തന്റെ വാക്കുകള്‍ ഇന്ത്യയിലെ ‘മി ടൂ’ മൂവ്മെന്റിന് തുടക്കം കുറിക്കുമെങ്കില്‍ എന്റെ വേദനയും സഹനവും വെറുതെയാകുമായിരുന്നില്ല എന്ന് മുന്‍ മിസ്സ്‌ ഇന്ത്യയും ബോളിവുഡ് താരവുമായ തനുശ്രീ ദത്ത ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

ഇപ്പോള്‍ അമേരിക്കയില്‍ താമസമായ തനുശ്രീ, ഇപ്പോള്‍ ഇന്ത്യയിലുള്ള തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സിനിമാ ഷൂട്ടിങ്ങിനിടയില്‍ നടന്‍ നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വിവരം തനുശ്രീ തുറന്നു പറഞ്ഞത് ഈയടുത്ത് നല്‍കിയ അഭിമുഖങ്ങളിലൊന്നിലാണ്.

“പത്തു വര്‍ഷമായി ഞാന്‍ സിനിമാ ഇൻഡസ്ട്രി വിട്ടിട്ട്. ഈ തുറന്നു പറച്ചിലില്‍ എനിക്ക് നേടാനോ നഷ്ടപ്പെടാനോ ഒന്നുമില്ല. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ മറ്റു സ്ത്രീകള്‍ക്ക് ഈ ഉദ്യമം  ധൈര്യം പകരണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്”, തനുശ്രീ പറഞ്ഞു.

“ഞാന്‍ കൊള്ളയടിക്കപ്പെട്ടു എന്നൊരാള്‍ പറയുമ്പോള്‍ ആരും അതിനെ സംശയത്തോടെ വീക്ഷിക്കുന്നില്ല. പക്ഷേ ലൈംഗികമായി അതിക്രമിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറയുമ്പോള്‍, ആ ചര്‍ച്ച തുടങ്ങും മുന്‍പ് തന്നെ അവളുടെ ‘സ്വഭാവം’ പരിശോധിക്കപ്പെടുന്നു, അവള്‍ വ്യക്തിഹത്യ ചെയ്യപ്പെടുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

Tanushree Dutta: Goal is to point out misogyny in industry

2009ല്‍ ‘ഹോണ്‍ ഓക്കേ പ്ലീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവമുണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തി.

“അതൊരു ‘ബുള്ളിയിങ് ടാക്ട്ടിക്’ ആയിരുന്നു, നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി. നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയെക്കൊണ്ട് നൃത്തച്ചുവടുകള്‍ മാറ്റി ചെയ്യിച്ചു.  കൂടുതല്‍ അടുത്തിടപഴകുന്ന തരം ‘സ്റെപ്സ്‌’ ചേര്‍ത്തു. ഞാന്‍ ഷൂട്ടിങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുണ്ടകളെ വിളിച്ചു വരുത്തി എന്റെ വാനിറ്റി വാനില്‍ വച്ച് എന്നെ ‘ഹരാസ്’ ചെയ്തു. എന്റെ അച്ഛനും അമ്മയും വരുന്നതിനു മുന്പായിരുന്നു അത്. അവര്‍ ലൊക്കേഷനില്‍ എത്തിയതിന് ശേഷം, ഗുണ്ടകള്‍ ഞങ്ങളുടെ കാറിനെ ആക്രമിക്കുകയും ചെയ്തു”, തനുശ്രീ ദത്ത ആരോപിച്ചു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമീ സിദ്ദിക്കി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് ഈ വിഷയം അറിയാമായിരുന്നുവെങ്കിലും അവര്‍ നാനാ പടേക്കറുടെ പക്ഷം ചേരുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പ്രതികരിക്കാനായി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ നാനാ പടേക്കറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം ‘അണ്‍അവൈലബിള്‍’ ആയിരുന്നു. എന്നാല്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നാനാ പടേക്കര്‍, ഗണേഷ് ആചാര്യ, രാകേഷ് സാരംഗ് എന്നിവര്‍ തനുശ്രീ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുകയാണുണ്ടായത്.

സിനിമാ-ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ സിനെ ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് താന്‍ പരാതി നല്‍കിയിരുന്നു എന്നും അതിനു ഫലമുണ്ടായില്ല എന്നും തനുശ്രീ ദത്ത പറഞ്ഞു.

“സിനിമാ സെറ്റിലേക്കുള്ള മടങ്ങിപ്പോക്ക് വല്ലാത്ത ഭയമുളവാക്കി. അതുകൊണ്ട് അഭിനയം തന്നെ നിര്‍ത്തുകയായിരുന്നു ഞാന്‍”, തനുശ്രീ വ്യക്തമാക്കി.

സംഭവം നടന്ന ഉടന്‍ തന്നെ താന്‍ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു, പക്ഷേ നിര്‍മ്മാതാക്കള്‍ കൗണ്ടര്‍ എഫ്ഐആര്‍ നല്‍കുകയും അത് തന്റെ കുടുംബത്തെ ഉപദ്രവിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു എന്നും തനുശ്രീ ആരോപിച്ചു.

Read in English: Tanushree Dutta: Goal is to point out misogyny in industry

“എന്റെ കൈയ്യില്‍ എല്ലാത്തിന്റെയും ഡോക്യുമെന്റേഷന്‍ ഉണ്ട്, അത് നിങ്ങളുമായി പങ്കുവയ്ക്കാനും സാധിക്കും. പക്ഷേ അത് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ നിന്നും വ്യതിചലിക്കും. എന്റെ കൈയ്യില്‍ എല്ലാ തെളിവുകളും ഉണ്ടാകും, എന്നാല്‍ നാളെ മറ്റൊരു അഭിനേതാവ് താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നു പറയുമ്പോള്‍, തെളിവുകള്‍ ഇല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ആ വാക്കുകള്‍ നമ്മള്‍ തള്ളിക്കളയുമോ?”, തനുശ്രീ ചോദിച്ചു.

“എന്റെ പോരാട്ടം നാനാ പടേക്കറിന് എതിരായല്ല – ഈ ഉദ്യമത്തിലൂടെ എനിക്ക് നീതി ലഭിക്കുമെങ്കില്‍ സന്തോഷം – എന്റെ അടിസ്ഥാന ഉദ്ദേശ്യം എന്ന് പറയുന്നത് സിനിമയിലെ ഹിപ്പോക്രസിയേയും മിസോജിനിയേയും എടുത്തു കാട്ടുക എന്നതാണ്”, തനുശ്രീ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook