തമിഴകത്തെ ‘സെല്‍ഫ് മെയ്ഡ് സൂപ്പർ സ്റ്റാർ’ എന്ന് അറിയപ്പെടുന്ന താരമാണ് ‘തല’ അജിത്. സിനിമകളെ സമീപിക്കുന്ന രീതിയിൽ ഉൾപ്പടെ എല്ലാത്തിലും ഏറെ വ്യത്യസ്തതകൾ വെച്ചു പുലർത്തുന്ന നടനാണ് അജിത് കുമാർ.
ഇപ്പോഴിതാ, അജിത്തിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വെള്ള ഷർട്ട് ധരിച്ചു കൈ പോക്കറ്റിലുമിട്ട് ചിരിച്ചു നിൽക്കുന്ന അജിത്തിന്റെ ചിത്രം ഒരു ഫാൻസ് പേജിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ 21-ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1990 മുതൽ തമിഴ് സിനിമാലോകത്ത് സജീവമായ അജിത് തെലുങ്കു ഹിന്ദി ഭാഷകളിൽ ഉൾപ്പടെയായി അമ്പതിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ‘അമരാവതി’ ആണ് ആദ്യ തമിഴ് ചിത്രം. ഈ സിനിമയിൽ അജിത്തിനു ശബ്ദം നൽകിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ്. ഈ സിനിമയ്ക്ക് ശേഷം ഒരു മത്സര ഓട്ടത്തില്‍ അദ്ദേഹത്തിന് പരുക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തില്‍ ആയിരുന്നു. 1995ല്‍ ‘ആസൈ’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇത് വലിയ ഹിറ്റായി.
തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലിയ ഹരമായി. ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു.
എന്നാല്‍ 2003 ന് ശേഷം അദ്ദേഹം കാറോട്ടത്തില്‍ ശ്രദ്ധിക്കുവാന്‍ സിനിമകളുടെ എണ്ണം കുറച്ചു. ഈ കാലയളവില്‍ പില്ക്കാലത്ത് ഹിറ്റ് ആയ ‘ഗജിനി’ ഉൾപ്പെടെയുള്ള ചിത്രങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചു. 2004 ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2006 ല്‍ ‘വരലാരു’ എന്ന ചിത്രത്തിലൂടെ അജിത് തന്റെ പഴയ സ്ഥാനം തിരികെ നേടി. 2007 ല്‍ തമിഴില്‍ കോളിളക്കം സൃഷ്ടിച്ച ‘ബില്ല’ പുറത്തിറങ്ങി. ഇരു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവും ആയിരുന്നു .
മലയാള സിനിമാ അഭിനേത്രിയായ ശാലിനിയെ ആണ് അജിത് വിവാഹം ചെയ്തത്. 1999 ല്‍ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
Also read: കുട്ടിക്കാലചിത്രവുമായി യുവനടി; പണ്ടേ കിടു ലുക്കാണെന്ന് ആരാധകർ
അജിത്തിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. എച്ച്.വിനോദ് ആണ് ‘വാലിമൈ’ ചിത്രത്തിന്റെ സംവിധായകൻ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.