തമിഴകത്തിന്റെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് സൂര്യയും കാർത്തിയും. വലിയൊരു ആരാധകവൃന്ദം തന്നെ ഇവർക്കുണ്ട്. സൂര്യ- കാര്‍ത്തി സഹോദരന്മാരുടെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്. അച്ഛന്‍ ശിവകുമാറും അമ്മ ലക്ഷ്മി കുമാരിയേയും സഹോദരി ബൃന്ദയേയും ചിത്രത്തിൽ കാണാം.


സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് സൂര്യ- കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്. ‘നേർക്കു നേർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.
ചേട്ടനു പിറകെ കാർത്തിയും അഭിനയരംഗത്തേക്ക് എത്തുന്നത് 2007-ൽ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘ആയിരത്തിൽ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്’, ‘കൈദി’ എന്നി ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാൻ കാർത്തിയ്ക്കും കഴിഞ്ഞു.