scorecardresearch

സൂര്യയ്ക്ക് കേരളത്തിന്‍റെ സമ്മാനം: ‘സൊടക്ക്’ ലോക്കല്‍ സ്വാഗ്

‘ചൂച്ചീസ് ലോക്കല്‍ സ്വാഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍ സൂര്യയുടെ കട്ടഫാനായ സുധിയും സുഹൃത്ത് സിദ്ദാര്‍ത്ഥ് ലാലും ചേര്‍ന്നാണ് ‘സൊടക്കി’ന് ചുവടു വയ്ക്കുന്നത്

sodakku cover featured

സൂര്യ നായകനാകുന്ന പൊങ്കല്‍ റിലീസ് ചിത്രം ‘താനാ സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിലെ ഗാനം ‘സൊടക്ക് മേലെ സൊടക്ക്’ എന്ന ഗാനം കഴിഞ്ഞ രണ്ടു മാസങ്ങളായി സംഗീത ലോകത്ത് തരംഗമാണ്. മണി അമുദവന്‍, വിഗ്നേഷ് ശിവന്‍ എന്നിവരുടെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ‘സൊടക്ക്’ ഗാനം നൃത്ത-ആഘോഷ വേദികളിലെ സ്ഥിരം ഐറ്റമാണിപ്പോള്‍. ആന്റണി ദാസന്‍ ആലപിച്ച ഗാനത്തിന്‍റെ ലിറിക് വീഡിയോ മാത്രമാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ പാട്ടിന്‍റെ ആരാധകര്‍ ഇതിനോടകം തന്നെ അതിന്‍റെ പല പല ഫാന്‍ വേര്‍ഷനുകളും ഇറക്കിക്കഴിഞ്ഞു.

സൂര്യ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റ് കമ്മിറ്റി വകയും ഉണ്ട് അടിപൊളി ഒരു വേര്‍ഷന്‍. ‘ചൂച്ചീസ് ലോക്കല്‍ സ്വാഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍ സൂര്യയുടെ കട്ടഫാനായ സുധിയും  സുഹൃത്ത് സിദ്ദാര്‍ത്ഥ് ലാലും ചേര്‍ന്നാണ് ‘സൊടക്കി’ന് ചുവടു വയ്ക്കുന്നത്.

“തിരുവനന്തപുരം ചെങ്കല്‍ ചൂള കോളനിയിലെ കുറച്ചു കുട്ടികളും ഞങ്ങളുടെ സുഹൃത്തുക്കളും പിന്നെ ഫാന്‍സായ വേറെ കുറച്ചാളുകളുമാണ് വീഡിയോയില്‍ ഉള്ളത്. തലേന്ന് പ്രാക്ടീസ് ചെയ്തു തൊട്ടടുത്ത ദിവസം ഷൂട്ട് ചെയ്തു. സംവിധാനവും നിര്‍മ്മാണവും ക്യാമറയുമെല്ലാം ഞങ്ങളൊക്കെ തന്നെയാണ് ചെയ്തത്,” സൂര്യയുടെ കടുത്ത ആരാധകനായ സുധി പറഞ്ഞു.

“ഒറ്റ ദിവസം കൊണ്ടാണ് ഞങ്ങളിത് ചെയ്തത്. സുധി ഭയങ്കര സൂര്യ ഫാനാണ്. ഒരു നടനാകണം എന്നിട്ട് സൂര്യയെ കാണണം എന്നതാണ് അവന്‍റെ ആഗ്രഹം. എനിക്കും സൂര്യയെ ഇഷ്ടമാണ്. സിനിമയാണ് ഞങ്ങളുടെ രണ്ടാളുടേയും പാഷന്‍. ഞാന്‍ മാര്‍ ഇവാനിയസില്‍ ജേര്‍ണലിസമാണ് പഠിച്ചത്. അതു കൊണ്ട് ക്യാമറയൊക്കെ ചെയ്തത് സുഹൃത്തുക്കള്‍ തന്നെയാണ്. ഞാനും സുധിയും ചേര്‍ന്ന് ഷോര്‍ട് ഫിലിം ഒക്കെ ചെയ്തിട്ടുണ്ട്,” എന്ന് സിദ്ദാര്‍ത്ഥ്.

“ഈ ഗാനം കേട്ടപ്പോള്‍ തന്നെ തോന്നിയിരുന്നു ഇതൊരു ഹിറ്റ്‌ ആകുമെന്ന്. സൂര്യയ്ക്ക് ഞങ്ങളുടെ ട്രിബ്യൂട്ട് ആയി ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഫാന്‍സ്‌ തന്നെ മുന്‍കൈയ്യെടുത്ത് ചെയ്തതാണ് ഈ വീഡിയോ. സുഹൃത്തുക്കളുടെയും ഫാന്‍സിന്‍റെയും സഹകരണത്തോടെയാണ് ഷൂട്ടിങ് ചെയ്തത്. എഡിറ്റിങ്, പോസ്റ്റ്‌ പ്രൊഡക്ഷന്‍ എന്നിവയ്ക്ക് കുറച്ചു സാമ്പത്തിക ചെലവുകള്‍ ഉണ്ടായി. അത് വഹിച്ചതും ഞങ്ങള്‍ തന്നെയാണ്,” സൂര്യ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി വെങ്കിടേഷ് പറയുന്നു.

നിര്‍മ്മാതാവായ രാജശേഖര്‍ പാണ്ട്യനാണ് ഈ വീഡിയോ റിലീസ് ചെയ്തത്.

ഗാനങ്ങള്‍ എത്ര പവര്‍ഫുള്‍ ആണ് എന്ന് നമ്മള്‍ ‘ജിമിക്കി കമ്മലി’ലൂടെ തിരിച്ചറിഞ്ഞതാണെന്നും, ‘സൊടക്കി’നും അങ്ങനെയൊരു സാധ്യതയുള്ളതായി തോന്നുന്നു എന്നും വെങ്കട്ട് കൂട്ടിച്ചേര്‍ത്തു. ‘ജിമിക്കി കമ്മല്‍’ നൃത്തത്തിലൂടെ പ്രശസ്തയായ ഷെറില്‍ കടവനും ‘സൊടക്കി’ന്റെ ലിറിക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഷെറില്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നും വെങ്കിടേഷ് പറഞ്ഞു.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഫാന്‍സും തങ്ങളുടെ ‘സൊടക്ക്’ വീഡിയോകള്‍ ഇറക്കിയിട്ടുണ്ട്. കോട്ടയത്ത്‌ മാന്നാനം കോളേജിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് വീഡിയോ ഉണ്ടാക്കിയതെങ്കില്‍ ആലപ്പുഴയില്‍ നഗരവാസികള്‍ തന്നെയാണ് നൃത്ത വീഡിയോയില്‍ പങ്കു ചേര്‍ന്നത്‌.

കീര്‍ത്തി സുരേഷാണ് ‘താനാ സേര്‍ന്ത കൂട്ട’ത്തിലെ നായിക. സ്റ്റുഡിയോ ഗ്രീന്‍ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 12 ന് റിലീസ് ചെയ്യും. ഇതിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സൂര്യ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു.

Read More: കീർത്തി സുരേഷ് പറഞ്ഞത് സത്യമാണോ എന്നറിയില്ല: സൂര്യ

സിങ്കം 3 ന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രമാണ് ‘താനാ സേർന്താ കൂട്ടം’. ‘നാനും റൗഡി താന്‍’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. രമ്യ കൃഷ്ണൻ, കാർത്തിക് എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താര നിര തന്നെയുണ്ട്‌ ഈ ചിത്രത്തില്‍. അനിരുദ്ധ് ഈണം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആണ്.

കൂടുതല്‍ വായിക്കാം: കൊച്ചിയിലെ കോളേജില്‍ ‘സൊടക്കി’ന് ചുവടു വച്ച് സൂര്യ

അക്ഷയ് കുമാര്‍ നായകനായ ‘സ്പെഷ്യല്‍ 26’ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം എന്ന് കരുതപ്പെടുന്നു. മുംബൈയിലെ ഓപെറ ഹൗസിലുള്ള ത്രിഭുവന്‍ദാസ് ഭീംജി സവേരി എന്ന സ്വര്‍ണ്ണാഭരണക്കടയില്‍ സിബിഐ ഓഫീസര്‍മാര്‍ എന്ന വ്യാജേന എത്തി റെയ്ഡ് നടത്തി കൊള്ളയടിക്കുന്നതാണ് ‘സ്പെഷ്യല്‍ 26’ എന്ന ചിത്രത്തിന്‍റെ പ്രമേയം. തമിഴ് ആസ്വാദകരുടെ ഭാവുകത്വത്തിനനുസൃതമായി കഥയ്ക്ക്‌ മാറ്റം വരുത്തിയതായി സംവിധായകന്‍ വിഘ്നേഷ് ശിവൻ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Thaana serntha koottam surya fans make theri versions of sodakku song