തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമാകുന്നു. ‘കരുത്തുകളൈ പതിവ് സെ’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനിടെയായിരുന്നു ഭാഗ്യരാജ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ എപ്പോഴും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്താനാവില്ല, സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട് എന്നിങ്ങനെയുള്ള ഭാഗ്യരാജിന്റെ പരാമർശങ്ങളാണ് വിവാദമാകുന്നത്.

“നിങ്ങൾക്ക് എല്ലായ്‌പ്പോഴും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്താനാവില്ല, ഒരു സ്ത്രീക്ക് അന്യായം സംഭവിക്കുന്നത് അവർ അതിന് അനുവദിക്കുമ്പോഴാണ്,” സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഭാഗ്യരാജ് തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ. “മുൻപ്, സ്ത്രീകൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ടെലിഫോൺ വ്യാപകമായതോടെ ആ നിയന്ത്രണങ്ങൾ ഇല്ലാതായി,” എന്നും ഭാഗ്യരാജ് പറഞ്ഞു. മൊബൈൽ ഫോണുകൾ ഇന്നത്തെ സ്ത്രീകളെ നിയന്ത്രണാതീതമാക്കുകയാണെന്നും സൂചിയുടെ അനുവാദമില്ലാതെ നൂലു കോർക്കാൻ കഴിയില്ലെന്നും ഭാഗ്യരാജ് കൂട്ടി ചേർത്തു.

“സ്ത്രീകൾ തെറ്റുകൾ സംഭവിക്കാൻ അനുവദിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. നിങ്ങൾ സ്ത്രീകൾ ശരിയായി പെരുമാറിയാൽ കാര്യങ്ങൾ​ ശരിയാകും. നിങ്ങൾക്ക് എല്ലായ്‌പ്പോഴും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല.”

പൊള്ളാച്ചി കേസിനെ കുറിച്ചും വിവാദപരമായ പരാമർശങ്ങളാണ് ഭാഗ്യരാജ് നടത്തിയത്. പൊള്ളാച്ചി കേസിൽ പെൺകുട്ടികൾക്കും അവർക്കെതിരെ നടന്ന കുറ്റകൃത്യത്തിൽ ധാർമികമായ ഉത്തരവാദിത്വമുണ്ടെന്നും ഭാഗ്യരാജ് വാദിച്ചു, “പൊള്ളാച്ചി കേസിലും ആൺകുട്ടികളുടെ മാത്രം തെറ്റല്ല. അവർ നിങ്ങളുടെ പെൺകുട്ടികളുടെ ബലഹീനത ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. നിങ്ങൾ അവർക്ക് അവസരം നൽകി. അതൊരു തെറ്റാണ്.”

ഭാഗ്യരാജിന്റെ അടുത്ത പരാമർശം, പരസ്ത്രീ- പരപുരുഷ ബന്ധത്തെ കുറിച്ചായിരുന്നു. ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം കൈകാര്യം ചെയ്യാൻ ഒരു പുരുഷൻ വൈകാരികപരമായി സജ്ജനാണെന്നും അതേ സമയം സ്ത്രീകൾക്ക് ഒന്നിലധികം പങ്കാളികളെ ഒന്നിച്ചു കൈകാര്യം ചെയ്തു കൊണ്ടുപോവാൻ കഴിയില്ലെന്നും ഭാഗ്യരാജ് കൂട്ടിച്ചേർത്തു. “ഭാര്യ ഭർത്താവിനെയും കുഞ്ഞിനെയും കൊന്നതിനു ശേഷം കാമുകനൊപ്പം പോയെന്ന വാർത്തകൾ നമ്മൾ പത്രങ്ങളിൽ വായിക്കാറില്ലേ? സ്ത്രീകൾ സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. അവർ സ്വയം ഒരു പരിധി പാലിക്കണം. സ്വയം നിയന്ത്രിക്കുക,” ഭാഗ്യരാജ് പറഞ്ഞു.

Read more: ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook