Love Today OTT: പ്രദീപ് രംഗനാഥന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോളിവുഡിൽ ഹിറ്റായി മാറിയ ചിത്രമാണ് ‘ലവ് ടുഡേ’. വലിയ താരനിര ഒന്നും തന്നെയില്ലായിരുന്ന ചിത്രം 70 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്. അഞ്ച് കോടി ചെലവിൽ നിർമ്മിച്ച ചിത്രം ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറച്ച ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. ഡിസംബർ 2 മുതൽ ലവ് ടുഡേ ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കും.നവംബർ 4 നു തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ പ്രദീപ് രംഗനാഥൻ, ഇവാന, രവീണ രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപിന്റെ തന്നെ ഹ്രസ്വ ചിത്രമായ ‘ആപ്പ് (എ) ലോക്കി’ൽ നിന്നാണ് ചിത്രത്തിന്റെ പ്രമേയം കടമെടുത്തിരിക്കുന്നത്.
പ്രണയിതാക്കൾ തമ്മിൽ പരസ്പരം ഫോണുകൾ മാറ്റിയെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.എജിഎസ് എന്റർടെയിൻമെന്റ് അവതരിപ്പിക്കുന്ന ചിത്രത്തിൽ സത്യരാജ്,രാധിക ശരത്കുമാർ, യോഗി ബാബു എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദിനേഷ് പുരുഷോത്തമൻ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ് എന്നിവർ ചെയ്യുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഇവാനയും, രവീണയും മലയാളികളാണ്. ‘അനുരാഗ കരിക്കിൻ വെളളം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇവാനയുടെ അരങ്ങേറ്റം. പ്രശസ്ത ഡബ്ബിങ്ങ് ആർടിസ്റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ.