Tamilrockers download Chhapaak Movie online upon release: ദീപിക പദുകോൺ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഛപാക്’ നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ജെ എൻ യു വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തുകയും ചെയ്തതിനെ തുടർന്ന് ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ബി ജെപി നേതാവ് ആഹ്വാനം ചെയ്തിരുന്നു. ബിജെപിയുടെ ദീപിക വിരോധവും എല്ലാ ശ്രദ്ധേയ ചിത്രങ്ങളും ആദ്യദിനം തന്നെ റാഞ്ചി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണിയും ‘ഛപാകി’നും ഭീഷണിയാവുകയാണ്. ചിത്രം എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമത്തിനെതിരായ പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തിയിരുന്നു. ഇതിന് പിന്നാലെ നടിയുടെ സിനിമകൾ ബഹിഷ്കരിക്കാനായിരുന്നു ഒരു വിഭാഗം ബിജെപി-ആർഎസ്എസ് നേതാക്കളുടെയും അനുഭാവികളുടെയും തീരുമാനം. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഉൾപ്പടെ ദീപികയ്ക്കെതിരെയും താരത്തിന്റെ പുതിയ ചിത്രമായ ഛപാകിനെതിരെയും ഹാഷ്ടാഗ് പ്രചാരണവും നടക്കുന്നുണ്ട്.
ഛപാകിന്റെ ബുക്കിങ് ക്യാൻസൽ ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവച്ചാണ് പലരും ദീപികയ്ക്കെതിരായ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പലരും ട്വീറ്റ് ചെയ്തിരിക്കുന്നത് ഒരേ സ്ക്രീൻഷോട്ട്. ഒരേ തീയറ്ററിൽ ഒരേ സീറ്റിൽ ഇത്രയധികം ആളുകൾക്ക് ഒരേ സമയം എങ്ങനെ ടിക്കറ്റ് ലഭിച്ചുവെന്നതാണ് സമൂഹമാധ്യമങ്ങളിലെ നിലവിലെ പ്രധാന ചോദ്യം. വഡോദരയിലെ സീൻമാർക്കെന്ന തിയറ്റേറിൽ ജനുവരി പത്തിന് ബുക്ക് ചെയ്ത മൂന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടാണ് താനും ക്യാൻസൽ ചെയ്തുവെന്ന രീതിയിൽ മിക്കവരും ഷെയർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ ചെലവഴിച്ചിരുന്നു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഛപാക്’. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. ചിത്രത്തിൽ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.
ഇന്ന് റിലീസിനെത്തിയ രജനികാന്ത് ചിത്രം ‘ദർബാറും’ തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു. അതിനാൽ തന്നെ നിലവിൽ പ്രതിസന്ധികളിൽ പെട്ടിരിക്കുന്ന ‘ഛപാക്കി’ന്റെ ഭാവി എന്താകുമെന്ന ആശങ്ക സിനിമാലോകത്തിന് ഒന്നടക്കമുണ്ട്.
Read more: Chhapaak movie review: നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി ദീപിക: ‘ഛപാക്’ റിവ്യൂ