scorecardresearch
Latest News

മീറ്റു വിവാദം: തനുശ്രീ ദത്തയ്‌ക്കൊപ്പം അണിനിരന്ന് ബോളിവുഡ്

മീറ്റു വിവാദത്തിൽ തനുശ്രീ ദത്തയ്ക്ക് പിൻതുണയും പ്രതികരണങ്ങളുമായി സോനം കപൂർ, അനുരാഗ് കശ്യപ്, പ്രിയങ്ക ചൊപ്ര, പരിണിതി ചൊപ്ര, ഫർഹാൻ ഖാൻ, ട്വിങ്കിൾ ഖന്ന, സിദ്ധാർത്ഥ് തുടങ്ങിയവർ രംഗത്ത്

മീറ്റു വിവാദം: തനുശ്രീ ദത്തയ്‌ക്കൊപ്പം അണിനിരന്ന് ബോളിവുഡ്

പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ ഷൂട്ടിങ്ങിനിടയില്‍ നടന്‍ നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ബോളിവുഡിലെ പുതിയ വിവാദ വാർത്ത. ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇത്തരമൊരു ദുരനുഭവം എന്ന് തനുശ്രീ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ #മീ റ്റൂ മൂവ്മെന്റ് എന്നാണ് സോഷ്യൽ മീഡിയ ഈ തുറന്നു പറച്ചിലിനെ വിശേഷിപ്പിക്കുന്നത്. ഈ വിഷയത്തോട് പ്രതികരിച്ച് നിരവധി സെലിബ്രിറ്റികളാണ് ഇപ്പോൾ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്.

സോനം കപൂറാണ് തനുശ്രീയ്ക്ക് പിന്തുണയുമായി മുന്നോട്ടുവന്ന ബോളിവുഡ് നടികളിൽ ഒരാൾ. “ഞാൻ തനുശ്രീ ദത്തയെ വിശ്വസിക്കുന്നു. ജാനിസ് എന്റെ സുഹൃത്താണ്. പക്ഷേ അവൾ എല്ലാം പെരുപ്പിച്ചു പറയുന്ന ആളാണ്. എന്റെ സഹപ്രവർത്തകരിൽ പലരും സ്ത്രീകളും പുരുഷന്മാരും പല തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരായിട്ടുണ്ട്, പലരും അവരുടെ അനുഭവമാണ് തുറന്നു പറയുന്നത്. നമ്മൾ അവരുടെ തുറന്നു പറച്ചിലുകളെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്താൽ, പിന്നെ എങ്ങനെയാണ് ഇരകളായവർ അതിജീവിക്കുക? അവർ സംസാരിക്കട്ടെ. അവർക്കൊപ്പം നിൽക്കാം!” സോനം നിലപാട് വ്യക്തമാക്കുന്നു.

“എന്റെ മുൻപത്തെ ട്വീറ്റ് അവ്യക്തത നിലനിർത്തിയെങ്കിൽ അതൊന്ന് വിശദമാക്കുകയാണ്. തനുശ്രീ ദത്തയുടെ ഉദ്ദേശത്തെ ചോദ്യം ചെയ്യുന്നത് നിർത്തേണ്ടതുണ്ട്. കാരണം എന്താണ് സംഭവിച്ചത് എന്നു പറയാൻ ഒരു സാക്ഷിയുണ്ട് ഇവിടെ,” എന്നായിരുന്നു സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ അനുരാഗ് കശ്യപിന്റെ ട്വീറ്റ്.

“ചില സംഭവങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞു കിടക്കും. ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ തനുശ്രീ ദത്തയ്ക്ക് സംഭവിച്ചത് അതുപോലെ ഒന്നായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നു,” എന്ന വെളിപ്പെടുത്തലുമായി വന്ന പത്രപ്രവർത്തക ജാനിസ് സെക്വേയ്റയുടെ ട്വീറ്റിനെ ഉദ്ധരിച്ചായിരുന്നു കശ്യപിന്റെ പ്രതികരണം.

ജാനിസ് സെക്വേയ്റയുടെ ട്വീറ്റ് ഉദ്ധരിച്ച്  തന്നെയാണ്, ഫർഹാൻ ഖാനും ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ” ഈ ത്രെഡ്​ എല്ലാം പറയുന്നുണ്ട്. ജാനിസ് സംഭവസ്ഥലത്തുണ്ടായിരുന്നു. തനുശ്രീയുടെ ധൈര്യത്തെ അംഗീകരിക്കുകയാണ് വേണ്ടത്, അല്ലാതെ ഉദ്ദേശത്തെ ചോദ്യം ചെയ്യുകയല്ല.”

ഫർഹാന്റെ ട്വീറ്റിന് മറുപടിയുമായി പ്രിയങ്ക ചോപ്രയും എത്തി, “അംഗീകരിക്കുന്നു. ലോകത്തിന് വേണ്ടത് അതിജീവിക്കുന്നവരിൽ  വിശ്വസിക്കുന്നവരെയാണ്.”

