/indian-express-malayalam/media/media_files/uploads/2019/04/j-mahendran-2.jpg)
ഇന്ന് പുലര്‍ച്ചെ അന്തരിച്ച സംവിധായകന്‍ മഹേന്ദ്രനെ തമിഴ് സിനിമാ ലോകം ഓര്‍ക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ എഴുത്തിലും സംവിധാനത്തിലും വന്ന ചലച്ചിത്രങ്ങളുടെ പേരില്‍ മാത്രമല്ല, തമിഴ് നെഞ്ചോട് ചേര്‍ത്ത് മൂളുന്ന ഇമ്പമേറിയ ഗാനങ്ങളുടെ പേരിലും കൂടിയാണ്. പ്രധാനമായും ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ വന്നിട്ടുള്ള മഹേന്ദ്രന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്നു വ്യത്യസ്തമാണ്. അവയില്‍ ചിലതിലൂടെ ഒന്ന് കണ്ണോടിക്കാം.
Read More: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മഹേന്ദ്രന്‍ അന്തരിച്ചു
സെന്താഴം പൂവില്‍: മുള്ളും മലരും
ഭൌളി എന്ന കര്‍ണാടക സംഗീത രാഗത്തിന്റെ സ്വഭാവത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് ആണ്. വരികള്‍ കണ്ണദാസന്‍. കണ്ണദാസനെ കൂടാതെ പഞ്ചു അരുണാചലം, ഗംഗൈ അമരന്‍ എന്നിവരും ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങളുടെ പൊതു കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ഈ ചിത്രത്തില്‍ 'ഡ്യൂയറ്റ്' ഒന്നും തന്നെയില്ല. എല്ലാം തന്നെ സോളോ ഗാനങ്ങള്‍ ആണ്.
അഴഗിയ കണ്ണേ: ഉതിരിപ്പൂക്കള്‍
തമിഴ് സിനിമാ ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് മഹേന്ദ്രന്‍ സംവിധാനം ചെയ്ത 'ഉതിരിപ്പൂക്കള്‍'. പുതുമുഖ താരങ്ങളെ അണിനിരത്തി എടുത്ത ചിത്രം സംവിധായകരുടെ അടുത്ത തലമുറകള്‍ക്ക് വലിയ പ്രചോദനമായി ഇന്നും നിലകൊള്ളുന്നു.
"മഹേന്ദ്രന്‍ ഉതിരിപ്പൂക്കളില്‍ ചെയ്തതിന്റെ ഏഴയലത്ത് എനിക്ക് എത്താന്‍ പറ്റിയാല്‍ ഞാന്‍ കൃതാര്‍ത്ഥനാകും," മണിരത്നം 'ദി ഹിന്ദു'വിനു നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞു. ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ അഞ്ചു ഗാനങ്ങള്‍ ആണുള്ളത്. കണ്ണദാസന്‍, ഗംഗൈ അമരന്‍, എം ജി വല്ലഭന്‍, മുത്തുലിംഗം എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്. 'അഴഗിയ കണ്ണേ' എന്ന ഗാനത്തിന് ഗായിക എസ് ജാനകിയ്ക്ക് ആ വര്‍ഷത്തെ ഫിലിംഫെയെര്‍ പുരസ്‌കാരം ലഭിച്ചു.
പരുവമേ പുതിയ പാടല്‍ പാട്: നെഞ്ചത്തൈ കിള്ളാതെ
'നെഞ്ചത്തൈ കിള്ളാതെ' എന്ന മഹേന്ദ്രന്‍ ചിത്രമാണ് ച്ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സുഹാസിനി എന്ന പെണ്‍കുട്ടിയെ ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്ക് എത്തിച്ചത്. റൊമാന്റിക് ഡ്രാമ ഴോണറില്‍ പെട്ട ചിത്രത്തില്‍ മോഹനായിരുന്നു നായകന്‍. 'നെഞ്ചത്തൈ കിള്ളാതെ' യിലെ എസ് പി ബാലസുബ്രമണ്യം ആലപിച്ച 'പരുവമേ പുതിയ പാടല്‍ പാട്' എന്ന ഗാനം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. പുലര്‍കാലത്ത് ജോഗ്ഗിംഗ് നടത്തുന്ന നായികാ നായകന്‍മാരുടെ രംഗത്തിന് അകമ്പടിയാകുന്ന ഗാനം ജോഗ്ഗിന്‍ ഷൂവിന്റെ ശബ്ദത്തിനൊപ്പമാണ് കമ്പോസ് ചെയ്യപ്പെട്ടിരുക്കുന്നത്. പഞ്ചു അരുണാചലമാണ് ഗാനത്തിന്റെ വരികള്‍.
എന്‍ വാനിലേ: ജോണി
രജനികാന്ത്, ശ്രീദേവി എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ 'ജോണി' എക്കാലത്തെയും മികച്ച തമിഴ് ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ചിത്രത്തിലെ പോപ്പുലര്‍ ആയ ഗാനങ്ങള്‍ക്ക് ഈണമിട്ടത് ഇസൈജ്ഞാനി ഇളയരാജ തന്നെ. 'ജോണി'യിലെ 'അതിസയ കാത്തുല' എന്ന എസ് പി ശൈലജ ആലപിച്ച ഗാനം രണ്ടു തെലുങ്ക് ചിത്രത്തിലും 'ശമിതാഭ്' എന്ന ഹിന്ദി ചിത്രത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 'കാറ്റില്‍ എന്തന്‍ ഗീതം' എന്ന ഗാനം 'നൈനാ ബോലേ' എന്നാക്കി 'ഓര്‍ ഏക് പ്രേം കഹാനി'യിലും ഉപയോഗിക്കപ്പെട്ടു. കണ്ണദാസന്‍, ഗംഗൈ അമരന്‍ എന്നിവരാണ് ഗാനരചയിതാക്കള്‍.
താഴം പൂവേ വാസം വീസ്: കൈ കൊടുക്കും കൈ
രജനികാന്ത്, രേവതി എന്നിവരെ പ്രധാന അഭിനേതാക്കളാക്കി മഹേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കൈ കൊടുക്കും കൈ'. ഇളയരാജ തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം. വരികള്‍ വാലി, പുലമൈ പിത്തന്‍, നാ. കാമരാസന്‍, ഗംഗൈ അമരന്‍. 'താഴം പൂവേ വാസം വീസ്' എന്ന ഗാനം മധ്യമാവതി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us