തെലുങ്ക് നടൻ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹ വാർത്ത അറിയിച്ചത്. “ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ചെലവഴിക്കുവാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു” എന്നാണ് വിവാഹ വീഡിയോയ്‌ക്കൊപ്പം താരങ്ങൾ കുറിച്ചത്.
കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ് പവിത്ര.സിനിമ സെറ്റിൽ വച്ചാണ് ഇരുവരുടെയും പ്രണയം പൂവിടുന്നത്. നരേഷിന്റെ നാലാമത്തെയും പവിത്രയുടെ മൂന്നാമത്തെയും വിവാഹമാണ്.
മൂന്നാം ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷ് ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്ന് രേഖ സുപ്രിയയെ വിവാഹം ചെയ്യുകയായിരുന്നു നരേഷ്. മുൻ വിവാഹത്തിൽ നവീൻ വിജയ് കൃഷ്ണ, തേജസ്വനി കൃഷ്ണ എന്നീ മക്കളുണ്ട്. രണ്ടാം വിവാഹവും പരാജയപ്പെട്ടതിനെ തുടർന്നാണ് രമ്യ രഘുപതിയെ വിവാഹം ചെയ്യുന്നത്. രമ്യ പവിത്രയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഹോട്ടൽ മുറിയിലെത്തിയ പവിത്രയെയും നരേഷിനെയും ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന വീഡിയോയാണ് വൈറലായത്.
സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കന്നഡ നടൻ സുചേന്ദ്ര പ്രസാദുമായി ജീവിതം പങ്കിടുകയായിരുന്നു പവിത്ര. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.
2021 മുതലാണ് നരേഷും പവിത്രയും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്. തങ്ങൾ ഉടൻ വിവാഹിതരാകും എന്നു പറഞ്ഞ് ഇരുവരും വീഡിയോയും പങ്കുവച്ചിരുന്നു.