തമിഴ് നടനും നടിഗര്‍ സംഘം, തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ കൌണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് 41 കാരനായ വിശാലിന്റെ വധു എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ വാർത്ത വിശാൽ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
#DinaThanthi the leading Tamil newspaper reports that #NadigarSangam & #TFPC chief @VishalKOfficial is finally getting hitched. The bride to be is #Anisha from Hyderabad. Other details are awaited.
— Sreedhar Pillai (@sri50) December 31, 2018
അസിസ്റ്റന്റ് ഡയറക്ടറായി തമിഴ് സിനിമയിൽ എത്തി പിന്നീട് നടനായി മാറിയ വിശാലിന് 2005 ൽ ഇറങ്ങിയ ‘സണ്ടക്കോഴി’യാണ് കരിയറിൽ ബ്രേക്ക് സമ്മാനിച്ചത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ പ്രസിഡന്റായ വിശാൽ അടുത്തിടെ കൗൺസിലിനകത്തെ ആഭ്യന്തരപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ 20 നാണ് ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിനു മുന്നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടനും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അവർ ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ വിശാൽ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്നാണ് സംഭവങ്ങൾ വിശാലിന്റെ അറസ്റ്റിൽ കലാശിച്ചത്.
Read more: എന്നെ ഉപദ്രവിക്കാനുള്ള അവരുടെ തന്ത്രങ്ങൾ വിജയിക്കാൻ പോകുന്നില്ല: വിശാൽ
” അറസ്റ്റ് എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ ഷോക്കായി പോയി. എനിക്കറിയാം ഞാനേറെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ടെന്ന്. പക്ഷേ ഒരിക്കലും ഞാനാരെയും ശത്രുക്കളായി കണ്ടിട്ടില്ല, പക്ഷേ അവരെന്നെ അങ്ങനെയാണ് കണ്ടത്. വിരോധാഭാസമെന്നു പറയട്ടെ, അവർ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്റെ ഭാഗ്യത്തിന് ബഹുമാനപ്പെട്ട ജഡ്ജി അടിയന്തിരമായി എന്റെ റിലീസിന് ഉത്തരവിട്ടു. രാജ്യത്തിന്റെ നിയമവ്യവസ്ഥയിലുള്ള എന്റെ വിശ്വാസം ഒരിക്കൽ കൂടി ശക്തിപ്പെട്ടിരിക്കുന്നു. ഒപ്പം സത്യത്തിലുള്ള വിശ്വാസവും ബലപ്പെടുന്നു. എത്ര വേദനിപ്പിച്ചാലും ഒടുവിൽ സത്യം തന്നെ ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിലോ ഇൻഡസ്ട്രിയിലോ എവിടെയുമാകട്ടെ ഒരു മാറ്റം കൊണ്ടുവരണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടതുണ്ട്. മാറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോൾ എവിടെയും വിയോജിപ്പിന്റെ ശബ്ദമുണ്ടാകും. പാർലമെന്റിൽപോലും നിങ്ങൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരാറില്ലേ. എന്നാൽ ആരോഗ്യകരമായ ചർച്ചയും ഭീഷണിപ്പെടുത്തലും രണ്ടാണ്. ഞാൻ ആരോഗ്യകരമായ ചർച്ചകളെയും വിയോജിപ്പുകളെയും സ്വാഗതം ചെയ്യുന്നു. അല്ലാതെ ഈ സമ്മർദ്ദതന്ത്രങ്ങളെയല്ല.” എന്നാണ് അറസ്റ്റിനു ശേഷം ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞത്.