ജയലളിതയുടെ മരണം സൃഷ്ടിച്ച അസ്ഥിരാവസ്ഥ തമിഴക രാഷ്ട്രീയത്തെ പുതിയ അധികാര വടംവലികളിലേക്കാണ് കൊണ്ടു ചെന്നെത്തിച്ചത്. ആദ്യം ഭരണകക്ഷിയിലെ ചേരിതിരുവുകളില്‍ തുടങ്ങിയ ആ യുദ്ധം ക്രമേണ അണ്ണാ ഡി എം കെ യുടെ ശക്തിയെ തന്നെ ക്ഷയിപ്പിച്ചു. അധികകാലം കഴിയും മുന്‍പ് കരുണാനിധിയും വിടവാങ്ങിയപ്പോള്‍ തമിഴക രാഷ്ട്രീയം അതു വരെ കണ്ട ഒരു യുഗത്തിനു തന്നെ തിരശ്ശീല വീഴുകയായിരുന്നു. ഇ വി രാമസ്വാമി നായ്ക്കരില്‍ തുടങ്ങി അണ്ണാ ദുരൈയിലൂടെയും എം ജി ആറിലൂടെയും കരുണാനിധിയിലൂടെയും അതൊടുവില്‍ ജയലളിതയില്‍ അവസാനിക്കുകയായിരുന്നു.
പാരമ്പര്യ പിന്തുടര്‍ച്ചയില്‍ സ്റ്റാലിന്‍ ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ പക്ഷേ തമിഴകം ആവശ്യപ്പെടുന്നത് എം ജി ആറിനെ പോലെ, ജയലളിതയെപ്പോലെ ഒരു ‘ഐക്കോണിക്ക്’ വ്യക്തിത്വത്തിന്റെ അഭാവത്തില്‍ നിന്നാണ് തമിഴ് രാഷ്ട്രീയത്തിലേക്ക് രജനീകാന്തും സിനിമയില്‍ രജനിയുടെ സമകാലികനും സഹപ്രവര്‍ത്തകനും തുല്യശക്തിയുമായ കമല്‍ഹാസനും കടന്നു വരുന്നത്.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന നാച്ചിക്കുപ്പം എന്ന കര്‍ണ്ണാടക ഗ്രാമത്തിലേക്ക് കുടിയേറിയ മറാത്ത കുടുംബങ്ങളില്‍ ഒന്നിലാണ് രജനീകാന്തിന്‍റെ അച്ഛനായ റാമോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാവുവിന്‍റെ നാലാമത്തെ മകനായി ശിവാജി റാവു ഗെയ്ക്ക്‌വാദും. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവിടന്നിങ്ങോട്ട് തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ അയാള്‍ തന്‍റെ ജൈത്രയാത്ര ആരംഭിച്ചു. തിരശ്ശീലയില്‍ രജനികാന്തായി, അസാമാന്യ പരിവേഷമുള്ള നായകനായി, പലപ്പോഴും യുക്തിക്കും അതീതനായി അസാധ്യമായവ സാധ്യമാക്കി അയാള്‍ തിരശ്ശീലയില്‍ തകര്‍ത്തു മുന്നേറിയപ്പോള്‍ തമിഴകം അയാളെ അളവറ്റ് ആരാധിക്കാന്‍ തുടങ്ങി… അവര്‍ക്കൊരു മിശിഹയെ കിട്ടുകയായിരുന്നു.
