പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനുമൊക്കെയുള്ള ആഗ്രഹങ്ങളുമായി ലൊക്കേഷനുകളിലും താരങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികളിലും തടിച്ചുകൂടുന്ന ആരാധകരുടെ കഥകൾ നാം മുൻപും കേട്ടിട്ടുണ്ട്. അതിനായി എത്ര ദൂരം യാത്ര ചെയ്യാനും, എത്ര മണിക്കൂർ കാത്തിരിക്കാനും മടിയില്ലാത്ത ആരാധകർ. തെലുങ്ക് സിനിമകളിലെ ശ്രദ്ധേയ വ്യക്തിത്വമായ മഹേഷ് ബാബുവിനെ തേടിയും കഴിഞ്ഞ ദിവസം ഒരു ആരാധികയെത്തി.

യൂത്തിന്റെ പ്രിയപ്പെട്ട താരമായ മഹേഷ് ബാബുവിനെ ഇത്തവണ തേടിയെത്തിയത് പക്ഷേ അൽപ്പം പ്രത്യേകതകൾ ഉള്ളൊരു ആരാധികയാണ്. 106 വയസ്സുകാരിയായ സത്യവതി എന്ന മുത്തശ്ശി. പ്രിയപ്പെട്ട താരത്തിനെ നേരിൽ കണ്ട് ഒരു സെൽഫിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തശ്ശിയെത്തിയത്.

പ്രിയ താരത്തെ നേരിൽ കണ്ടപ്പോഴാകട്ടെ മുത്തശ്ശിയ്ക്ക് സന്തോഷം അടക്കാനായില്ല. താരത്തിന്റെ കൈകളിൽ പലകുറി ഉമ്മ വെച്ചും തൊട്ടും തലോടിയും കൈപ്പിടിച്ച് സംസാരിച്ചും ഒപ്പം നിന്നു ഫോട്ടോ എടുത്തുമൊക്കെയാണ് സത്യവതി മുത്തശ്ശി മടങ്ങിയത്. കൂടിക്കാഴ്ചയ്ക്കിടെ പലതവണ സന്തോഷത്താൽ സത്യവതി മുത്തശ്ശിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

തന്റെ ഏറ്റവും പ്രായംകൂടിയ ആരാധികയായ സത്യവതി മുത്തശ്ശിയെ നേരിൽ കണ്ട സന്തോഷം മഹേഷ് ബാബു തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മനോഹരവും ഹൃദയസ്പർശിയുമായ ആ നിമിഷങ്ങളുടെ ഒരു വീഡിയോയും താരം തന്റെ ഔദ്യോഗിക യൂട്യൂബ് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

“കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്നേഹം തന്നെ വിസ്മയിപ്പിക്കുന്നു. തലമുറകൾക്കു അപ്പുറത്തുനിന്നും അത്തരമൊരു സ്നേഹം എന്നെ തേടിയെത്തിയപ്പോൾ ഏറെ സന്തോഷം തോന്നി, 106 വയസ്സുകാരി സത്യവതി എന്ന മുത്തശ്ശി എന്നെ കാണാനായി രാജമുൻട്രിയിൽ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിയപ്പോൾ അതെന്റെ ഹൃദയത്തിന്റെ എല്ലാ കോണുകളെയും സ്പർശിക്കുന്ന അനുഭവമാവുകയായിരുന്നു. അവർക്ക് സന്തോഷം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, എന്നാൽ അവർ അനുഭവിക്കുന്നതിലുമേറെ സന്തോഷം ഞാൻ അനുഭവിക്കുന്നു, ദൈവം അവരെ അനുഗ്രഹിക്കട്ടെ,” എന്നാണ് സത്യവതി മുത്തശ്ശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഹേഷ് ബാബു കുറിച്ചത്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘മഹർഷി’യുടെ ലൊക്കേഷനിൽ എത്തിയാണ് സത്യവതി ഗാരു മുത്തശ്ശി താരത്തെ നേരിൽ കണ്ടത്. ‘ഭരത് അനെ നേനു’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷ് ബാബു നായകനാകുന്ന ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് ‘മഹര്‍ഷി. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. പൂജ ഹെഗ്‌ഡെയാണ് നായിക. പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്, വൈജയന്തി മൂവീസ്, പിവിപി സിനിമ എന്നിവയുടെ ബാനറിൽ ദിൽ രാജു, അശ്വനി ദത്ത്, പിവിപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