സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തന്‍വി റാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തൻവിയുടെ അടുത്ത ചിത്രം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 ft’ ആണ്. അഖിൽ പി ധർമജൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

Read More: ഉദയനാണ് താരത്തില്‍ സലിംകുമാര്‍ ഇരുന്ന പോലെ; ‘അമ്പിളി’ കണ്ട അനുഭവം പങ്കുവച്ച് തന്‍വി

കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ആണ്. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം എന്നു ടൊവിനോയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് തൻവി പറഞ്ഞു.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷരുടെ ഹൃദയം കവര്‍ന്ന നായികയാണ് തന്‍വി റാം. പഠിച്ചത് ബിസിനസ് മാനേജ്‌മെന്റാണെങ്കിലും, ഏഴ് വര്‍ഷത്തോളം ബാങ്കിങ് മേഖലയില്‍ ജോലി ചെയ്‌തെങ്കിലും ചെറുപ്പം മുതലേ തന്‍വിയുടെ ആഗ്രഹം സിനിമ തന്നെയായിരുന്നു. നൃത്തം, മോഡലിങ്, മിസ് കേരള മത്സരത്തിലെ അവസാന ഘട്ടം വരെ എത്തിയതെല്ലാം സിനിമയിലേക്കുള്ള വഴികളായിരുന്നു.

ഏറെ സുരക്ഷിതമായൊരു ജോലി കളഞ്ഞ് നിരവധി അസ്ഥിരതകളുള്ള ഒരു മേഖല തിരഞ്ഞെടുത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണെന്ന് നേരത്തേ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തൻവി പറഞ്ഞിരുന്നു.

‘ഇത്രയും വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തിരിച്ചു ചെന്നാലും എനിക്ക് ജോലി കിട്ടും. പക്ഷെ സിനിമയില്‍ ഇത്രയും നല്ലൊരു ടീമിന്റെ കൂടെ ഒരു അവസരം എപ്പോഴും കിട്ടണമെന്നില്ല. അതുകൊണ്ടാണ് ഭാവിയെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാതെ ഇതങ്ങ് തിരഞ്ഞെടുത്തത്. ഒരു സിനിമയാണെങ്കിലും നല്ലത് ചെയ്യണം എന്നാണ് ആഗ്രഹം,’ തന്‍വി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook