താരങ്ങളുടെ ശബ്ദം കൊണ്ട് മുഖരിതമാവുകയാണ് തമിഴ് നാട് രാഷ്ട്രീയം ഒരിക്കല്‍ കൂടി. ജയലളിത, കരുണാനിധി എന്നീ ‘ഐക്കോണിക്ക്’ നേതാക്കള്‍ക്ക് ശേഷം വന്നു ചേര്‍ന്ന ‘വോയിഡ്’ അകറ്റാന്‍ കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ഉള്‍പ്പടെ നിലവിലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോഴാണ് വര്‍ഷങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് രജനിയും കമലും കളത്തിലിറങ്ങുന്നത്. ഈ കളിയില്‍ ഇവര്‍ വിജയിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
പക്ഷേ അതിനായി കാത്തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട, പഠിക്കേണ്ട മറ്റൊരു പേരുണ്ട് – വിജയ്. രജനിയ്ക്കും കമലിനും തുല്യമോ അല്ലെങ്കില്‍ ഒരല്‍പം മുകളിലോ ആയ ബോക്സോഫീസ് സാന്നിദ്ധ്യം. ആരാധക പിന്തുണയിലും തുല്യശക്തി. രജനിയും കമലും ചെയ്തത് പോലെ തന്നെ സിനിമയിലൂടെ രാഷ്ട്രീയം പറഞ്ഞ്, ശരി-തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്, പാവങ്ങളുടെ മിശിഹായാവുന്നവന്‍.
വിജയ് രാഷ്ട്രീയത്തിലെത്തും എന്ന് അഭ്യൂഹങ്ങള്‍ പറന്നു തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ നാളിതുവരെ വിജയ് അതേക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. തമിഴകരാഷ്ട്രീയം കലങ്ങിമറിഞ്ഞ്, ഇതാ ഇപ്പോഴാണ് ഇവിടെയൊരു ശക്തനായ നായകനെ ആവശ്യം എന്ന് പറഞ്ഞു വിളിക്കുമ്പോഴും വിജയ് അനങ്ങുന്നില്ല. ഒച്ചപ്പാടുകള്‍ക്കിടയില്‍ നിന്ന് നിഗൂഡമായ മൗനം മാത്രം.
പക്ഷേ ആ മൗനത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട പലതുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ‘റീട്വീറ്റ്’ ചെയ്തതായി ട്വിറ്റെര്‍ പ്രഖ്യാപിച്ച ഒരു ചിത്രമാണ്. അതിനു പിന്നിലെ കഥയാണ്. അതിന്റെ തുടക്കം പറയാന്‍ ഒരല്‍പം പിന്നിലേക്ക് പോകേണ്ടതുണ്ട്.
ചിത്രം പറഞ്ഞ കഥ
ഒരു പറ്റം ഗുണ്ടകളെ ഓടിച്ചൊരു ഗോഡൗണിൽ കയറ്റി ഷട്ടറിട്ട്, ഒരു കൂസലുമില്ലാതെ ‘ഇന്ത പൊങ്കൽ നമക് സൂപ്പർ കളക്ഷൻ മാ’ എന്ന് പറഞ്ഞു കൊണ്ട് ഇടിയുടെ പൂരം തുടങ്ങുന്ന ‘പോക്കിരി’ എന്ന ചിത്രത്തിലെ നായകനെ ഓർക്കുന്നില്ലേ? കരിയറിന്റെ തുടക്കം മുതല്‍ തന്നെ സൂപ്പര്‍ ഹിറ്റുകള്‍. തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന ‘വിജയ് മാജിക്കി’ന് സാക്ഷ്യം വഹിച്ച ബോക്സോഫീസ് ആ താരത്തെ നെഞ്ചേറ്റാന്‍ അധികം സമയം വേണ്ടി വന്നില്ല.
രജനികാന്ത് കഴിഞ്ഞാൽ തമിഴ്നാടിനു പുറത്തു ഏറ്റവും അധികം ആരാധകരുള്ള നടനായി വിജയ്. ഇരിക്കുന്നതിലും, നടക്കുന്നതിലും, സിഗരറ്റ് വലിക്കുന്നതിലും, കൂളിംഗ് ഗ്ലാസ് വയ്ക്കുന്നതിലും, മാസ്സ് ഡയലോഗുകൾ പറയുന്നതിലുമെല്ലാം രജനിയെ പോലെ തന്നെ തനത് ‘സ്റ്റൈൽ’ കാത്തുസൂക്ഷിച്ച വിജയ്. ആരാധകര്‍ അദ്ദേഹത്തിനു ‘ഇളയദളപതി’ എന്ന പേര് ചാര്‍ത്തിക്കൊടുത്തു.
മാസ്സ് മസാല ചിത്രങ്ങളിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയർന്ന്, ‘ഇളയദളപതി’യിൽ നിന്ന് ‘ദളപതി’യായ വിജയ്, പക്ഷേ ജീവിതവും സിനിമയും രണ്ടായിത്തന്നെ സൂക്ഷിച്ചു. സിനിമയില്‍ തീപാറുന്ന സംഭാഷങ്ങള്‍ പറയുന്ന നായകന്‍ ജീവിതത്തില്‍ അന്തര്‍മുഖനായി മിതഭാഷിയായി കാണപ്പെട്ടു. സിനിമയ്ക്ക് പുറത്തെ വിജയ്‌യുടെ സാമൂഹിക ഇടപെടല്‍ എന്നത് ‘വിജയ് മക്കള്‍ ഇയക്കം’ എന്ന തന്റെ ആരാധക സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ മാത്രമായിരുന്നു. അത് കൊണ്ടും കൂടിയായിരിക്കാം, വിജയ് എന്ന നടന്റെ, വ്യക്തിയുടെ രാഷ്ട്രീയം ലോകം അറിഞ്ഞതേയില്ല.
അങ്ങനെ തന്റേതായി ഒരു നിലപാടോ, അതൃപ്തിയോ എതിർപ്പോ ഒന്നും പരസ്യമായി പ്രകടിപ്പിക്കാതെ, തന്റെ സിനിമകളും, ആരാധകരും, കുടുംബവുമായി ഒതുങ്ങി കൂടിയ വിജയ് രാജ്യത്തിന്‍റെ ശ്രദ്ധ നേടിയത് ബിജെപി അദ്ദേഹത്തിനെതിരെ പരസ്യമായി തിരിഞ്ഞതോടെയാണ്. ‘മെർസൽ’ (2017) എന്ന അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി എസ് ടി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികളെ വിമർശിച്ചു എന്നാരോപിച്ച് ബിജെപി മുന്നോട്ട് വന്നതോടെ, ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിജയ്‌യുടെ രാഷ്ടീയ നിലപാട് ചര്‍ച്ചയായി.
‘വെറും ഏഴ് ശതമാനം മാത്രം ജി എസ് ടി ഈടാക്കുന്ന സിങ്കപ്പൂർ പോലെയുള്ള രാജ്യങ്ങൾ സൗജന്യ ചികിത്സ നൽകുമ്പോൾ 28 ശതമാനം ജി എസ് ടി ഈടാക്കുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് സൗജന്യ വൈദ്യസഹായം ലഭ്യമാക്കാൻ സാധിക്കുന്നില്ല?’ എന്നാണ് ‘മെര്‍സല്‍’ കഥാനായകന്‍ ചോദിച്ചത്. കേന്ദ്ര സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്, ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ ചിത്രത്തിൽ നിന്ന് ഒഴിവാക്കണം എന്ന് ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അടുത്തതാണ് കഥയിലെ ‘ട്വിസ്റ്റ്.’ ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജ, വിജയ്യുടെ വോട്ടര്‍ ഐഡി കാർഡിന്റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു. താരത്തിന്റെ യഥാർത്ഥ പേര് ജോസഫ് വിജയ് എന്നാണെന്നും, അദ്ദേഹം ക്രിസ്ത്യാനിയാണെന്നും അത് കൊണ്ട് തന്നെ ഹിന്ദുക്കൾക്ക് എതിരാണെന്നും രാജ പറഞ്ഞതായി റിപ്പോർട്ടുകള്‍ വന്നു. ഇവിടം മുതലാണ് കാര്യങ്ങള്‍ ‘ഫ്ലെയര്‍ അപ്പ്’ ചെയ്തത്.
