മുബൈ: തെലുങ്ക് സംവിധായകന്‍ രാഘവേന്ദ്ര റാവുവിനേക്കുറിച്ച് നടത്തിയ പരമാര്‍ശങ്ങൾ തിരുത്തി നടി തപ്‌സി രംഗത്ത്. തപ്‌സിയെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധയകനേക്കുറിച്ചുള്ള പരാമാര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയ്ക്ക് എരിവ് പകരാന്‍ നടികളുടെ നാഭിക്ക് നേരെ പൂക്കളും പഴങ്ങളുമെറിയുന്ന സംവിധായകരേക്കുറിച്ച് സംസാരിക്കവേയായിരുന്നു തപ്‌സി രാഘവേന്ദ്ര റാവുവിനെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ചത്. തന്റെ പരാമര്‍ശങ്ങള്‍ പലരേയും വേദനിപ്പിച്ചുവെന്ന് വ്യക്തമായി. അതില്‍ താന്‍ മാപ്പ് ചോദിക്കുന്നവെന്നും താരം വ്യക്തമാക്കി.

തന്നെ സിനിമയിലെത്തിച്ച സംവിധായകനെ അപമാനിച്ച തപ്‌സി സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ‘ജുമ്മണ്ടി നാദം’ എന്ന ചിത്രത്തിലൂടെയാണ് തപ്‌സി ടോളിവുഡിലെത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗം സംവിധായകൻ രാഘവേന്ദ്ര ചിത്രീകരിച്ചതിനെക്കുറിച്ച് തപ്‌സി പറഞ്ഞ വാക്കുകൾ ആണ് വിവാദത്തിന് തിരികൊളുത്തിയത്. ഈസ്റ്റ് ഇന്ത്യ കോമഡിയുടെ പരിപാടിക്കിടെയാണ് തപ്‌സി സംവിധായകനെ കളിയാക്കി സംസാരിച്ചത്.

സൗത്ത് ഇന്ത്യയിലെ പ്രേക്ഷകർ എങ്ങനെയാണ് തപ്‌സിയെ വിലയിരുത്തുന്നതെന്നു പരിപാടിയിൽ ചോദിച്ചു. ”എനിക്ക് ഗ്ലാമർ വേഷങ്ങൾ മാത്രമേ ചെയ്യാൻ അറിയൂവെന്നാണ് സൗത്ത് ഇന്ത്യൻ പ്രേക്ഷകർ കരുതുന്നത്. പിങ്ക്, നാം ശബ്ന തുടങ്ങിയ ചിത്രങ്ങൾ കണ്ടപ്പോഴാണ് എനിക്ക് അഭിനയിക്കാനും അറിയാം എന്നു അവർ പറഞ്ഞു തുടങ്ങിയത്”.

സൗത്ത് ഇന്ത്യൻ സംവിധായകർ എന്തുകൊണ്ടാണ് നായികമാരുടെ പൊക്കിൾ പല പാട്ടുകളിലും കാണിക്കുന്നതെന്നും തപ്‌സിയോട് ചോദിച്ചു. ”സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന ആദ്യ കാലത്ത് എന്റെ പൊക്കിൾ പാട്ടുകളിൽ കാണിച്ചിട്ടുണ്ട്. തെലുങ്കിലെ എന്റെ ആദ്യ ചിത്രമായ ജുമ്മണ്ടി നാദത്തിൽ ഷൂട്ട് ചെയ്തത് ഒരു ഗാനരംഗമായിരുന്നു. അതിൽ തേങ്ങ എന്റെ വയറിലേക്ക് എറിയുന്ന രംഗമുണ്ട്. ശ്രീദേവി, ജയസുധ പോലുളള നടിമാരെ തെലുങ്കിൽ അരങ്ങേറ്റം കുറിപ്പിച്ച സംവിധായകന്റെ ചിത്രമായിരുന്നു അത്. അദ്ദേഹത്തിന്റെ 105-ാമത് ചിത്രവും. ശ്രീദേവി ഉൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ച നടിമാരുടെ പാട്ടുകൾ ഞാൻ കണ്ടിരുന്നു. എന്നാൽ അതിലെല്ലാം പൂക്കളോ പഴങ്ങളോ ആയിരിക്കും പൊക്കിളിൽ എറിയുക. എന്നാൽ എന്റെ നേരെ തേങ്ങയാണ് എറിഞ്ഞത്. എന്റെ പൊക്കിളിൽ ഒരു തേങ്ങ വന്നിടിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകരിൽ എന്ത് വികാരമാണ് ഉണരുക എന്നറിയില്ല”-തപ്സി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook