ചെന്നൈ: തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും അൻപതു ശതമാനം പ്രവേശന നിയന്ത്രണം ഒഴിവാക്കി. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കോവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
“ഇപ്പോൾ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ച് സിനിമാ / തിയേറ്ററുകളുടെ / മൾട്ടിപ്ലക്സുകളുടെ ഇരിപ്പിട ശേഷി നിലവിലുള്ള 50 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താൻ സർക്കാർ ഇതിനാൽ അനുമതി നൽകുന്നു,” തമിഴ്നാട് സർക്കാർ ഉത്തരവിൽ പറഞ്ഞു.
പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Read More: സിനിമാ തിയേറ്ററുകൾ അഞ്ച് മുതൽ തുറക്കാം; നിയന്ത്രണങ്ങൾ ബാധകം
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്യുടെ ‘മാസ്റ്റർ’ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. വിജയ്യും തിയേറ്റർ ഉടമകളും ഈ ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ കണ്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്നുണ്ട്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്, ആന്‍ഡ്രിയ എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പുതിയ തീരുമാനം നിലവിൽ വരുന്നതോടെ പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമകൾ കാണാൻ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ തിയേറ്ററുകൾക്ക് സാധിക്കും. ചിമ്പു നായകനാകുന്ന ചിത്രം ഈശ്വരൻ ജനുവരി 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡില്‍ തകര്‍ന്ന തീയറ്റര്‍ വ്യവസായത്തിന് ഇത് ഗുണകരമാവുമെന്നാണ് തീയറ്റര്‍ ഉടമകളുടെ പ്രതികരണം. എന്നാല്‍ കോവിഡ് ഉയര്‍ത്തുന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, കേരളത്തിലെ സിനിമാ തിയേറ്ററുകൾ ഈ മാസം അഞ്ച് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. 10 മാസത്തോളമായി തിയേറ്ററുകൾ അടഞ്ഞിരുന്നതിനാൽ ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകൾ തുറക്കുക. തിയേറ്ററുകളിൽ സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക. പകുതി ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ തിയേറ്ററുകൾക്ക് അനുമതിയുണ്ടാവൂ.