ചെന്നൈ: അച്ചടക്ക ലംഘനം നടത്തുന്ന ആരാധകരെ തന്റെ ഫാൻസ് അസോസിയേഷനിൽ നിന്ന് പുറത്താക്കുമെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മുന്നറിയിപ്പ്. ഫാൻസ്​ അസോസിയേഷന് അതിന്റേതായ നിയമങ്ങൾ ഉണ്ടെന്നും അത് അനുസരിച്ച്​ പ്രവർത്തിക്കുന്നവർക്ക്​ മാത്രമേ സംഘടനയിൽ സ്ഥാനമുണ്ടാകൂ എന്നും ഫാൻസിനായി എഴുതിയ കത്തിൽ രജനീകാന്ത്​ വ്യക്​തമാക്കി.

Source: Rajinikanth Fans Association Twitter Account

അച്ചടക്ക ലംഘനം നടത്തുന്ന ഫാൻസിനെ പുറത്താക്കാൻ രജനീകാന്ത് ഫാൻസ് അസോസിയേഷൻ കോർഡിനേറ്ററായ വിഎം സുധാകറിനെ സ്റ്റൈൽ മന്നൻ ചുമതലപ്പെടുത്തി. രജനീകാന്തിന്റെ രാഷ്​ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട്​ വാർത്തകൾ ഫാൻസ് അസോസിയേഷനിലെ ചില പ്രധാനികൾ പ്രചരിപ്പിച്ചതാണ്​ താരത്തിനെ ചൊടിപ്പിച്ചത്​ എന്നാണ് സൂചന.

രാഷ്​ട്രീയ പ്രവേശനം​ സംബന്ധിച്ച സൂചനകൾ നേരത്തെ രജനീകാന്ത്​ നൽകിയിരുന്നു. ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ താരത്തെ സ്വാഗതം ചെയ്​ത് രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രജനീകാന്ത് ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവിധ പാർട്ടികളിൽ നിന്നുള്ള ക്ഷണത്തിനോട്​ രജനീകാന്ത്​ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.സ്വന്തമായി പുതിയ പാർട്ടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്​ രജനീയെന്നും വാർത്തകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