തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സിനിമ ഒരു കരിയറായി പോലും കണ്ടിരുന്നില്ലെന്ന് തപ്‌സി പന്നു. തമിഴിലും തെലുങ്കിലും ബോളിവുഡിലും തന്റേതായ സാന്നിധ്യം അറിയിച്ച താരമാണിന്ന് തപ്‌സി. എന്നാല്‍ ഇതൊന്നും താന്‍ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്ന് തപ്‌സി പറയുന്നു.
”ബോളിവുഡ് എന്റെ പ്ലാനില്‍ ഉണ്ടായിരുന്നതു പോലുമില്ല. ഞാന്‍ ആദ്യ സിനിമ ചെയ്തത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കൊണ്ട് മാത്രമാണ്. എന്റെ ആദ്യ തെലുങ്ക് ചിത്രമായ ജുമ്മാന്ദി നാദമും തമിഴ് ചിത്രമായ ആടുകളവും ഞാന്‍ ഒരേ സമയമായിരുന്നു ചെയ്തിരുന്നത്. രണ്ട് റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രതികരണം എന്നെ കൊണ്ട് ചിന്തിപ്പിച്ചു.” തപ്‌സി പറയുന്നു.
ഒരു രസത്തിന് മാത്രമായി ചെയ്തപ്പോള്‍ ഇത്ര നല്ല അഭിപ്രായം ലഭിക്കുകയാണെങ്കില്‍ പിന്നെ എന്തുകൊണ്ട് സിനിമ കരിയറായി തിരഞ്ഞെടുത്തു കൂടെന്ന് താന്‍ ചിന്തിച്ചെന്നും അങ്ങനെയാണ് സിനിമയില്‍ സജീവമാകുന്നതെന്നും താരം പറഞ്ഞു.
തെന്നിന്ത്യയില്‍ നേരത്തെ തന്നെ തന്റെ സാന്നിധ്യമറിയിച്ച തപ്‌സി ബോളിവുഡില്‍ ശ്രദ്ധേയയാകുന്നത് അക്ഷയ്കുമാര്‍ നായകനായ ബേബിയിലൂടെയാണ്. പിന്നിട് 2016 ല്‍ പിങ്കിലൂടെ നായികയായി മാറിയ തപ്‌സി താരമെന്ന നിലയിലും അഭിനേത്രി എന്ന നിലയും തന്നെ അടയാളപ്പെടുത്തുകയായിരുന്നു. അഭിഷേക് ബച്ചന്‍ നായകനാകുന്ന മന്‍മര്‍സിയയാണ് തപ്‌സിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
അതേസമയം, വലിയ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രത്തില്‍ അഭിനയിക്കാനും തപ്‌സിയ്ക്ക് മടിയില്ല. ചെറിയ റോളാണെങ്കിലും തന്നെ അടയാളപ്പെടുത്താന്‍ കഴിയണമെന്നാണ് തപ്‌സിയുടെ പക്ഷം.” വലിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് എല്ലാവര്‍ക്കും ഉപകരിക്കും. ബേബിയില്‍ വെറും പത്ത് മിനുറ്റുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. പലരും റിജക്ട് ചെയ്ത റോളായിരുന്നു അത്. പക്ഷെ അത് ചെയ്തതു കൊണ്ട് മാത്രമാണ് നാം ഷബാനയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കാന്‍ സാധിച്ചത്. ലഭിക്കുന്ന സ്‌ക്രീന്‍ സ്‌പെയ്‌സില്‍ നിങ്ങളെങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്നതിലാണ് കാര്യം.” തപ്‌സി വ്യക്തമാക്കുന്നു.
”ഞാന്‍ സുരക്ഷിതത്വമാണ് നോക്കിയിരുന്നതെങ്കില്‍ ഈ കരിയറിലോ ഇവിടെയോ എത്തില്ലായിരുന്നു. മത്സരിക്കാന്‍ തയ്യാറാകണം. ഓരോ നിമിഷവും നമ്മളെ അടയാളപ്പെടുത്താന്‍ ശ്രമിക്കണം,” തപ്‌സി കൂട്ടിച്ചേര്‍ക്കുന്നു.