവർ പറഞ്ഞു.
ബി അജെനീഷ് ലോക്നാഥ് സംഗീതം സംവിധാനം നിർവ്വഹിച്ച് സായി വിഘ്‌നേശ് ആലപിച്ച 'വരാഹരൂപ'ത്തിനെതിരെ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി തൈക്കൂടം ബ്രിഡ്ജ് നിയമനടപടിയ്ക്കൊരുങ്ങുന്നതായാണ് അറിയുന്നത്. ഇതിനെ തുടർന്ന് അനേകം സംഗീതജ്ഞരും സംഗീത പ്രേമികളും തൈക്കൂടം ബ്രിഡ്ജിനു പിന്തുണയുമായി രംഗത്തെത്തി.
'തൈക്കൂടം ബ്രിഡ്ജിന്റെ 'നവരസം' എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ അറേഞ്ചുമെന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ് 'വരാഹ രൂപം’ എന്ന പാട്ട്. ഒരേ രാഗം ആയ കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്,' ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണൻ പറഞ്ഞു.
യുട്യൂബിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 'നവരസം' വെറും 4.2 ദശലക്ഷത്തിലധികം വ്യൂസ് നേടിയപ്പോൾ, അഞ്ച് ദിവസത്തിനുള്ളിൽ, 'വരാഹ രൂപം' എന്ന ഗാനം 10 ദശലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്. താരതമ്യേന ചെറിയ ബജറ്റിൽ നിർമ്മിച്ച 'കാന്താര' രാജ്യത്തുടനീളമുള്ള ബോക്സോഫീസിലും വൻ ഹിറ്റാണ്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു.
ആരോപണത്തിനോട് 'കാന്താര'യുടെ അണിയറപ്രവർത്തകർ ഇത് വരെ പ്രതികരിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.