ഓസ്‌കർ പുരസ്കാരം നേടിയ ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിന് തമിഴ്‌നാട് സർക്കാരിന്റെ ആദരം. ഒരു കോടിരൂപ പാരിതോഷികവും ശില്പവും നൽകി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചൊവ്വാഴ്ച കാർത്തികിയെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തിലാണ് എലിഫന്റ് വിസ്പറേഴ്‌സ് ചിത്രീകരിച്ചത്. ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് ഈ ഡോക്യുമെന്ററി പറഞ്ഞത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദര്യവും ചിത്രത്തില്‍ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ഹാൾ ഔട്ട്, ഹൗ ഡു യു മെഷർ എ ഇയർ?, ദ മാർത്ത മിച്ചൽ ഇഫക്റ്റ്, സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ് എന്നീ ഡോക്യുമെന്ററികളെ പിന്നിലാക്കിയാണ് ദി എലിഫന്റ് വിസ്‌പറേഴ്‌സ് ഓസ്‌കാർ നേടിയത്.
സിഖ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഗയും അച്ചിൻ ജെയിനും ചേർന്നാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. നാൽപ്പതു മിനിറ്റാണ് ഡോക്യൂമെന്ററിയുടെ ദൈർഘ്യം. പുരസ്കാരം നിറവിൽ നിൽക്കുന്ന ഈ ഡോക്യുമെന്ററി ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.