ഇന്ത്യയിൽ പുതിയ ‘മി ടൂ’ മൂവ്മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ് മുൻ മിസ്സ് ഇന്ത്യയും ബോളിവുഡ് താരവുമായ തനുശ്രീ ദത്ത. 2009ല്‍ ‘ഹോണ്‍ ഓക്കേ പ്ലീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന തുറന്നു പറച്ചിലാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.
ഒരു പതിറ്റാണ്ട് മുൻപ് അഭിനയജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറിയ തനുശ്രീ പത്തു വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു തുറന്നു പറച്ചിലുമായി രംഗത്തു വരുന്നത്. തന്റെ കുടുംബത്തെ സന്ദർശിക്കാൻ ഇന്ത്യയിലെത്തിയ അവസരത്തിൽ ഒരു സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വർഷങ്ങൾക്കു മുൻപ് നാനാ പടേർക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നവര്‍ വെളിപ്പെടുത്തിയത്.
“അതൊരു ‘ബുള്ളിയിങ് ടാക്ട്ടിക്’ ആയിരുന്നു, നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി. നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയെക്കൊണ്ട് നൃത്തച്ചുവടുകള്‍ മാറ്റി ചെയ്യിച്ചു. കൂടുതല്‍ അടുത്തിടപഴകുന്ന തരം ‘സ്റ്റെപ്സ്’ ചേര്‍ത്തു. ഞാന്‍ ഷൂട്ടിങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുണ്ടകളെ വിളിച്ചു വരുത്തി എന്റെ വാനിറ്റി വാനില്‍ വച്ച് എന്നെ ‘ഹരാസ്’ ചെയ്തു. എന്റെ അച്ഛനും അമ്മയും വരുന്നതിനു മുന്‍പായിരുന്നു അത്. അവര്‍ ലൊക്കേഷനില്‍ എത്തിയതിന് ശേഷം, ഗുണ്ടകള്‍ ഞങ്ങളുടെ കാറിനെ ആക്രമിക്കുകയും ചെയ്തു”, എന്നായിരുന്നനു തനുശ്രീ ദത്തയുടെ ആരോപണം. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമീ സിദ്ദിക്കി, സംവിധായകന് രാകേഷ് സാരംഗ് എന്നിവര്‍ക്ക് ഈ വിഷയം അറിയാമായിരുന്നുവെങ്കിലും അവര്‍ നാനാ പടേക്കറുടെ പക്ഷം ചേരുകയായിരുന്നു എന്നും തനുശ്രീ ആരോപിച്ചിരുന്നു.
സിനിമാ-ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ സിനെ ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് താന്‍ പരാതി നല്‍കിയിരുന്നെങ്കിലും അതിന് ഫലമുണ്ടായില്ല എന്നും സിനിമാ സെറ്റിലേക്ക് മടങ്ങിപ്പോവാൻ ഭയം തോന്നിയതുകൊണ്ട് അഭിനയം തന്നെ നിര്‍ത്തുകയായിരുന്നു എന്നും അഭിമുഖത്തിൽ നടി വ്യക്തമാക്കുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും നിര്‍മ്മാതാക്കള്‍ കൗണ്ടര്‍ എഫ്ഐആര്‍ നല്കി തന്റെ കുടുംബത്തെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും തനുശ്രീ വെളിപ്പെടുത്തി.
പത്തു വര്‍ഷമായി ഞാന്‍ സിനിമാ ഇൻഡസ്ട്രി വിട്ടിട്ട്, ഈ തുറന്നു പറച്ചിലില്‍ കൊണ്ട് എനിക്ക് നേടാനോ നഷ്ടപ്പെടാനോ ഒന്നുമില്ല. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ മറ്റു സ്ത്രീകള്‍ക്ക് ഈ ഉദ്യമം ധൈര്യം പകരണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്”, എന്നായിരുന്നു ഈ വെളിപ്പെടുത്തലിനെ കുറിച്ച് തനുശ്രീയുടെ പ്രതികരണം.