വിജയ് എന്ന നടന് ജനമധ്യത്തില്‍ ഉള്ള പിന്തുണ എന്താണ് എന്ന് വെളിവായ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. അതു വരെ വിജയ് സിനിമകൾ കാണാത്തവർ പോലും ഈ വിവാദത്തിന്റെ പേരില്‍, അതിനെ എതിര്‍ക്കുന്നതിന്റെ പേരില്‍, ‘മെർസൽ’ കണ്ടു. ചിത്രത്തെക്കുറിച്ച് എഴുതി, വിജയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി, പി ചിദംബരം തുടങ്ങിയ ദേശീയ നേതാക്കളടക്കം ‘മെർസൽ’ വിവാദത്തിൽ വിജയെ പിന്തുണച്ചും ബിജെപിയുടെ വർഗീയക്കെതിരെ ശക്തമായി പ്രതികരിച്ചും രംഗത്തെത്തി. രജനികാന്ത്, കമല്‍ ഹാസൻ, വിശാൽ തുടങ്ങി നിരവധി താരങ്ങളും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ വിജയ് അഭിനയിച്ച് ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി ‘മെർസൽ’ മാറി.
അതൊരു തുടക്കമായിരുന്നു. അറ്റ്ലീയും വിജയും വീണ്ടും ഒന്നിച്ച് ‘ബിഗിൽ’ (2019) എന്ന ചിത്രം ചെയ്തു. ഈ സിനിമയുമായി ബന്ധപ്പെട്ടു നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് വിജയ്യുടെയും, സിനിമയുടെ നിർമ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. ബി ജെ പി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പക പോകുകയാണെന്ന് ആരോപണം ഉയർന്നു. റെയ്ഡില്‍ പ്രതിഷേധിച്ചു വിജയ്യുടെ ആരാധകർ തെരുവുകളിൽ ഇറങ്ങി. ആദായനികുതി വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് പുതിയ ചിത്രമായ ‘മാസ്റ്റര്‍’ ചിത്രീകരണം നിര്‍ത്തി വച്ച് വിജയ് ചെന്നൈയിലെ വസതിയിലേക്ക് മടങ്ങി. തെരച്ചിലിനൊടുവില്‍ ഒന്നും കണ്ടത്താനാകാതെ ആദായ നികുതി വകുപ്പ് പിന്മാറി. സംഭവത്തില്‍ വിജയ്‌യുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു മാധ്യമങ്ങളും ആരാധകരും. നേരിട്ടുള്ള പ്രതികരണത്തിനു മുതിരാതെ, താരം തന്റെ സ്വതസിദ്ധമായ മൗനത്തിന്റെ അകമ്പടിയോടെ ‘മാസ്റ്ററുടെ’ ഷൂട്ടിംഗ് ലൊക്കേഷനായ നെയ്‌വേലിയിലേക്ക് മടങ്ങി.
ആയിരകണക്കിന് ആരാധകരായിരുന്നു അന്ന് അവിടെ വിജയിനെ കാണാന്‍ തടിച്ചു കൂടിയത്. ആ ജനാരവത്തിനു നടുവില്‍ നിന്ന് കൊണ്ട് വിജയ് ഒരു സെല്‍ഫി എടുത്തു. ‘നന്ദി നെയ്‌വേലി’ എന്ന അടികുറിപ്പോടെ അത് ട്വിറ്റെറില്‍ അപ്‌ലോഡ് ചെയ്തു. അതാണ് ഇന്ത്യ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ റീട്വീറ്റ് ചെയ്ത ചിത്രമായി മാറിയത്.
രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും അടിപിടികള്‍ക്കുമായി ബി ജെ പി ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള/ആശ്രയിക്കുന്ന ട്വിറ്റെറിലൂടെത്തന്നെ വിജയ് തന്റെ ശക്തി തെളിയിച്ചു കാണിച്ചു. കരിവാരി തേക്കാന്‍ ശ്രമിച്ച രാഷ്ട്രീയ ശക്തികളെയോ, വർഗീയവാദികളെയോ പ്രത്യക്ഷത്തിൽ തിരിച്ചാക്രമിക്കാതെ, പുഞ്ചിരിക്കുന്ന ഒരൊറ്റ ചിത്രം കൊണ്ട് തമിഴ്നാട്ടിൽ താന്‍ ആരാണെന്ന് പറയാതെ പറയുകയായിരുന്നു വിജയ്. സ്വതസിദ്ധമായ ശൈലിയിൽ, നിശബ്ദമായും ശക്തമായും, ‘ദളപതി’ തന്റെ രാഷ്ട്രീയ നിലപാടിനു അടിവരയിട്ടു.
