ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രത്തിനെതിരെ ഇപ്പോൾ ഒരു ആരോപണം ഉയർന്നിരിക്കുകയാണ്. തമിഴ് ചിത്രം ‘ഏലേ’യുമായി ‘നൻപകൽ നേരത്ത് മയക്ക’ ത്തിനു സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച. ഇത് ആരോപിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചു കമന്റുകൾ നിറയുകയാണ്. ഏലേയുടെ എയ്സ്തെറ്റിക്സ് അതേപടി നൻപകൽ നേരത്ത് മയകത്തിൽ പകർത്തി എന്നതാണ് പ്രധാനമായുള്ള ആരോപണം. എൽ ജെ പി എയ്സ്തെറ്റിക്സ് അറിയാത്ത ആളല്ലല്ലോ, ഇരു ചിത്രങ്ങളുടെയും ക്യാമറ തേനി ഈശ്വറാണ് അതു കൊണ്ട് സാമ്യം സ്വാഭാവികം മാത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റിൽ തന്നെ സാമ്യത തോന്നുന്നു തുടങ്ങി അനവധി അഭിപ്രായങ്ങളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള സാമ്യതയാണ് പ്രേക്ഷകർ ആദ്യം ചൂണ്ടി കാണിച്ചത്. പോസ്റ്റിറിന്റെ ഡിസൈനിങ്ങിലും കളറിങ്ങിലും സാമ്യകളുണ്ടെന്നത് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്. അതു കൂടാതെ പ്രധാനമായും ഉയരുന്നത് ഇരു ചിത്രങ്ങളുടെയും എയ്‌സ്തെറ്റിക്‌സിലുള്ള സാമ്യതയാണ്. ഒരു ചിത്രത്തിന്റെ ദൃശ്യ- ശ്രവ്യ ഘടകങ്ങൾ ഒന്നിച്ചെത്തി ആ സൃഷ്‌ടിക്കു നൽകുന്ന സൗന്ദര്യത്തെ എയ്‌സ്തെറ്റിക്സ് എന്നതു കൊണ്ട് നിർവചിക്കാനാകും. ഒരോ ചിത്രങ്ങൾക്കു അതു വേറിട്ടതായിരിക്കും.
ഇരു ചിത്രങ്ങളുടെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. അപ്പോൾ ഈ സാമ്യത സ്വാഭാവികമല്ലേയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരേ ലൊക്കേഷനും ഒരേ ഛായാഗ്രാഹകനുമാകുമ്പോൾ സാമ്യത തോന്നും എന്നത് സ്വാഭാവികമാണെന്ന വാദത്തെ തള്ളികളയാനാകില്ലെന്നും ഒരു കൂട്ടം ആസ്വാദകർ പറയുന്നു.
തമിഴ് സംവിധായിക ഹലിതാ ഷമീമാണ് ‘നൻപകൽ നേരത്ത് മയക്ക’ത്തിനെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത്. “എന്റെ ചിത്രമായ ഏലേയുടെ എയ്സ്തെറ്റിക്സ് അതേപടി നൻപകലിൽ പകർത്തിയിരിക്കുകയാണ്. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഒരേ സ്ഥലത്താണെന്നത് സന്തോഷമുള്ള കാര്യമാണ് പക്ഷെ അതേ പോലെ കോപ്പിയടിക്കുന്നത് സഹിക്കാനാവില്ല. വില്ലേജിലുള്ള ആളുകളെ ഏലേയ്ക്കു വേണ്ടി ഞങ്ങൾ ട്രെയിൻ ചെയ്തിരുന്നു” ഹലിതാ പറഞ്ഞു. ഇരു ചിത്രങ്ങളുടെയും കഥയിലുള്ള സാമ്യതകളെ കുറിച്ചും സംവിധായിക പറയുന്നുണ്ട്.
“ഏലേയിലെ ഐസ്ക്രീംകാരൻ ഇതിൽ പാൽക്കാരനായി. മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിൽ പാട്ടു പാടുന്ന നടനും ഗായകനുമായ വ്യക്തി ഏലെയിലുമുണ്ട്. ചിത്രത്തിൽ സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ തമ്മിൽ സാമ്യമുണ്ട്. എന്റെ ചിത്രത്തെ നിങ്ങൾക്കു തള്ളി പറയാം എന്നാൽ ഒരു ചിത്രത്തിന്റെ സൗന്ദര്യം അതു പോലെ ഒപ്പിയെടുക്കുന്നത് തെറ്റു തന്നെയാണ്” ഹലിതാ പറയുന്നു.
2014ൽ പുറത്തിറങ്ങിയ പൂവാസരം പീപ്പീ എന്ന ചിത്രത്തിലൂടെയാണ് ഹലിതാ സംവിധായികയാകുന്നത്. പിന്നീട് സില്ലു കരുപ്പട്ടി, ഏലേ പുത്തൻ പുതു കാലയ് വിടിയാതാ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ ശ്രദ്ധ നേടിയെടുത്തു. ജെ എഫ് ഡബ്ല്യൂ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.