” ഞാനും അംഗീകരിക്കുന്നു. അതിജീവിച്ചവർ അതിജിവീച്ചവർ തന്നെയാണ്. കാരണം അവർ ചിലതിനെയൊക്കെ കൈകാര്യം ചെയ്തു പുറത്തുവന്നവർ തന്നെയാണ്. അതുകൊണ്ട് അവരെ വിശ്വസിക്കൂ. ബഹുമാനിക്കൂ.” എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റിന് മറുപടി പറഞ്ഞുകൊണ്ട് പരിനീതി ചോപ്രയുടെ ട്വിറ്റർ സന്ദേശം.

” തനുശ്രീയെ കുറ്റപ്പെടുത്തും മുൻപ് ഇതൊന്നു വായിക്കു. പീഡനമോ ഭയപ്പെടുത്തലോ ഇല്ലാത്ത ഒരു ജോലിസ്ഥലം എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ധൈര്യമുള്ള ഈ സ്ത്രീകളുടെ തുറന്നു പറച്ചിലുകൾ നമുക്ക് മുന്നിൽ മികച്ചൊരു വഴിത്താര ഒരുക്കാൻ സഹായകരമാവുകയാണ്.” ജാനിസിന്റെ ട്വീറ്റിനെ കോട്ട് ചെയ്തുകൊണ്ട് നിർമ്മാതാവും നടിയുമായ ട്വിങ്കിൾ ഖന്നയും ട്വീറ്റ് ചെയ്യുന്നു.

” അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, തുടർ പരിശോധനകളോ അന്വേഷണമോ ഉചിതമായ ശിക്ഷയോ ലഭിക്കാതെ ഈ കേസും മരിക്കുമോ? ഇതിന്റെ പരിണാമത്തെ ഞാൻ സംശയത്തോടെ നോക്കുന്നു. ഈ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാതെ പോയാൽ കൊടിയ അന്യായമാണ്.” എന്നാണ് സംവിധായകൻ ഹൻസാൽ മേഹ്ത്തയുടെ പ്രതികരണം.

” ഒരു സ്ത്രീ അവൾക്കേറ്റ പീഡനത്തെ കുറിച്ചു പറയുമ്പോൾ നിങ്ങൾ കേൾക്കണം. സംഭവം നടന്ന് 50 വർഷത്തിനു ശേഷം അവരുടെ മരണകിടക്കയിൽ കിടന്നാണ് അവർ പറയുന്നതെങ്കിൽ കൂടി നിങ്ങൾ കേൾക്കണം. ഇതെന്താ മുൻപ് പറയാതിരുന്നത് എന്ന് ചോദിക്കാനോ, അവളെ ബഹിഷ്കരിക്കാനോ നിങ്ങൾ മുതിരുന്നുവെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ്. തീർച്ചയായും അന്വേഷണം ഉണ്ടാവണം, പക്ഷേ​ അതിനു മുൻപ് അവളെ കേൾക്കൂ.” എന്നാണ് നടൻ സിദ്ധാർത്ഥ് പ്രതികരിച്ചത്.

” ഇത് വേദനിപ്പിക്കുന്നതാണ്, ഒറ്റയ്ക്കായി പോവുക, ചോദ്യം ചെയ്യപ്പെടുക. പീഡനം തുറന്നുപറഞ്ഞ് ഒരു സ്ത്രീയും പബ്ലിസിറ്റി നേടാൻ ആഗ്രഹിക്കില്ല. അവർക്ക് സെറ്റിൽ എന്തു സംഭവിച്ചുവോ അത് ഭയപ്പെടുത്തുന്നതു തന്നെയാണ്. അവരുടെ ആകെ തെറ്റ്, അതോടെ തളർന്നു പോവാതെ തുറന്നു പറയാനും അതിജീവിക്കാനുമുള്ള ധൈര്യം കാണിച്ചു എന്നതാണ്.” രോഷത്തോടെ നടി റിച്ച ചാന്ത കുറിച്ചത് ഇങ്ങനെ.

“നിങ്ങളെ വിശ്വസിക്കുന്നു തനുശ്രീ” എന്ന ക്യാപ്ഷനോടെ സ്വര ഭാസ്കറും ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകൾ മാത്രമല്ല കരുത്തരായവരുടെ കൈകൾ കൊണ്ട് പുരുഷന്മാരും ചൂഷണത്തിന് ഇരയാവുന്നുണ്ട് എന്നാണ് ഈ വിഷയത്തിൽ എഴുത്തുകാരൻ അപൂർവ്വ അസ്രാനി പ്രതികരിച്ചത്, “തനുശ്രീ ദത്തയ്ക്ക് സംഭവിച്ചത് ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ മാത്രം പ്രശ്നമായി നോക്കി കാണാനാവില്ല. കരുത്തരായ സ്ത്രീകളാൽ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്ന പുരുഷന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ​ അവർക്കൊന്നും അതു തുറന്നു പറയാൻ ഉള്ള ധൈര്യമില്ലായിരുന്നു. ആരാധകർ നൽകുന്ന താരപദവിയുടെ ‘കരുത്തി’ൽ നിന്നും പിറക്കുന്ന പീഡനങ്ങളാണ് ഇത്, ഇതൊരു സ്റ്റാർ സിസ്റ്റത്തിന്റെ ഭാഗമാണ്.”