ജോസഫ് ചന്ദ്രശേഖര്‍ വിജയ് – ജീവിതവും രാഷ്ട്രീയവും
വെള്ളിത്തിരയിലെ അമാനുഷിക നായകന്മാരെ രാഷ്ട്രീയത്തിലെയും നായകന്മാരാക്കിയ ചരിത്രമാണ് തമിഴ് സിനിമയ്ക്ക്. എം ജി ആര്‍, ജയലളിത തുടങ്ങി രാഷ്ട്രീയത്തിലേക്ക് കാലൂന്നിയിരിക്കുന്ന കമല്‍-രജനി വരെ… അഭ്രപാളികളില്‍ നിന്നിറങ്ങി നാട് ഭരിക്കാന്‍ വന്നവരാണ്.
ഇത്തരത്തിൽ കഥാപാത്രങ്ങളിലൂടെ, ഒരു വ്യക്തിയെന്നതിലുപരി തമിഴ് ജനതയുടെ മനസ്സുകളിൽ ശക്തമായ സ്വാധീനമായി വളർന്ന നായകനാണ് വിജയ് എന്ന ജോസഫ് ചന്ദ്രശേഖർ വിജയ്. രജനികാന്തിനെപ്പോലെ, കമല്‍ ഹാസനെപ്പോലെ, താരപ്രഭാവത്തിന്റെയും പെരുകുന്ന ആരാധകവൃന്ദത്തിന്റെയും പശ്ചാത്തലത്തില്‍ വിജയ് രാഷ്ട്രീയം പ്രവേശം സ്വാഭാവികമായ അടുത്ത ഘട്ടത്തിലേക്ക് കടക്കും എന്ന് തമിഴകം പ്രത്യാശിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
എന്നാൽ, എക്കാലത്തെയും പോലെ, യാതൊരു പരസ്യ പ്രതികരണങ്ങൾക്കും തയ്യാറാവാതെ, ഊഹാപോഹങ്ങളെ നിശബ്ദതയിലൂടെ തള്ളിയെറിഞ്ഞു വിജയ് തന്റെ വാത്മീകത്തിനുള്ളില്‍ത്തന്നെ നിലയുറപ്പിച്ചു. അച്ഛന്‍ ചന്ദ്രശേഖർ മകന്റെ പേരിൽ നവംബറിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തപ്പോള്‍ മാത്രമാണ് വിജയുടെ ശബ്ദം ഉയര്‍ന്നു കേട്ടത്. അതും തനിക്കു അതുമായി ഒരു ബന്ധവുമില്ല എന്ന് പറയാന്‍ മാത്രം.
ഒരു അരാഷ്ട്രീയവാദിയാണോ എന്ന് പോലും സംശയിപ്പിക്കുന്ന തരത്തില്‍ ആണ്ടു പോകുന്ന മൗനമെടുത്തണിയുമെങ്കിലും ശ്രീലങ്കൻ തമിഴരോടുള്ള രാജപക്സെ സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള സമരങ്ങളിലും, ‘ജല്ലിക്കട്ട്’ സമരവേദികളിലും, ‘നീറ്റ് രക്തസാക്ഷി’ അനിതയുടെ വീട്ടിലും എത്തി സാന്നിധ്യമറിയിച്ചിട്ടുള്ള വിജയ് വേണ്ട നേരത്ത് തന്റെ നിലപാടുകൾ സുവ്യക്തമായിത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
തീപാറുന്ന ഡയലോഗുകൾ കൊണ്ടും, അമാനുഷിക നായകപ്രഭാവം കൊണ്ടും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന വിജയ് പക്ഷേ പൊതു സദസ്സുകളിൽ സൗമ്യനും, മിതഭാഷിയുമായാണ്. കുട്ടിക്കാലത്തു സഹോദരിയുടെ മരണത്തിനു സാക്ഷ്യം വഹിച്ച പത്തു വയസ്സുകാരന്‍ അതോടെ ഉൾവലിഞ്ഞ മനുഷ്യനായി മാറുകയായിരുന്നു.
തമിഴ് ചലച്ചിത്ര സംവിധായകനായ ചന്ദ്രശേഖരിന്റെയും പിന്നണി ഗായികയായ ശോഭയുടേയും ആദ്യ പുത്രനായി ജനിച്ച വിജയ് പത്താമത്തെ വയസ്സില്‍ ബാലതാരമായി സിനിമയില്‍ എത്തി. അച്ഛന്‍ സംവിധാനം ചെയ്ത ‘രസികൻ’ എന്ന ആക്ഷന്‍-പ്രണയ ചിത്രത്തിൽ നായകനായി. ‘രസികൻ’ റിലീസ് ആയതിനു മൂന്ന് വര്‍ഷം മുൻപായിരുന്നു രജനികാന്തിന്റെ എക്കാലത്തെയും മികച്ച ചിത്രമായ ‘ദളപതി’യുടെ റിലീസ് . രജനികാന്ത് എന്ന ഏറ്റവും ശക്തനായ നായകനും തമിഴരുടെ വികാരവുമായിരുന്ന താരത്തിന്റെ പിൻഗാമിയാകാൻ അനുയോജ്യനായ ആള്‍ക്ക് അവര്‍ ‘ഇളയദളപതി’ എനന്‍ പേര് ചാര്‍ത്തി.
റൊമാൻറിക് നായകനായും, ആക്ഷൻ ഹീറോയായും വിജയ് തൊണ്ണൂറുകളിൽ മുഖ്യധാരാ തമിഴ് സിനിമയിൽ നിറസാന്നിദ്ധ്യയമായി. രണ്ടായിരത്തിന്റെ തുടക്കത്തോടെ മാസ്സ് പരിവേഷങ്ങളുള്ള കഥാപാത്രങ്ങളിലേക്ക് മാറിയ വിജയ് ‘ഭഗവതി,’ ‘ഗില്ലി,’ ‘തിരുപ്പാച്ചി,’ ‘ശിവകാശി,’ ‘ആതി,’ ‘പോക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ താരപദവി ഊട്ടിയുറപ്പിച്ചു. തമിഴ്നാടിനു പുറമെ അയല്‍സംസ്ഥാനങ്ങളിലും വലിയ സ്വീകാര്യതയ്ക്ക് പാത്രമായി.
വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസം ആരാധനയും, ആഘോഷവും ഇങ്ങു കേരളത്തിലും അണപൊട്ടിയിരുന്നു, ഇന്നത്തെ മലയാളത്തിലെ ഒരു യുവതാരത്തിനും സങ്കൽപ്പിക്കാൻ പോലും കഴിയുന്നതിനപ്പുറം ആവേശത്തോടെ. ചിലപ്പോഴെങ്കിലും മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് ദിവസ ആഘോഷങ്ങളേക്കാൾ കേമമായി വിജയ് ഫാൻസിന്റെ ആഘോഷങ്ങള്‍.
അനീതിക്കും, അഴിമതിക്കും എതിരെ പ്രതികരിക്കുന്ന യുവാവായും, തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന നായകനായും വെള്ളിത്തിരയിൽ വിജയ് കഥാപാത്രങ്ങൾ നിറഞ്ഞപ്പോൾ ആരാധകരുടെ മനസ്സിൽ വിജയ് പ്രതീക്ഷയുടെ ഒരു ബിംബമായി മാറുകയായിരുന്നു. ‘എന്റർടൈൻമെന്റ് വാല്യൂ’ മുന്‍നിര്‍ത്തിയാണ് വിജയ് എന്ന നടന്റെ സിനിമാ തെരഞ്ഞെടുപ്പുകള്‍ എന്ന് കാണാമെങ്കിലും, പലപ്പോഴും ദീനബന്ധുവായും രക്ഷകനായും എത്തുന്ന നായക കഥാപാത്രങ്ങളിലൂടെ രജനികാന്തിനെ പോലെ ജനങ്ങളുടെ ഇടയിൽ തന്റേടിയെങ്കിലും നേരിന് വേണ്ടി നിലകൊള്ളുന്ന ഒരു നേതാവ് എന്ന സങ്കൽപ്പം വിജയ് സൃഷ്ടിച്ചു കൊണ്ടിരുന്നു. അറ്റ്ലീ എന്ന യുവ സംവിധായകനുമായുള്ള സിനിമകൾ ഈ രക്ഷക സങ്കല്പത്തെ വിശാലമാക്കി.
തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ നേതാക്കളായ കരുണാനിധിയുടെയും ജയലളിതയുടെയും മരണത്തോട് കൂടി തമിഴ് രാഷ്ട്രീയത്തിൽ ഉണ്ടായ ശൂന്യതയിൽ പുതിയ രാഷ്ട്രീയ സാദ്ധ്യതകൾ ഉരുത്തിരിഞ്ഞു വന്ന സാഹചര്യമുണ്ടായി. പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മാറി നിന്നു കൊണ്ട് കമല്‍ ഹാസൻ ഒരു പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിനെതിരെ സന്ധിയില്ലാ നിലപാട് പ്രഖ്യാപിച്ച കമലിന്റെ ‘മക്കൾ നീതി മയ്യം’ കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും ഒരിടത്തും വിജയിക്കാൻ സാധിച്ചില്ല. ഇതേ സമയം, തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ പല തവണയായി നൽകിക്കൊണ്ടിരുന്ന രജനികാന്ത് പലപ്പോഴും ബി ജെപി യോടുള്ള ചായവും പ്രകടമാക്കി. ഒടുവിൽ ആത്മീയ രാഷ്ട്രീയം ലക്‌ഷ്യം വെച്ച് കൊണ്ട് അടുത്തിടെ രജനികാന്തും തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുകയുണ്ടായി.
2020 നവംബറിൽ വിജയുടെ പിതാവ് ചന്ദ്രശേഖർ മകന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപികരിച്ചതായി അറിയിച്ചു. ‘ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം’ എന്ന പേരിലെ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ, വിജയ് അതിനെ തള്ളി പറഞ്ഞു. ആ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ അച്ഛന്റെ പാര്‍ട്ടി എന്ന് കരുതി തന്റെ ആരാധകര്‍ അതുമായി സഹകരിക്കേണ്ടതില്ല എന്നും പ്രസ്താവിച്ചു. ഒരു രാഷ്ട്രീയ അജണ്ടയ്ക് വേണ്ടിയും തന്റെ പേരോ ഫോട്ടോയോ ഉപയോഗിക്കാൻ പാടില്ലെന്നും വിജയ് വ്യക്തമാക്കി.
ഒരുപക്ഷേ വിജയ് എന്ന നടൻ ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രവേശനം നടുത്തുന്നില്ലായിരിക്കാം. അല്ലെങ്കിൽ രജനി-കമലുമാരെപ്പോലെ സമയമെടുത്തു തീരുമാനത്തിലേക്ക് എത്തിയേക്കാം. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചേക്കാം. രജനി-കമല്‍ എനിവര്‍ക്ക് കിട്ടുന്നതിലുപരി പിന്തുണ, പ്രത്യേകിച്ചും യുവാക്കളുടെ, കിട്ടിയേക്കാം. വിജയ് തമിഴ്നാടിനു വേണ്ടി കാണുന്ന സ്വപ്‌നങ്ങള്‍, അത് സാക്ഷാത്ക്കരിക്കാന്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍, അതോടൊപ്പം തന്നെ മുന്നോട്ട് വയ്ക്കുന്ന ‘തമിഴ് വാല്യൂസ്’ – ഇതിനൊക്കെ അനുസരിച്ചിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വീകാര്യത.
എന്ത് തന്നെയായാലും വലുത്-വര്‍ഗീയ ശക്തികള്‍ക്ക് വിജയ് ഒരു പേടിസ്വപ്നമാകും എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇപ്പോള്‍ ‘ഡോര്‍മന്‍റും’ ‘സൈലന്‍റു’മാണ്. ‘നെയ്‌വേലി സെല്‍ഫി’ ഒരു സൂചകമായി എടുത്താല്‍ ‘മാസും,’ ‘മാസ്സിവു’മാകാന്‍ സാധ്യതയുള്ള ഒന്നും.