“ഞാന്‍ കൊള്ളയടിക്കപ്പെട്ടു എന്നൊരാള്‍ പറയുമ്പോള്‍ ആരും അതിനെ സംശയത്തോടെ വീക്ഷിക്കുന്നില്ല. പക്ഷേ ലൈംഗികമായി അതിക്രമിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറയുമ്പോള്‍, ആ ചര്‍ച്ച തുടങ്ങും മുന്‍പ് തന്നെ അവളുടെ ‘സ്വഭാവം’ പരിശോധിക്കപ്പെടുന്നു, അവള് വ്യക്തിഹത്യ ചെയ്യപ്പെടുന്നു. എന്റെ പോരാട്ടം നാനാ പടേക്കറിന് എതിരായല്ല. (ഈ ഉദ്യമത്തിലൂടെ എനിക്ക് നീതി ലഭിക്കുമെങ്കില്‍ സന്തോഷം) എന്റെ അടിസ്ഥാന ഉദ്ദേശ്യം എന്ന് പറയുന്നത് സിനിമയിലെ ഹിപ്പോക്രസിയേയും മിസോജിനിയേയും എടുത്തു കാട്ടുക എന്നതാണ്”, എന്നും അഭിമുഖത്തിൽ തനുശ്രീ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ നാനാ പടേക്കര്‍, ഗണേഷ് ആചാര്യ, രാകേഷ് സാരംഗ് എന്നിവര്‍ തനുശ്രീ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. “സെറ്റിൽ ഇരുനൂറോളം പേർ ഉള്ളപ്പോൾ ലൈംഗിക അതിക്രമം എന്നതുകൊണ്ട് നടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു”, നാനാ പടേക്കർ വിഷയത്തോട് പ്രതികരിച്ചത്. തന്നെ മനപൂർവ്വം വ്യക്തിഹത്യ നടത്തുന്ന നടിയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും നാനാ പടേക്കർ പ്രതികരിച്ചു.
പിന്നാലെ, ‘ഹോണ്‍ ഓകെ പ്ലീസി’ന്റെ നൃത്തസംവിധായകൻ ഗണേഷ് ആചാര്യയും നാന പടേക്കറിന് പിന്തുണയുമായെത്തി. തനുശ്രീ ആരോപിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്നും തെറ്റിദ്ധാരണ മൂലമാവാം തനുശ്രീ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നുമായിരുന്നു ഗണേഷ് ആചാര്യയുടെ പ്രതികരണം.
തനുശ്രീ ദത്ത ശ്രദ്ധ നേടാൻ വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും നടി പച്ചക്കളളമാണ് പറയുന്നതെന്നുമുള്ള ആരോപണങ്ങളുമായി നടിയെ ഒറ്റപ്പെടുത്താൻ ബോളിവുഡിൽ ചില ശ്രമങ്ങളുണ്ടായി. എന്നാൽ, തനുശ്രീ പറയുന്നത് കള്ളമല്ല, ആ സംഭവത്തിന് ഞാൻ സാക്ഷിയായിരുന്നു എന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക ജാനിസ് സെക്വേയ്റ രംഗത്തെത്തിയതോടെ വിവാദം വീണ്ടും ചൂടുപിടിച്ചു.
“ചില സംഭവങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞു കിടക്കും. ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ തനുശ്രീ ദത്തയ്ക്ക് സംഭവിച്ചത് അതുപോലെ ഒന്നായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നു”, എന്നായിരുന്നു ജാനിസ് സെക്വേയ്റയുടെ ട്വീറ്റ്. ഇതിനു പുറകെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ജാനിസ് അന്ന് നടന്ന കാര്യങ്ങള്‍ വളരെ വിശദമായി പറയുകയും ചെയ്തു.
