മുൻകാലങ്ങളിൽ ഒരു വലിയ കുടുംബം പോലെയായിരുന്നു സിനിമാ വ്യവസായം, എന്നാൽ ഇന്ന് സിനിമാ ഇൻഡസ്ട്രി ഒരു കോർപ്പറേറ്റ് സ്ഥാപനമായി മാറിയിരിക്കുന്നുവെന്ന് മുതിർന്ന ബോളിവുഡ് താരവും നടിമാരായ കാജോൾ, തനിഷ എന്നിവരുടെ അമ്മയുമായ തനൂജ.
ന്യൂസ് 18-നോട് സംസാരിക്കവെയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വ്യവസായത്തിൽ താൻ കണ്ട മാറ്റങ്ങളെക്കുറിച്ച് തനൂജ മനസ്സു തുറന്നത്. “പുരോഗമനം ഉണ്ടാകണം. ഈ പുരോഗതിയിൽ സംഭവിച്ച ഒരേയൊരു സങ്കടകരമായ കാര്യം ഒരു കുടുംബമായി മാറുന്നതിനുപകരം നമ്മൾ കോർപ്പറേറ്റുകളായി മാറി എന്നതാണ്, നിങ്ങൾ കോർപ്പറേറ്റ് ആകുമ്പോൾ അതിൽ ഏറെ വിഭജനം വരുന്നു. അതേസമയം, ഞങ്ങളുടെ കാലത്ത് സിനിമാക്കാർ എന്നു പറഞ്ഞാൽ സിനിമാക്കാർ എന്നു മാത്രമാണ്, ഹിന്ദുവോ മുസ്ലീമോ സിഖോ അല്ല.”
“അതൊരു സെക്യൂരിറ്റികാരനായാലും ലൈറ്റ്മാനായാലും, ആ വ്യക്തിക്ക് സുഖമില്ലെങ്കിൽ അല്ലെങ്കിൽ സഹായം ആവശ്യമുണ്ടെങ്കിൽ, വ്യവസായം ഒത്തുചേരുമായിരുന്നു, ഞങ്ങൾ ഒരുമിച്ച് ആ വ്യക്തിയെ സഹായിക്കുമായിരുന്നു, കാരണം അവനൊരു സിനിമാക്കാരനായിരുന്നു,” തനൂജ കൂട്ടിച്ചേർത്തു.
മോഡേൺ ലവ് മുംബൈ ആന്തോളജിയിലെ ‘ബായ്’ എന്ന സ്വീകൻസിലാണ് ഏറ്റവും ഒടുവിൽ തനൂജയെ കണ്ടത്. കൊങ്കണ സെന്നിന്റെ എ ഡെത്ത് ഇൻ ദ ഗഞ്ച് എന്ന ചിത്രത്തിനു ശേഷം തനൂജയുടെ അഭിനയിച്ച ചിത്രമാണ് ബായ്.