Teachers Day 2018: സിനിമയിൽ എക്കാലത്തും ആഘോഷിക്കപ്പെടുന്ന അധ്യാപികമാരെല്ലാം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആൾരൂപങ്ങളാണ്. അമ്മയെ പോലെ വാത്സല്യം ചൊരിയുന്നവർ, കുട്ടികളുടെ ജീവിതത്തിന് ദിശാബോധം നൽകിയവർ.

സാമ്പ്രദായിക രീതികൾക്ക് അപ്പുറത്തേക്ക് വളർന്ന വേറിട്ട ചില അധ്യാപിക കഥാപാത്രങ്ങളും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഇഷ്ടത്തിനൊപ്പം ‘മനസ്സും കവർന്ന’ ടീച്ചർമാർ. അധ്യാപകർ വിദ്യാർത്ഥിനികളെ സ്നേഹിക്കുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരിക്കലും ഈ ‘വേറിട്ട’ അധ്യാപികമാർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

മലയാള സിനിമയിലെ സങ്കീർണ്ണമായ ഏതാനും ടീച്ചർ കഥാപാത്രങ്ങളെ ഓർക്കാം ഈ ‘അധ്യാപകദിന’ത്തിൽ.

ശിഷ്യനെ പ്രണയിച്ച ഇന്ദു ടീച്ചർ

വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ‘ഭരതൻ’ എന്ന പ്രതിഭാധനനായ സംവിധായകന്റെ ‘ചാമരം’ എന്ന സിനിമയിലാണ് നമ്മൾ ഇന്ദു ടീച്ചറെ കണ്ടത്. അധ്യാപികയെ പ്രണയിക്കുന്ന ശിഷ്യന്റെ കഥ പറഞ്ഞ ചിത്രം ആസ്വാദകരിൽ പലരെയും അസ്വസ്ഥരാക്കി.

നഗരത്തിലെ കോളേജിൽ അധ്യാപികയായി എത്തുന്ന സുന്ദരിയായ ഇന്ദു ടീച്ചറോട് (സറീന വഹാബ്) ക്യാമ്പസിലെ താരമായ വിനോദ് (പ്രതാപ് പോത്തൻ) എന്ന വിദ്യാർത്ഥിക്ക് പ്രണയം തോന്നുന്നു. തന്നോട് ഇഷ്ടം തുറന്നു പറയുന്ന വിദ്യാർത്ഥിയെ, തന്റെ വിവാഹം മുറച്ചെറുക്കനുമായി മുൻപേ തീരുമാനിച്ചതാണെന്ന് പറഞ്ഞ് ഇന്ദു ടീച്ചർ നിരുത്സാഹപ്പെടുത്തുന്നു.

 

പക്ഷേ, പിന്നീട് അങ്ങോട്ട് ഇന്ദു ടീച്ചറുടെ ജീവിതത്തിൽ ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെ നടത്തുകയായിരുന്നു വിധി. ഇന്ദു ടീച്ചറുടെ പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങുകയും, മുറച്ചെറുക്കൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ടീച്ചറുടെ ഏകാന്തതയിലും വേദനയിലും ആശ്വാസമായെത്തുന്ന വിനോദ് എന്ന വിദ്യാർത്ഥിയിലേക്ക് തന്നെ ഇന്ദു ടീച്ചർ മടങ്ങുന്നു. സമൂഹത്തിന്റെ ചട്ടക്കൂടുകളെല്ലാം തകർത്ത് അവർ പ്രണയത്തിലാവുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഘട്ടനത്തിൽ വിനോദ് മരിക്കുന്നു. ഇന്ദു ടീച്ചർ വീണ്ടും തനിച്ചാകുന്നു.

സെറീന വഹാബും പ്രതാപ് പോത്തനും അനശ്വരമാക്കിയ ‘ചാമര’മെന്ന ചിത്രം 1980 ലാണ് തിയേറ്ററുകളിലെത്തിയത്. വിദ്യാർത്ഥിയും കോളേജ് ലക്ചററും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറഞ്ഞ ‘ചാമരം’ അന്നേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ശിഷ്യനെ സ്നേഹിച്ച ദുരന്തപുത്രിയായ ഇന്ദു ടീച്ചർ അന്നത്ര സ്വീകാര്യയായിരുന്നില്ല പ്രേക്ഷകർക്ക്.

തെറ്റിദ്ധരിക്കപ്പെട്ട ആലീസ് ടീച്ചർ

Teachers Day 2018: ‘കൂടെവിടെ’യിൽ സുഹാസിനി അവതരിപ്പിക്കുന്ന ആലീസ് ടീച്ചറും ഏറെ സങ്കീർണമായൊരു കഥാപാത്രമായിരുന്നു. റഹ്മാൻ അവതരിപ്പിച്ച രവി പൂത്തൂരാൻ എന്ന കുട്ടിയോട് കാണിച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പേരിൽ ജീവിതകാലം മുഴുവൻ വേദന തിന്നേണ്ടി വന്ന ഒരു അധ്യാപിക.

