കങ്കണ റണാവത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ക്വീൻ സിനിമ തമിഴിൽ റീമേക്ക് ചെയ്യുന്നു. തമിഴിൽ പാരിസ് പാരിസ് എന്നാണ് ചിത്രത്തിന്റെ പേര്. കങ്കണ അഭിനയിച്ചു തകർത്ത കഥാപാത്രം തമിഴിൽ കാജൽ അഗർവാളാണ് ചെയ്യുന്നത്. രമേശ് അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റ കന്നഡ പതിപ്പും സംവിധാനം ചെയ്യുന്നത് രമേശാണ്.

ആരുടെയും അഭിനയത്തെ അനുകരിക്കാനില്ലെന്നും തന്റേതായ രീതിയിൽ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുമെന്നും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ കാജൽ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷൽ ആയ പ്രോജക്ടാണിതെന്നും കാജൽ പറഞ്ഞു.

നേരത്തെ നായികമാരായി നയൻതാര, തൃഷ തുടങ്ങിയവരുടെ പേരുകൾ ഉയർന്നുകേട്ടിരുന്നു. പിന്നീട് തമന്നയ്ക്കാണ് നറുക്ക് വീണത്. എന്നാൽ ചില കാരണങ്ങളാൽ തമന്ന പിന്മാറി. തുടർന്നാണ് അണിയറ പ്രവർത്തകർ കാജൽ അഗർവാളിനെ സമീപിച്ചത്. കാജൽ അഭിനയിക്കാൻ സമ്മതവും മൂളുകയും ചെയ്തു.

2014 ൽ വികാസ്ബാൽ സംവിധാനം ചെയ്ത ‘ക്വീൻ’ വിവാഹം മുടങ്ങിയതുമൂലം ലണ്ടനിലേക്ക് തനിയെ ഹണിമൂണിനു പോകുകയും ജീവിതം ആഘോഷിക്കുകയും ചെയ്യുന്ന റാണി മെഹ്റ എന്ന പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്. റാണിയായി കങ്കണ ചിത്രത്തിൽ ഗംഭീര അഭിനയം കാഴ്ചവച്ചു. കങ്കണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് റാണി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