” മീ റ്റു മൂവ്മെന്റിന്റെ ഭാഗമായി സ്ത്രീകൾ അവരുടെ സ്റ്റോറി തുറന്നു പറയുമ്പോൾ അവരെ കേൾക്കൂ. വിശ്വാസത്തോടെ അവരെ പിന്തുണയ്ക്കൂ. തനുശ്രീ ദത്ത അവരുടെ അനുഭവമാണ് പറഞ്ഞത്. നല്ലൊരു പുരുഷനാകൂ, നിങ്ങളുടെ വായ അടയ്ക്കൂ, പറയുന്നത് കേൾക്കൂ. അവരെ പോലെ ഇനിയും ഏറെപേർ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ട്. അവരെ നമ്മൾ കേൾക്കേണ്ടതുണ്ട്, കേൾക്കപ്പെടാനുള്ള അവകാശം അവർ അർഹിക്കുന്നുണ്ട്. ” നടൻ വീർ ദാസ് ട്വീറ്റ് ചെയ്യുന്നു.

“എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയില്ല. ഞാനാദ്യം കേൾക്കട്ടെ, മനസ്സിലാകട്ടെ എന്താണ് സംഭവിക്കുന്നതെന്ന്. അതിനു ശേഷമേ ഈ വിഷയത്തിൽ പ്രതികരിക്കാനാവൂ,” എന്നാണ് പ്രതികരണം ആരാഞ്ഞ ഐഎഎൻഎസിന് സൽമാൻ ഖാൻ നൽകിയ മറുപടി.

” എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കർ എന്നോ അല്ലല്ലോ, പിന്നെങ്ങനെ ഞാനുത്തരം പറയും,” എന്നായിരുന്നു അമിതാഭ് ബച്ചന്റെ മറുപടി. ‘തംഗ്‍സ് ഓഫ് ഹിന്ദോസ്ഥാ’ന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ബിഗ് ബിയുടെ ഈ പ്രതികരണം.

” ഒരു സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ അറിയാതെ ആ വിഷയത്തിൽ പ്രതികരിക്കുന്നത് എനിക്ക് ശരിയായിട്ടു തോന്നുന്നില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് ദുഃഖകരമെന്നെ പറയാനാവൂ. ” എന്ന് ആമിർ ഖാനും പ്രതികരിച്ചു.

” നമ്മുടെ ഇൻഡസ്ട്രി ഒന്നിച്ചു നിന്ന് ഇൻഡസ്ട്രിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ , നമുക്കു കിട്ടിയ അവസരങ്ങൾ കൂടി നഷ്ടപ്പെടുത്തുകയാണ്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സിനിമകളുണ്ടാവുന്ന ഇൻഡസ്ട്രി തനുശ്രീ ദത്തയുടെ വാക്കുകളോട് കാണിക്കുന്ന മൗനം വെറുപ്പുളവാക്കുന്നുണ്ട്. ദുഃഖകരമാണ്, സാക്ഷികളോ പ്രൂഫോ ഇല്ലാത്തതുകൊണ്ട് ഒന്നും പറയരുതെന്ന് പറയുന്നത്. തനുശ്രീയെ സംബന്ധിച്ച് ഇതൊരു ലൈഫ് ചേഞ്ചിങ് സംഭവം തന്നെയാണ്. ഞാനും നാനായ്ക്ക് ഒപ്പം​ അഭിനയിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ കാലുഷ്യം നിറഞ്ഞ സ്വഭാവത്തെ കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷേ സാക്ഷിയാവേണ്ടി വന്നിട്ടില്ല.” രവീണ ടണ്ടൻ പറയുന്നു.

“ഇന്ന് സോഷ്യൽ മീഡിയയുടെ സ്വാധീനം ധാരാളം ഇൻഫർമേഷൻ നമ്മളിലേക്കെത്തിക്കുന്നു. പത്ത് വർഷം മുൻപ് ഗോസിപ്പ് മാഗസിനുകൾ മാത്രമായിരുന്നു ആളുകൾക്ക് രക്ഷ. സത്യമെന്താണ്, യെല്ലോ ജേർണലിസം എന്താണെന്ന് ആളുകൾക്ക് അന്ന് മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല. ഇതിപ്പോൾ സാക്ഷികൾ തന്നെ മുന്നോട്ട് വന്ന് തനുശ്രീയ്ക്കൊപ്പം നിൽക്കുന്നു, വരുംവരായ്കളെ ഭയപ്പെടാതെ. നിയമം അതിന്റെ ധർമ്മം നിർവ്വഹിക്കട്ടെ. നമ്മൾ ജഡ്ജ് ചെയ്യാനോ മീഡിയ ശിക്ഷ വിധിക്കാനോ പോവേണ്ടതില്ല. നമ്മുടെ നിയമവ്യവസ്ഥയിൽ വിശ്വസിക്കൂ, സത്യം മറനീക്കി പുറത്തുവരട്ടെ. കുറ്റം തെളിയുന്നതുവരെ നിരപരാധി തന്നെ,” രവീണ കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tanushree dutta nana patekar controversy bollywood reactions