ഇതില്‍ നിന്നും പാടേ വേറിട്ടവഴിയിലൂടെയായിരുന്നു കമല്‍ഹാസന്‍ എന്ന പ്രതിഭയുടെ ജീവിതം. തമിഴ്നാട്ടിലെ രാമനാഥപുരത്തെ പരമകുടിയില്‍ അഭിഭാഷകനായ ടി ശ്രീനിവാസന്‍റെയും രാജലക്ഷ്മി അമ്മാളിന്റെയും മകനായി ജനിച്ച കമലിന് ജന്മസിദ്ധമായി തന്നെ അച്ഛന്റെ പോരാട്ടവീര്യവും യുക്തിചിന്തയും കിട്ടിയിരുന്നു. 1960-ൽ ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പം എ വി എമ്മിന്റെ ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കമല്‍ഹാസന്‍ തമിഴ് സിനിമയില്‍ തന്‍റെ തന്നെ വഴിവെട്ടുകയായിരുന്നു. സിനിമയില്‍ കൈവച്ച മേഖലയിലെല്ലാം പ്രതിഭയുടെ കൈയ്യൊപ്പ് പതിപ്പിച്ച്, ചിലതിലെങ്കിലും മാറ്റത്തിന്റെ ശംഖൊലി കേള്‍പ്പിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയില്‍ അനന്യസ്ഥാനം നേടി. താരപരിവേഷം കൊണ്ട് രജനി ജനകീയനായപ്പോള്‍, അഭിനയശേഷി കൊണ്ട് കമല്‍ മനസ്സുകള്‍ കീഴടക്കി.
തമിഴ് രാഷ്ട്രീയത്തിന്‍റെ ദ്രാവിഡ ഭൂമിക
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കേ അറ്റത്ത് ബംഗാള്‍ ഉള്‍ക്കടലിനാലും അറബിക്കടലിനാലും പടിഞ്ഞാറ് പശ്ചിമഘട്ടത്തിനാലും ചുറ്റപ്പെട്ട അതിപുരാതനമായ ഈ ദ്രാവിഡ ദേശം അതിന്‍റെ ചിരപുരാതനമായ ഭൂതകാലവും പേറി ലോകത്തെ എക്കാലവും അമ്പരപ്പിക്കുന്നു. ചേര-ചോള-പാണ്ട്യ-പല്ലവ സംസ്കാരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ റിപ്പബ്ലിക്ക് രൂപപ്പെട്ട കാലത്തും, എക്കാലവും, ആ നാട് സ്വന്തം സ്വത്വവും ആത്മാഭിമാനവും കൈവെടിയാതെ ‘തമിഴ്’ എന്ന ഒറ്റ വികാരത്തിന് ഉള്ളില്‍ നിന്നു കൊണ്ട് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുകയാണ് ചെയ്തത്.
പോരാട്ടങ്ങളുടെ വംശമഹിമ കൊണ്ടാടി ജീവിക്കുന്നവരാണ് തമിഴര്‍. അവര്‍ എക്കാലവും തങ്ങളുടെ സ്വത്വം പേറുന്ന ഭാഷയിലും രാഷ്ട്രീയത്തിനും ഒപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ കലയായ സിനിമയേയും കൂടെക്കൂട്ടി. സൂക്ഷിച്ചു നോക്കിയാല്‍ ഈ ദ്രാവിഡ ദേശത്തിന്‍റെ ചരിത്രത്തില്‍ മേല്പറഞ്ഞതിനെല്ലാം ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞെന്നും അതീദേശത്തിന്‍റെ രക്തത്തില്‍ കലര്‍ന്നുവെന്നും കാണാം.
പഴയ ബ്രിട്ടീഷ് മദിരാശി പ്രവിശ്യയില്‍ നിന്നും സ്വാതന്ത്ര്യാനന്തരം തമിഴ്നാട് എന്ന ഒറ്റ വികാരത്തെ ഇളക്കി മറിച്ചത് അണ്ണാദുരൈ എന്ന ഇതിഹാസ തമിഴന്‍ തന്നെയാണ്. പ്രഗല്‍ഭനായ വാഗ്മിയും സാഹിത്യകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അണ്ണാദുരൈ, ഇ വി രാമസ്വാമി നായ്ക്കരുടെ 1949 ല്‍ രൂപം കൊണ്ട ദ്രാവിഡ കഴകത്തില്‍ നിന്നും തുടക്കം കുറിക്കുകയും പിന്നീട് അതിന്‍റെ പ്രാദേശിക അതിരുകളെ അട്ടിമറിച്ചു കൊണ്ട് ദ്രാവിഡ മുന്നേറ്റ കഴകം എന്ന അതിത്രീവ്ര സ്വഭാവമുള്ള പ്രസ്ഥാനമായി മാറുകയും ചെയ്തു. ആദ്യകാലത്ത് സ്വതന്ത്ര രാഷ്ട്രവാദവും ഭാഷാവാദവും അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു.
1956-നു ശേഷം രാഷ്ട്രീയ പാർട്ടിയായി മാറിയ അവര്‍ പതിയെ തമിഴ്നാടിന്‍റെ രാഷ്ട്രീയ അധികാരവും കയ്യാളി. സ്വതന്ത്ര ദ്രാവിഡ വാദം ഉപേക്ഷിച്ച് പാര്‍ലമെന്‍ററി സ്വഭാവത്തിലേക്ക് മാറിയ കാലം മുതല്‍ പാര്‍ട്ടിയില്‍ പുതുതായി നേതാക്കള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. സിനിമയെ ഒരു പോരാട്ട മാര്‍ഗ്ഗമായി കണ്ടിരുന്ന പാര്‍ട്ടി മുത്തുവേല്‍ കരുണാനിധി ‘രാജകുമാരി ‘എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ്സില്‍ ചേര്‍ന്നപ്പോള്‍ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം ജി ആറുമായി സൗഹൃദത്തിലാവുകയും അത് തമിഴ് ചരിത്രത്തിലെ തന്നെ വേറിട്ടതും തിളക്കമാര്‍ന്നതുമായ ഒരെടായി മാറുകയുമായിരുന്നു.
ആ സൗഹൃദം പിന്നീട് രാഷ്ട്രീയത്തിലേക്കും കടന്നു. കുറച്ചു കാലം നീണ്ടു നിന്ന കൂട്ടുകെട്ട് 1973ൽ പിരിഞ്ഞു. വമ്പിച്ച ജനപിന്തുണയുണ്ടായിരുന്ന എം ജി ആര്‍, അണ്ണാ ഡി എം കെക്ക് രൂപം കൊടുത്തു. 1987 ൽ മരിക്കുന്നതു വരെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. പിന്നീട് ജാനകി രാമചന്ദ്രന്‍ എന്ന എം ജി ആറിന്‍റെ ഭാര്യയുടെ മരണത്തോടെയാണ് പാര്‍ട്ടിയിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത പിടിമുറുക്കുന്നത്.
കരുണാനിധി എന്ന ശക്തനായ എതിരാളി ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ താരപരിവേഷവും കുറച്ചു വിവാദങ്ങളും മാത്രം കൈമുതലായുള്ള ജയലളിത പതിയെ തന്‍റെ അധികാര കേന്ദ്രങ്ങളുടെ വ്യാപ്തി കൂട്ടുക തന്നെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട അത്യുഗ്രങ്ങളായ രാഷ്ട്രീയ പോരാട്ടങ്ങളുടെ വിളഭൂമിയായി തമിഴകത്തിന്‍റെ അടുത്ത ദശകങ്ങളിലെ രാഷ്ട്രീയം മാറി.
എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ക്ക് ജയലളിതയുടെ പെട്ടന്നുള്ള വിയോഗം വിരാമമിട്ടു. വൈകാതെ ജയലളിതയുടെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന കരുണാനിധിയും അന്തരിച്ചു. ഈ ശൂന്യതയാണ് രജനിയുടെയും കമലിന്റെയും രാഷ്ട്രീയസ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ‘ഇരുവര്‍’
തന്‍റെ ചലച്ചിത്ര ജീവിതത്തില്‍ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പല വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിക്കൊണ്ടിരുന്ന രജനി പല ഘട്ടങ്ങളിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചന നല്‍കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴകത്തെ ഏറ്റവും പറ്റിയ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് എന്നു മനസ്സിലാക്കിയതുകൊണ്ടാവണം രജനിയുടെ രാഷ്ട്രീയ രംഗപ്രവേശം വേഗത്തിലായത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ എങ്ങനെയും തമിഴകം പിടിക്കണം എന്ന വാശിയിലാണ്, അതിനായി അവര്‍ കാണുന്ന ബിംബം രജനിയുടെ വ്യക്തിത്വമാണ്.
രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയം മൃദു ഹിന്ദുത്വത്തെ പുണരുകയാണ് എന്ന ധാരണ ബലപ്പെടുമ്പോള്‍ കമലഹാസന്‍ അവിടെ വ്യത്യസ്തമായ പുരോഗമന ചിന്തയുള്ള വികസന കാഴ്ച്ചപ്പാടിനാണ് മുന്‍തൂക്കം നല്‍കുന്നതായി കരുതപ്പെടുന്നു. ‘മക്കള്‍ നീതി മയ്യം’ എന്ന തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയിലൂടെ കമല്‍ അതിനടിവര ഇടുന്നുണ്ട് . ആം ആദ്മി മാതൃക എന്ന് കമല്‍ തന്നെ പറയുമ്പോള്‍ അതിനെ ഇടതു ചായ്വ് പ്രകടമായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായി വ്യാഖ്യാനിക്കാന്‍ കഴിയും. കേരളാ കമ്മ്യൂണിസ്റ്റ് ഘടകവുമായുള്ള കമലിന്‍റെ ബന്ധങ്ങള്‍ ഇതിനെ സാധൂകരിക്കുമുന്നുണ്ട്.
തമിഴ് സ്വത്വവാദം ഉയര്‍ത്തുമ്പോള്‍ തമിഴ്നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്ന കമലിന് കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നുണ്ട്. രജനിയുടെ കന്നഡ-മറാത്ത ബന്ധങ്ങള്‍ തീവ്ര തമിഴ്വാദികള്‍ അംഗീകരിച്ചു കൊടുക്കണം എന്നില്ല. അതിന്‍റെ മറയായാണ് രജനിയുടെ ആത്മീയ രാഷ്ട്രീയ പദ്ധതി എന്നൊരു നിരീക്ഷണം നിലനില്‍ക്കുന്നുമുണ്ട്. എങ്ങനെയും തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നു കയറുക എന്ന വലതുപക്ഷ ബുദ്ധിജീവികളുടെ ആശയങ്ങള്‍ രജനി വഴിപിടിക്കുക എന്നതാകും ഇനി ലക്ഷ്യം. തങ്ങളുടെ ഏജന്‍സികളെ ഉപയോഗിച്ച് പുതിയ രാഷ്ട്രീയ മാറ്റങ്ങളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്‍റെ അന്വേഷണങ്ങള്‍ പലതും ഇത്തരത്തില്‍ കെട്ടി ചമച്ചതാണ് എന്നാണ് വാദം.
തമിഴകത്തെ കറുപ്പിന്‍റെ രാഷ്ട്രീയം രജനിയെ കൂടുതല്‍ ജനങ്ങളുടെ ഇടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഒരു കാരണമായേക്കാം. കാരണം നാളിതു വരെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വേഷങ്ങള്‍ പലതും സാധാരണക്കാരുടെ ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ളവയായിരുന്നു. അവയുടെ പൊതു സ്വഭാവം അധികാര വര്‍ഗ്ഗത്തെ വെല്ലുവിളിക്കുക എന്നതും സാധാരണക്കാര്‍ക്ക് നീതി നടപ്പിലാക്കിക്കൊടുക്കുക എന്നതുമായിരുന്നു. ഈ കഥാപാത്രങ്ങളുടെ സ്വാധീനം തമിഴ് ജനതക്ക് നല്‍കുന്ന ആത്മവിശ്വാസം വോട്ടായി മാറിയാല്‍ രജനി രാഷ്ട്രീയത്തിലും തരംഗമാകാന്‍ സാധ്യത ഏറെയാണ്. കമലിന്‍റെ മധ്യവര്‍ഗ്ഗ സവര്‍ണ്ണ രീതികളോട് പൊരുത്തപ്പെടാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
മനശാസ്ത്രപരമായ കാര്യങ്ങള്‍ പൊതുവില്‍ ഇവരുടെ രാഷ്ട്രീയത്തെ സ്വാധീനിക്കും എന്നുറപ്പാണ്. പരസ്പരം കമലോ രജനിയോ സിനിമയില്‍ ഒരു മത്സരം കാഴ്ചവെക്കാത്തവരാണ്. കാരണം രണ്ടുപേരുടെയും കലാ ജീവിതം രണ്ടുതരത്തിലുള്ള ഭാവുകത്വ തുടര്‍ച്ചകളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ തമിഴ് ജനത ആത്മീയതക്ക് പുരോഗമന ചിന്തകളെക്കാള്‍ പ്രാധാന്യം നല്‍കുന്നുണ്ട് എങ്കില്‍ കമലിന്‍റെ രാഷ്ട്രീയ ജീവിതം അപ്രസക്തമാകുകതന്നെ ചെയ്യും. എന്നാലും രജനി വിജയിച്ചു എന്നു കരുതാന്‍ കഴിയില്ല. ഇളയദളപതി വിജയിനെപ്പോലുള്ള പുതിയ തലമുറയിലെ നടന്മാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചാല്‍ തമിഴകത്തെ ഏറ്റവും പുതിയ തലമുറ അവര്‍ക്കൊപ്പം പോകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഇവർ അവതരിപ്പിക്കുന്ന രാഷ്ട്രീയതയിൽ ഒരുപാട് പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. സിനിമാ താരങ്ങൾ എന്നതിനപ്പുറം രജനിക്കോ കമലിനോ തമിഴ് ജനതക്ക് വേണ്ടി മുന്നോട്ട് വയ്ക്കാൻ പ്രത്യേകമായ ഒരു ‘വിഷന്‍’ ഒന്നും തന്നെയില്ല എന്നതാണ് യാഥാർത്ഥ്യം. താരപ്രഭക്കുമപ്പുറം രാഷ്ട്രീയം അതും പൊതുധാര രാഷ്ട്രീയം ഇരുവര്‍ക്കും പഥ്യമാവുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. ഇരുവര്‍ക്കും തമിഴ് നാടിന്റെ പൊതുവായ ജനകീയ പ്രശ്നങ്ങളെപ്പറ്റിയോ ജനങ്ങളുടെ അടിസ്ഥാന അവശ്യങ്ങളെപ്പറ്റിയോ ധാരണ എത്രയുണ്ട് എന്നതനുസരിച്ചിരിക്കും ഇവരുടെ സ്വീകാര്യത. അരാഷ്ട്രീയത കുത്തി നിറച്ച ഒരു പ്രകടനപരതയാണ് ഈ രണ്ടു പേരുടെയും രാഷ്ട്രീയ ജീവിതം തമിഴകത്തിൽ നിർമിക്കാൻ പോകുന്നതെന്ന സൂചനകള്‍ കാണാതിരിക്കാനും കഴിയില്ല.
മാധ്യമങ്ങളുടെ വലിയ പിന്തുണയും സൂപ്പര്‍ താരപദവിയ്ക്കും അപ്പുറം ഇവർ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ എന്തു തരത്തിലുള്ള പ്രതീക്ഷകൾ മുന്നോട്ട് വയ്ക്കുക? താരയുദ്ധം എന്ന നിലയിൽ മാധ്യമങ്ങൾ നിർമ്മിക്കുന്ന ഒരു രാഷ്ട്രീയ പരീക്ഷ കടന്നു കിട്ടിയാലും ജനങ്ങൾക്ക് എന്താണ് ലഭിക്കുക?
അഭ്രപാളികളുടെ പ്രഭാവലയത്തില്‍ നിന്നെത്തിയ എം ജി ആറും ജയലളിതയും തമിഴക രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നത് അണ്ണാ ദുരൈയിൽ തുടങ്ങിയ ശക്തമായ രാഷ്ട്രീയ തത്വശാസ്ത്ര പിൻബലത്തിൽ കൂടിയാണ്. താരപ്രഭക്ക് ഒപ്പം ജനകീയ പ്രശ്നങ്ങളെ സമീപിക്കാനും അതിൽ ഇടപെടാനുമുള്ള കരുത്തും താത്വിക അടിത്തറയും ഇരുവര്‍ക്കും ഉണ്ടായിരുന്നു. രജനിക്കോ കമലിനോ തങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ മാനിഫെസ്റ്റോ പോലും പുറത്തിറക്കാൻ സാധിക്കാത്തത് ഇതുമായി ചേർത്തു വായിക്കണം. എന്തായാലും തമിഴകത്ത് ഇനിയും ഇരുവര്‍ വാഴുമോ എന്നത് കാത്തിരുന്നു കാണാം.