Some incidents that take place even a decade ago remain fresh in your memory. What happened with #TanushreeDutta on the sets of “Horn Ok Please” is one such incident – I was there. #NanaPatekar
[THREAD]— Janice Sequeira (@janiceseq85) September 26, 2018
ജാനിസ് സാക്ഷിയായി മുന്നോട്ട് വന്നതോടെ തനൂജയെ പിന്തുണച്ച് ബോളിവുഡ് താരങ്ങളും എഴുത്തുകാരുമൊക്കെയായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. “സ്ത്രീകൾ അവർക്കേറ്റ പീഡനങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അവരെ കുറ്റപ്പെടുത്തി നിശബ്ദരാക്കുന്നത് ശരിയല്ല, അവർ പറയട്ടെ. നമുക്ക് കേൾക്കാം. സത്യം പുറത്തുവരട്ടെ”, തുടങ്ങിയ കമന്റുകളുമായി നടിമാരായ സ്വര ഭാസ്കർ, സോനം കപൂർ, പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര, ട്വിങ്കിൾ ഖന്ന, രവീണ ടണ്ടൻ, റിച്ച ചദ്ദ, നടന്മാരായ ഫർഹാൻ അഖ്തര്‍, സിദ്ധാർത്ഥ്, വീർ ദാസ്, സംവിധായകൻ അനുരാഗ് കശ്യപ്, ഹൻസാൽ മേഹ്ത്ത, എഴുത്തുകാരൻ അപൂർവ്വ അസ്രാനി എന്നിവരെല്ലാം രംഗത്തെത്തി.
മീറ്റു വിവാദം: തനുശ്രീ ദത്തയ്ക്കൊപ്പം അണിനിരന്ന് ബോളിവുഡ്
എന്നാൽ ഈ വിഷയത്തിൽ കാര്യമായ പ്രതികരണങ്ങൾ നടത്താതെ ഒഴിഞ്ഞു മാറുന്ന നിലപാടായിരുന്നു അമിതാഭ് ബച്ചന്റെ ഭാഗത്തുനിന്നും ഉണ്ടായത്. “എനിക്ക് ഇതിനെ കുറിച്ചറിയില്ല, മനസ്സിലാക്കിയതിനു മാത്രമേ പ്രതികരിക്കാനാവൂ” എന്ന നിലപാടാണ് മുതിർന്ന താരങ്ങളായ സൽമാൻ ഖാനും സ്വീകരിച്ചത്.
Read More: ബോളിവുഡിലെ പുതിയ മീടൂ വിവാദം: താനീ നാട്ടുകാരനല്ലെന്ന് ബച്ചന്
വിവാദം കനക്കുന്നതിനിടയിൽ, തനുശ്രീയ്ക്കെതിരെ നിയമപരമായി നീങ്ങുകയാണ് നാനാ പടേക്കർ എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും വരുന്നത്. “എന്റെ കൈയ്യില്‍ എല്ലാത്തിന്റെയും ഡോക്യുമെന്റേഷന് ഉണ്ട്, അത് നിങ്ങളുമായി പങ്കുവയ്ക്കാനും സാധിക്കും” എന്ന് തനുശ്രീയും വ്യക്തമാക്കിയിരുന്നു.
നാനാ പടേർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിനു പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുകയാണ് തനുശ്രീ ദത്ത. 2005 ൽ പുറത്തിറങ്ങിയ ‘ചോക്ളേറ്റ്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ വിവേക് അഗ്നിഹോത്രിയും തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചു എന്നാണ് തനുശ്രീയുടെ പുതിയ വെളിപ്പെടുത്തൽ.
“ഇർഫാൻ ഖാന്റെ ക്ളോസ് അപ്പ് രംഗം ചിത്രീകരിക്കുന്നതിനിടെ, ആ സീനിൽ ഇല്ലാതിരുന്നിട്ടും എന്നെ വിളിച്ചു വരുത്തി. ഇർഫാന്റെ മുഖത്ത് ഭാവങ്ങൾ വരുന്നതിന് എന്നോടു വസ്ത്രമഴിച്ച് നൃത്തം ചെയ്യണം എന്നായിരുന്നു സംവിധായകന്റെ ആവശ്യം. ആവശ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇർഫാനും സംവിധായകന്റെ നിർദ്ദേശം ഇഷ്ടപ്പെട്ടില്ല. തനിക്കു ഭാവം വരാൻ നടി വസ്ത്രം അഴിക്കേണ്ടതില്ലെന്നും എന്റെ ക്ളോസപ്പ് രംഗം എങ്ങനെ അഭിനയിക്കണമെന്ന് എനിക്കറിയണമെന്നും ഇർഫാൻ തുറന്നു പറയുകയും സംവിധായകനോടുള്ള നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഇർഫാന്റെ നിലപാട് കണ്ട് എനിക്ക് മതിപ്പ് തോന്നി. സുനിൽ ഷെട്ടിയും സംഭവം നടക്കുമ്പോൾ അവിടുണ്ടായിരുന്നു. അദ്ദേഹവും എന്നെ പിന്തുണച്ചു. ഇതു പോലെ നല്ല വ്യക്തികളും സിനിമാ മേഖലയിലുണ്ട്”, എന്നാണ് തനുശ്രീയുടെ പുതിയ വെളിപ്പെടുത്തൽ.
ഇതിനിടെ നാനാ പടേക്കർ തനുശ്രീ ദത്തയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിന് മറ്റൊരു ദൃക്സാക്ഷി കൂടി രംഗത്തു വന്നിരിക്കുകയാണ്. ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറിൽ ഒരാളായ ഷൈനി ഷെട്ടിയും രംഗത്തുവന്നിരുന്നു. നാനാ പടേർക്കറിനൊപ്പം ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിനിടയിൽ തനുശ്രീ ദത്ത അസ്വസ്ഥയായിരിക്കുന്നത് ഞാനും കണ്ടിരുന്നു എന്നാണ് ഷൈനി ഷെട്ടിയുടെ വെളിപ്പെടുത്തൽ. ഈ കേസിലെ രണ്ടാമത്തെ ദൃക്സാക്ഷിയാവുകയാണ് ഷൈനി ഷെട്ടി.
തനുശ്രീ ദത്ത- നാനാ പടേക്കർ വിവാദത്തിൽ ശ്രദ്ധേയമായ മറ്റൊരു പ്രതികരണം രാഖി സാവന്തിന്റേതാണ്, ” നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ട്. ഇതുവഴി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കയറിക്കൂടാനാണ് തനുശ്രീ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ഞാൻ നാനാ പടേർക്കറിനെയും ചിത്രത്തിന്റെ നിർമ്മാതാക്കളെയും സപ്പോർട്ട് ചെയ്യുന്നു,” എന്നാണ് രാഖി സാവന്ത് മാധ്യമ പ്രവർത്തകരോട് രോഷാകുലയായി പ്രതികരിച്ചത്. നാനാ പടേക്കർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് തനുശ്രീ ചിത്രത്തിൽ നിന്നും പിന്മാറിയപ്പോൾ തനുശ്രീയ്ക്ക് പകരം ആ ഗാനരംഗത്തിലെത്തിയത് രാഖി സാവന്ത് ആയിരുന്നു.
നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ട്: രാഖി സാവന്ത്
തന്റെ തുറന്നുപറച്ചില്‍ വലിയ വിവാദമായ സാഹചര്യത്തിൽ നാനായുടെ സഹായികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് തനുശ്രീയുടെ പുതിയ വെളിപ്പെടുത്തൽ. ” സമീപകാലത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് എനിക്കു വേണ്ട നിയമ സഹായത്തിനായി ഒരുകൂട്ടം അഭിഭാഷകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അതേസമയം നാനയുടെ അഭിഭാഷകന് അവകാശപ്പെടുന്നതു പോലെ യാതൊരു ലീഗല്‍ നോട്ടീസും എനിക്ക് ലഭിച്ചിട്ടില്ല. അനാവശ്യമായ ഭീഷണികളിലൂടെ എന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് ഒരു ലീഗല്‍ നോട്ടീസ് അയക്കാം,” തനുശ്രീ ദത്ത മീഡിയയ്ക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു.
നാനാ പടേക്കറുടെ സഹായികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് തനുശ്രീ ദത്ത
സാക്ഷികളുടെ പിന്തുണയും തെളിവുകളും ഉണ്ടായിട്ടു പോലും നാനയുടെ സഹായികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും തനുശ്രീ പറഞ്ഞു. ഇത്തരം അനുഭവങ്ങളെക്കുറിച്ച് ഒരു ഇര സംസാരിക്കുമ്പോള്‍ ധാര്‍മ്മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത അഭിഭാഷകര്‍ രണ്ട് സെക്കന്‍ഡില്‍ കിട്ടുന്ന പ്രശസ്തിക്കു വേണ്ടി കുറ്റവാളികളെ സംരക്ഷിക്കാന്‍ മുന്നോട്ടു വരുമെന്നും തനുശ്രീ ചൂണ്ടിക്കാട്ടി.
നടി രേണുക ഷഹാനും കങ്കണ റണാവത്തും നടൻ കാർത്തിക് ആര്യനും പൂജാ ഭട്ടും വരുൺ ധവാനുമൊക്കെ തനുശ്രീയ്ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തു വന്നിരിക്കുകയാണ്. നാനാ പടേർക്കറുടെ മുൻകോപത്തെ കുറിച്ച് തനിക്ക് അറിയാമെന്നും മുൻപും ഇൻഡസ്ട്രിയിൽ പലരും അദ്ദേഹത്തിന്റെ ക്രോധത്തിന് പാത്രമായതായി തനിക്കറിയാമെന്നുമാണ് രേണുക തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. “നാനാ മനപൂർവ്വം തനുശ്രീയോട് അപമര്യാദയായി പെരുമാറിയതല്ലെങ്കിൽ കൂടി, സംവിധായകനും നൃത്ത സംവിധായകനും ഒരു നടിയെ ജോലിസ്ഥലത്ത് കംഫർട്ട് ആക്കാനുള്ള ഉത്തരവാദിത്വമില്ലേ?” എന്നും രേണുക ചോദിക്കുന്നു.
“തനിക്കേറ്റ ദുരനുഭവം തുറന്നു പറയാൻ തയ്യാറായ തനുശ്രീ ദത്തയുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. അതൊരു വ്യക്തിയുടെ മൗലിക അവകാശം കൂടിയാണ്. ഇത്തരം തുറന്നു പറച്ചിലുകൾ ആരോഗ്യപരമാണ്. നിരവധി പേർക്ക് തങ്ങൾക്കേറ്റ ദുരനുഭവം തുറന്നു പറയാനുള്ള കരുത്തുപകരുകയും അവബോധം നൽകുകയും ചെയ്യും ഇത്തരം തുറന്നുപറച്ചിലുകൾ,” എന്നാണ് നടി കങ്കണ റണാവത്ത് പ്രതികരിച്ചത്.
” സമൂഹത്തിൽ തെറ്റായി എന്തെങ്കിലും സംഭവിക്കുമ്പോൾ ആളുകൾ മുന്നോട്ട് വന്ന് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണം എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതേസമയം, ബന്ധപ്പെട്ടവർ ഇത്തരം വെളിപ്പെടുത്തലുകൾ സമയോചിതമായി അന്വേഷിച്ച് സത്യമെന്തെന്ന് പുറത്തു കൊണ്ടുവരേണ്ടതുണ്ട്. അപ്പോൾ മാത്രമേ സംഭവങ്ങളുടെ നിജസ്ഥിതി ആളുകൾക്ക് മനസ്സിലാവുകയും കൃത്യമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും സാധിക്കൂ,” എന്നാണ് യുവനടൻ കാർത്തിക് ആര്യൻ അഭിപ്രായപ്പെട്ടത്.
Kartik Aaryan on Tanushree Dutta’s allegations: Concerned agencies need to investigate the matter
ആരുടെയെങ്കിലും വിവാഹമോ മരണാനന്തര ചടങ്ങോ ഉണ്ടാവുമ്പോൾ ബോളിവുഡ് ഒന്നിച്ചെത്തും എന്ന കുറ്റപ്പെടുത്തലോടെയാണ് പൂജ ഭട്ട്, തനൂശ്രീ- പടേക്കർ വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. “ബോളിവുഡ് തനുശ്രീയ്ക്കൊപ്പം നിൽക്കുന്നുവോ ഇല്ലയോ തുടങ്ങിയ രീതിയിലുള്ള സംഭാഷണങ്ങൾ വളരെ ബാലിശമായ ഒന്നായാണ് എനിക്ക് തോന്നിയത്. സത്യത്തിന് പിആർ വർക്ക് ആവശ്യമില്ല. നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ധൈര്യപൂർവ്വം മുന്നോട്ട് വന്ന് സംസാരിക്കൂ. ആരെങ്കിലും മുന്നോട്ട് വന്ന് നിങ്ങളുടെ കൈ പിടിക്കുമെന്നും പിന്തുണയേകുമെന്നും പ്രതീക്ഷിക്കരുത്. ബോളിവുഡ് ഒരു ‘ഗ്രേറ്റ് പ്ലെയ്സ് ‘ ആണ്. അവാർഡ് ചടങ്ങുകൾ, കല്യാണങ്ങൾ, മരണാനന്തരചടങ്ങുകൾ എന്നിവിടങ്ങളിലെല്ലാം നിങ്ങൾക്ക് പിന്തുണ പ്രതീക്ഷിക്കാം,” ഒമ്പതാമത് ജഗ്രാൻ ഫിലിം ഫെസ്റ്റിവലിലായിരുന്നു പൂജാ ഭട്ടിന്റെ ബോളിവുഡിനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണം.