അതിമനോഹരമായൊരു ഗുരു-ശിഷ്യ ബന്ധത്തിന്റെ കഥയാണ് കൂടെവിടെ പറഞ്ഞത്. പക്ഷേ ആലീസ് ടീച്ചർക്ക് തന്റെ ശിഷ്യൻ രവിയുമായുള്ള ആഴമേറിയ ബന്ധത്തെ തെറ്റിദ്ധരിക്കുന്ന ആലീസിന്റെ കാമുകനായ ക്യാപ്റ്റൻ തോമസ് ആണ് കഥയിൽ വില്ലനാകുന്നത്. മമ്മൂട്ടിയായിരുന്നു ക്യാപ്റ്റൻ തോമസിന്റെ വേഷത്തിലെത്തിയത്. രവി പുത്തൂരാൻ എന്ന വിദ്യാർത്ഥിയോട് ക്യാപ്റ്റന് തോന്നുന്ന അസൂയ ഒടുവിൽ ആ വിദ്യാർത്ഥിയുടെ തന്നെ ജീവനെടുക്കുകയാണ് സിനിമയിൽ. ദുരന്തപര്യവസാനമാണ് ഈ ചിത്രത്തിന്റേതും.

 

‘മൂങ്കില്‍ പൂക്കള്‍’ എന്ന വാസന്തിയുടെ കഥയെ ആസ്പദമാക്കി പി.പദ്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കൂടെവിടെ’.  മലയാള സിനിമയിലെ എണ്ണം പറഞ്ഞ, വേറിട്ട സ്ത്രീ കഥാപാത്രങ്ങള്‍ അഭിനയിച്ചു അനശ്വരമാക്കിയ സുഹാസിനിയുടെ മലയാള സിനിമയിലേക്കുള്ള ആദ്യ കാല്‍വയ്പ്പും കൂടിയായിരുന്നു ഈ ചിത്രം.  റഹ്മാന്‍ എന്ന നടന്‍ സിനിമയില്‍ എത്തിയതും ‘കൂടെവിടെ’യിലൂടെ തന്നെ.

സാക്ഷാത്കരിക്കാതെ പോയ ‘മലർ’ സ്നേഹം

ശിഷ്യരെ പ്രണയിച്ച അധ്യാപികമാരുടെ പട്ടികയിൽ, സമൂഹം അൽപ്പമെങ്കിലും മുൻധാരണകളും ഇൻഹിബിഷനുകളും മാറ്റിവച്ച് സ്നേഹിച്ചത് സായി പല്ലവിയുടെ മലർ മിസ്സ് എന്ന കഥാപാത്രത്തെയാണെന്ന് പറയാം. ഇന്ദു ടീച്ചർക്ക് ലഭിക്കാത്ത സ്വീകാര്യത ‘പ്രേമ’ത്തിലെ മലർ എന്ന അധ്യാപിക നേടി.

തന്നെ പ്രണയിക്കുന്ന ജോർജ് എന്ന വിദ്യാർത്ഥിയെ ഒടുവിൽ മലർമിസ്സും തിരിച്ചു പ്രണയിച്ചു തുടങ്ങിയെങ്കിലും ആ പ്രണയവും നഷ്ടസ്വപ്നങ്ങളുടെ കഥയാണ് പറഞ്ഞത്. ജോർജിന്റെ മനസ്സിലെ വേദന നിറഞ്ഞൊരു ഓർമ മാത്രമായി തീരുകയായിരുന്നു, ‘മലർപ്രണയം’.

 

സ്നേഹത്തിന്റെ മുഖം, അച്ചടക്കത്തിന്റെയും

1986ല്‍ പുറത്തിറങ്ങിയ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ഓര്‍ക്കപ്പെടുന്നത്, രേഖപ്പെടുത്തപ്പെട്ടത് ഒരുപക്ഷേ പരോക്ഷമായെങ്കിലും ചിത്രം കൈകാര്യം ചെയ്ത സ്വവര്‍ഗാനുരാഗം എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കപ്പുറത്ത് ശക്തയായ മറ്റൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു ചിത്രത്തില്‍. ഉര്‍വ്വശി അവതരിപ്പിച്ച അധ്യാപികയുടെ വേഷം.

നിമ്മി, സാലി എന്നീ ടീനേജുകാരുടെ കുസൃതികളെല്ലാം കൈയ്യോടെ പിടിക്കുന്ന, ചെറുതെങ്കിലും അവരെ അലോസരപ്പെടുത്തുന്ന ശിക്ഷകള്‍ വിധിക്കുന്ന കര്‍ക്കശക്കരിയായ ദേവിക ടീച്ചര്‍. ജീവിതത്തോട് പുറം തിരിഞ്ഞു നിന്ന് ഗുസ്തി പിടിക്കുന്ന നിമ്മിയും സാലിയും സ്വാഭാവികമായും ടീച്ചറെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു. ജീവിതത്തില്‍ നിന്നും സ്കൂളില്‍ നിന്നും അവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുന്നത്‌ ടീച്ചറോടുള്ള പക തീര്‍ക്കാനും കൂടിയാണ്. ടീച്ചറെ വിവാഹം കഴിക്കാനിരിക്കുന്ന ഹരിശങ്കര്‍ ഈ പെണ്‍കുട്ടികളെ അന്വേഷിച്ചിറങ്ങുകയും കണ്ടു പിടിക്കുകയും ചെയ്യുന്നു. പക്ഷേ അതിനോടകം നിമ്മി അയാളുമായി പ്രണയത്തിലാകുന്നു. അവളുടെ പ്രണയഭംഗവും തിരിച്ചു പോക്കിനെച്ചൊല്ലി നിമ്മിയും സാലിയും തമ്മില്‍ നടക്കുന്ന വഴക്കുകളും എല്ലാം ചേര്‍ന്ന് അവരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഇതിനെല്ലാം നടുവില്‍, ശരി-തെറ്റുകളുടെ ജീവിത പാഠം പഠിപ്പിക്കാനും, നേര്‍വഴിയ്ക്ക് നയിക്കാനും ശ്രമിച്ച് പരാജയപ്പെട്ടു പോയ ദേവിക ടീച്ചര്‍.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook