പ്രമുഖ തമിഴ് സീരിയൽ നടി നന്ദിനിയുടെ ഭർത്താവ് കാർത്തിക് ആത്മഹത്യ ചെയ്തു. ചെന്നൈ വിരുഗന്പാക്കത്തിലുളള ലോഡ്ജിൽ ഇന്നലെയാണ് കാർത്തിക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ. കാർത്തിക് എഴുതിയ ആത്മഹത്യ കുറിപ്പിൽ നന്ദിനിയുടെ പിതാവിനെ കുറ്റപ്പെടുത്തിയുളള പരാമർശം ഉളളതായും റിപ്പോർട്ടുണ്ട്.

അതേസമയം, കാർത്തിക്കിന്റെ ആത്മഹത്യയ്ക്കു കാരണം തന്റെ പിതാവാണെന്നുളള ആരോപണത്തെ നന്ദിനി നിഷേധിച്ചു. സർക്കാർ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് കാർത്തിക് നിരവധി പേരിൽനിന്നും പണം വാങ്ങിയിരുന്നു. പണം ആവശ്യപ്പെട്ട് പലരും തന്റെ പക്കൽ എത്തിയപ്പോഴാണ് ഈ വിവരം എനിക്ക് മനസ്സിലായത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് കാർത്തിക് ഭീഷണിപ്പെടുത്തി. ഇതറിഞ്ഞ എന്റെ മാതാപിതാക്കൾ എന്നെ അവരോടൊപ്പം കൂട്ടിക്കൊണ്ടു പോയി. പണം നൽകിയവർ തിരികെ പണം ആവശ്യപ്പെട്ട് സമീപിക്കാൻ തുടങ്ങിയതോടെ കാർത്തിക് ഏറെ അസ്വസ്ഥനായിരുന്നു. ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് വന്നാൽ നമുക്ക് വീണ്ടും ഒരുമിച്ച് ജീവിക്കാമെന്നു ഞാൻ പറഞ്ഞു. ഞാൻ ജോലി ചെയ്തു കിട്ടിയിരുന്ന വരുമാനത്തിൽനിന്നും കാർത്തിക്കിന് ആരും അറിയാതെ പണം നൽകിയിരുന്നതായും വികടൻ മാഗസിനോട് നന്ദിനി പറഞ്ഞു.

നന്ദിനിയും കാർത്തിക്കും വിവാഹ ദിവസം

മറ്റൊരു പെൺകുട്ടിയുമായി കാർത്തിക്കിന് ബന്ധമുണ്ടായിരുന്നു. അവൾ ആത്മഹത്യ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കാർത്തിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യങ്ങളൊന്നും ഞാനാരോടും പറഞ്ഞിരുന്നില്ല. മറ്റുളളവരോട് കാർത്തിക് ദുബായിലേക്ക് പോയെന്നാണ് പറഞ്ഞത്. എന്റെ ഹൃദയത്തിൽ കുഴിച്ചു മൂടിയ ഇക്കാര്യങ്ങളൊക്കെ കാർത്തിക് കാർത്തിക് ആത്മഹത്യ ചെയ്തതുകൊണ്ടാണ് ഇപ്പോൾ പുറത്തു പറയേണ്ടി വന്നത്. ഷൂട്ടിങ്ങിലായിരുന്ന സമയത്താണ് കാർത്തിക് മരിച്ചതായുളള വിവരം താൻ അറിഞ്ഞതെന്നും നന്ദിനി മാഗസിനോട് പറഞ്ഞു.

ഒരു വർഷമായി പ്രണയത്തിലായിരുന്ന നന്ദിനിയും കാർത്തിക്കും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. കുറച്ചുനാളായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. പണത്തിനുവേണ്ടിയാണ് കാർത്തിക് തന്നെ വിവാഹം ചെയ്തതെന്ന് അടുത്തിടെ നന്ദിനി വ്യക്തമാക്കിയിരുന്നു. വിജയ് ടിവിയിലെ ‘ശരവണൻ മീനാക്ഷി’ എന്ന സീരിയലിലെ മൈന എന്ന കഥാപാത്രത്തിലൂടെ നന്ദിനി ഏവർക്കും സുപരിചിതയാണ്. വംസം, കേഡി ബില്ല കില്ലാടി രങ്ക തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ ജിംനേഷ്യം നടത്തിവരികയായിരുന്നു കാർത്തിക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