/indian-express-malayalam/media/media_files/uploads/2018/09/tanu759.jpg)
പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറി എന്നു വെളിപ്പെടുത്തിക്കൊണ്ട് ബോളിവുഡില്‍ ഏറ്റവും പുതിയ മീ ടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി തനുശ്രീ ദത്ത. തനുശ്രീയുടെ തുറന്നുപറച്ചില്‍ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നാനായുടെ സഹായികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് തനുശ്രീ പ്രസ്താവനയിറക്കിയിരിക്കുകയാണ്.
'സമീപകാലത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് എനിക്കു വേണ്ട നിയമ സഹായത്തിനായി ഒരുകൂട്ടം അഭിഭാഷകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അതേസമയം നാനയുടെ അഭിഭാഷകന്‍ അവകാശപ്പെടുന്നതു പോലെ യാതൊരു ലീഗല്‍ നോട്ടീസും എനിക്ക് ലഭിച്ചിട്ടില്ല. അനാവശ്യമായ ഭീഷണികളിലൂടെ എന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് ഒരു ലീഗല്‍ നോട്ടീസ് അയക്കാം,' തനുശ്രീ പറയുന്നു.
സാക്ഷികളുടെ പിന്തുണയും തെളിവുകളും ഉണ്ടായിട്ടു പോലും നാനയുടെ സഹായികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും തനുശ്രീ പറഞ്ഞു. ഇത്തരം അനുഭവങ്ങളെക്കുറിച്ച് ഒരു ഇര സംസാരിക്കുമ്പോള്‍ ധാര്‍മ്മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത അഭിഭാഷകര്‍ രണ്ട് സെക്കന്‍ഡില്‍ കിട്ടുന്ന പ്രശസ്തിക്കു വേണ്ടി കുറ്റവാളികളെ സംരക്ഷിക്കാന്‍ മുന്നോട്ടു വരുമെന്നും തനുശ്രീ ചൂണ്ടിക്കാട്ടി.
നീതിക്കായി ഇപ്പോഴും കാത്തിരിക്കുന്ന നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥയാണ് ഇതെന്നും, ഇവിടുത്തെ സ്വാധീനമുള്ള കുറ്റവാളികള്‍ ജുഡീഷ്യറിയെ പരിഹസിക്കുക മാത്രമല്ല, മറിച്ച് ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് ഭരണഘടനയെക്കൂടി പരിഹസിക്കുകയാണെന്നും തനുശ്രീ പറഞ്ഞു.
കൂടാതെ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയും തനുശ്രീ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിവേക് അഗ്നിഹോത്രിയുടെ ആദ്യ ചിത്രമായ 'ചോക്ലേറ്റ്: ഡീപ് ഡാര്‍ക്ക് സീക്രട്ട്' എന്ന ചിത്രത്തിൽ അഭിനയിക്കവെ അയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇര്‍ഫാന്‍ ഖാനും സുനില്‍ ഷെട്ടിയുമാണ് തന്റെ രക്ഷയ്‌ക്കെത്തിയതെന്നും തനുശ്രീ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.