നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. അതിനിടെയാണ് ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്. ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ ഇളയ സഹോദരനാണ് മനോഹർ.
2009ല്‍ ‘മാസിലമണി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്. 2011ല്‍ ‘വെല്ലൂര്‍ മാവട്ടം’ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.
കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി കൊണ്ടായിരുന്നു സിനിമാരംഗത്തേക്ക് മനോഹർ കടന്നുവന്നത്. തുടർന്ന് രവികുമാറിന്റെ ‘സൂര്യന് ചന്ദ്രന്’ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.
ഐവി ശശി സംവിധാനം ചെയ്ത ‘കോലങ്ങള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മനോഹർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ ഐവി ശശിയുടെ സംവിധാന സഹായിയായും മനോഹർ പ്രവർത്തിച്ചിരുന്നു.കാഞ്ചന 3, അയോഗ്യ, കാപ്പാന്, കൈതി, ദില്‍, വീരം, സലിം, മിരുതന്, ആണ്ടവന് കട്ടലൈ തുടങ്ങി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘വീരമേ വാഗൈ സൂഡും’ ആയിരുന്നു അവസാന ചിത്രം.