തനുശ്രീ ദത്ത- നാനാ പടേക്കർ വിവാദത്തിൽ തനുശ്രീയെ പിന്തുണച്ച് ബോളിവുഡ് താരസംഘടന. സിനി ആന്റ് ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ (സിൻഡാ) ആണ് ഈ വിഷയത്തിൽ തനുശ്രീയ്ക്ക് പിന്തുണയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഏതു തരത്തിലുള്ള ലൈംഗിക അതിക്രമത്തെയും സംഘടന എതിർക്കുന്നുവെന്നും തനുശ്രീ ദത്തയെ പിന്തുണയ്ക്കുന്നു എന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. എന്നാൽ പത്തു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ കേസ് വീണ്ടും തുറക്കാൻ ആവില്ലെന്നും താരസംഘടന വ്യക്തമാക്കി.
‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിനിടയിൽ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറി എന്ന് താരസംഘടനയായ സിൻഡയ്ക്ക് മുന്നിൽ 2008 ൽ തനുശ്രീ ദത്ത പരാതി നൽകിയിരുന്നു. എന്നാൽ അന്ന് സംഘടന, തനുശ്രീയുടെ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. പത്തു വർഷങ്ങൾക്ക് ശേഷം വിവാദം വീണ്ടും വാർത്തകളിൽ നിറയുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഈ നിലപാട്. പത്തുവർഷം മുൻപുള്ള കേസ് വീണ്ടും റീ ഓപ്പൺ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിന് സംഘടന, തനുശ്രീ ദത്തയോട് മാപ്പു ചോദിക്കുകയും ചെയ്തു.
“ഒരു വ്യക്തിയുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്ന രീതിയിലുള്ള ഏതു തരം ലൈംഗിക അതിക്രമങ്ങളെയും സിൻഡ അപലപിക്കുന്നു. തനുശ്രീ ദത്തയുടെ പരാതി ഞങ്ങൾ പരിശോധിച്ചു. 2008 മാർച്ചിലാണ് സിൻഡയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുൻപിൽ പരാതിയെത്തുന്നത്. അന്നത്തെ സിൻഡയുടെയും ഐഎഫ്ടിപിസി (ഇപ്പോഴത്തെ എഎംപിടിപിപി)യുടെയും ജോയിന്റ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് കമ്മിറ്റി ഈ വിഷയത്തെ സന്ദർഭോചിതമായി കൈകാര്യം ചെയ്യാതെ പോവുകയും ലൈംഗിക അതിക്രമത്തെ പരാമർശിക്കപ്പെടാതെ പോവുകയുമാണുണ്ടായത്.
അന്നത്തെ ഭരണസമിതിയിലെ ആരും നിലവിൽ പുതിയ ഭരണസമിതിയിൽ ഇല്ലെങ്കിലും സംഘടനയുടെ ഭാഗത്തുനിന്ന് അന്നുണ്ടായ വീഴ്ചയ്ക്ക് ഞങ്ങൾ പശ്ചാത്തപിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള കാലതാമസം ഇനി വരാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതായിരിക്കും. സിൻഡ അതിന്റെ മെമ്പർമാരുടെ അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടിയാണ് നിലകൊള്ളുന്ന സംഘടനയാണ്.
ലൈംഗിക അതിക്രമം ഗൗരവമേറിയ ഒരു ക്രിമിനൽ കുറ്റം തന്നെയാണ്. പക്ഷേ, നിർഭാഗ്യവശാൽ സിൻഡയുടെ ഭരണഘടന പ്രകാരം മൂന്നു വർഷത്തിൽ കൂടുതൽ പഴക്കമുള്ള കേസുകൾ ഏറ്റെടുക്കാൻ സാധിക്കില്ല. എന്നിരുന്നാലും തനുശ്രീ ദത്തയുടെ പരാതിയിൽ പക്ഷപാതമില്ലാതെ, കഴിയാവുന്നത്ര വേഗത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതായിരിക്കും. ആർക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ ഉടനടി റിപ്പോർട്ട് ചെയ്യാൻ സിൻഡയുടെ മെമ്പർമാരോടും ഞങ്ങൾ ആവശ്യപ്പെടുകയാണ്. ജോലിസ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായി കാണുന്നു,” സിൻഡ ഇന്നലെ പുറത്തുവിട്ട ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
തനുശ്രീ ദത്ത- നാനാ പടേക്കർ വിഷയത്തിൽ വളരെ നിർണായകമായൊരു പിന്തുണയാണ് ഇപ്പോൾ താരസംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.