#MeToo: തനുശ്രീ ദത്ത നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാനാ പടേക്കറിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെങ്കിലും, കുറ്റകൃത്യം നടന്നത് 2008ല്‍ ആയതിനാല്‍ നാനാ പടേക്കറിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ക്രിമിനല്‍ നിയമ ഭേദഗതികള്‍ നടന്നത് 2013ലായതിനാല്‍ ഇതിന്റെ ആനുകൂല്യം നാനാ പടേക്കറിന് ലഭിച്ചേക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നിയമവൃത്തങ്ങളില്‍ ഉയരുന്നത്.

നിലവില്‍ ഐപിസി 354, 509 എന്നീ സെക്ഷനുകള്‍ പ്രകാരമാണ് ഒഷിവാരാ പൊലീസ്, നാനാ പടേക്കര്‍, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മ്മാതാവ് സമീ സിദ്ദീഖി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ രണ്ടു വകുപ്പുകളും ജാമ്യം കിട്ടാവുന്നവയാണ്.

മുമ്പ് 2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് രൂപീകരിച്ച ജസ്റ്റിസ് വർമ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് 2013ല്‍ ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തത്. ഇതുപ്രകാരം നിയമങ്ങള്‍ കര്‍ശനമാക്കുകയും ജാമ്യം ലഭിക്കാത്ത തരത്തിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് 2008ല്‍ ആയതിനാല്‍ ഇത് ബാധകമാകില്ല എന്നാണ് പറയുന്നത്.

അതേസമയം, നാനാ പടേക്കറിനും മറ്റു മൂന്നുപേര്‍ക്കുമെതിരെ താന്‍ നല്‍കിയ പരാതി വേണ്ടും വിധമല്ല പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് തനുശ്രീ ദത്ത ആരോപിച്ചു. താന്‍ 2008ല്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു, എന്നാല്‍ സ്വീകരിച്ചില്ലെന്നാണ് തനുശ്രീ ദത്ത പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook