തിരുവനന്തപുരം : പത്തുവഴികള്‍ ഒരു ക്രോസ്റോഡില്‍ ചെന്നുമുട്ടുന്നു. അവര്‍, പത്തു സ്ത്രീകഥാപാത്രങ്ങള്‍ ആ ക്രോസ്റോഡില്‍ കണ്ടുമുട്ടും. മമതാ മോഹന്‍ദാസ്, ഇഷാ തല്‍വാര്‍, പത്മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനൈ, മാനസ, അഞ്ജന ചന്ദ്രന്‍ എന്നിവരാണ് ക്രോസ്റോഡില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

കഥകള്‍ പറയുന്നത് വ്യത്യസ്ത ശൈലികളുള്ള പത്ത് സംവിധായകര്‍. ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പറവൂര്‍, നേമം പുഷ്പരാജ്, ആല്‍ബര്‍ട്ട്, ബാബു തിരുവല്ല, പ്രദീപ്‌ നായര്‍, ആവിറ റബേക്ക, അശോക്‌ ആര്‍ നാഥ്, നായനാ സൂര്യന്‍ എന്നിവരുടെ സംവിധാനത്തിലാണ് ക്രോസ്റോഡ്‌ പിറക്കുന്നത്.

പത്ത് വ്യത്യസ്ത കഥകളും നിര്‍മാണ ശൈലിയും ആവുമ്പോഴും ഒരേ ഫീച്ചറില്‍ കോര്‍ത്തിണക്കികൊണ്ട് ‘ആന്തോളജി’ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രഞ്ജിത്തിന്‍റെ നേത്രുത്വത്തില്‍ പത്ത് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ കേരളാ കഫേ, അന്‍വര്‍ റഷീദ് നിര്‍മിച്ച  അഞ്ചു സുന്ദരികള്‍ എന്നിവയ്ക്ക് ശേഷം ഈ ശ്രേണിയില്‍ വരുന്ന മൂന്നാമത്തെ മലയാള ചലച്ചിത്രമാണ് ‘ക്രോസ്റോഡ്‌’.

ഒരു നിര സംഗീതജ്ഞരും എഡിറ്റര്‍മാരും തന്നെ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്‌. ഓഗസ്റ്റ് പതിനൊന്നിനു ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