” സ്ത്രീയോ പുരുഷനോ കുട്ടികളോ ആവട്ടെ, ജോലി സ്ഥലത്ത് ആദരവ് ലഭിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. നമ്മൾ നമ്മുടെ ഇൻഡസ്ട്രിയെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമെല്ലാം സുരക്ഷ ലഭിക്കുന്ന ഒരിടമായി മാറ്റേണ്ടതുണ്ട്. എല്ലാവർക്കും തുല്യമായ ആദരവും പരിഗണനയും ലഭിക്കണം. ആരെങ്കിലും അവർക്കേറ്റ ദുരനുഭവത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ കേൾക്കാൻ തയ്യാറാവണം. ഇതുപോലെ സംസാരിക്കാൻ ഏറെ ധൈര്യം വേണം. ആ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു,” വരുൺ ധവാനും പ്രതികരിച്ചു.
” സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നു പറയുന്നതും നീതിയ്ക്കു വേണ്ടി പോരാടുന്നതും പോസിറ്റീവ് ആയ നിലപാടു തന്നെയാണ്. അല്ലെങ്കിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് സ്ത്രീകൾ തന്നെ സംസാരിക്കുന്നത് നല്ല കാര്യമാണ്. സ്ത്രീകൾ വർഷങ്ങളായി ചൂഷണം നേരിടുകയാണ്,” ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗായിക ആശാ ഭോസ്ലേയും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.
തനുശ്രീ- നാനാ പടേക്കർ വിവാദത്തെ ശരിവയ്ക്കുന്ന ശ്രദ്ധേയമായൊരു വീഡിയോ ഫൂട്ടേജ് കൂടി പുറത്തുവന്നിരിക്കുകയാണ്. തനുശ്രീയെ ആക്രമിക്കുന്ന രംഗങ്ങൾ അടങ്ങിയ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.
2008 ൽ വിവാദത്തിന് ആസ്പദമായ സംഭവങ്ങളുടെ ഫൂട്ടേജുകളാണ് വീഡിയോയിൽ ഉള്ളത്. സിനിമയുടെ ചിത്രീകരണത്തിനിടെ അസ്വസ്ഥയായ തനുശ്രീ സെറ്റില്‍ നിന്ന് ഇറങ്ങി പോകുന്ന ദൃശ്യങ്ങളും ഒരു കൂട്ടം ആളുകൾ തനുശ്രീയുടെ കാറിനെ ആക്രമിക്കുന്നതുമായ ദൃശ്യങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ കാറിനു ചുറ്റും കൂടി നിന്ന് ആക്രോശിക്കുന്നതും കാറിന്റെ ചില്ലു തകർക്കുന്നതും ടയറിന്റെ കാറ്റ് ഊരിവിടാൻ ശ്രമിക്കുന്നതുമൊക്കെ വ്യക്തമായി തന്നെ വീഡിയോയിൽ കാണാം. ഒരാൾ കാറിനു മുകളിൽ കയറിനിന്ന് ചവിട്ടുന്നതും കാറിനെ വളഞ്ഞ് ആക്രോശിക്കുന്നതുമൊക്കെ വീഡിയോയിൽ വ്യക്തമാണ്.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്നും പടേക്കറിനൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആക്രമണം ഉണ്ടായതെന്നുമാണ് ഈ വിഷയത്തിൽ തനുശ്രീ പ്രതികരിക്കുന്നത്.
കൂടുതൽ ദൃക്സാക്ഷികളും സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഫൂട്ടേജുമൊക്കെ പുറത്തുവന്ന സാഹചര്യത്തിൽ ഈ ലൈംഗിക അതിക്രമ ആരോപണത്തിൽ പുതിയ മാനങ്ങൾ കൈവരിക്കുകയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook