കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകമാനം രൂക്ഷമായി കൊണ്ടിരിക്കെ കോവിഡ് മരണങ്ങളും വർധിക്കുകയാണ്. തമിഴിലെ തമിഴിലെ പ്രശസ്ത ഹാസ്യതാരം പാണ്ഡു, മറാത്തി, ഹിന്ദി സിനിമകളിലൂടെ പ്രശസ്തയായ അഭിലാഷ പട്ടീൽ, പഞ്ചാബി നടനും സംവിധായകനുമായ സുഖ്ജിന്ദര്‍ ഷേറ എന്നിവരും കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുകയാണ്.
പാണ്ഡു
കോവിഡ് പോസിറ്റീവ് ആയ പാണ്ഡുവും ഭാര്യ കുമുദയും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. 74 വയസ്സായിരുന്നു. പാണ്ഡുവിന്റെ ഭാര്യ ഇപ്പോഴും ഐ സി യുവിൽ തുടരുകയാണ്.
അജിത് ചിത്രം ‘കാതൽക്കോട്ടെ’യിലെ അതിഥി വേഷമാണ് പാണ്ഡുവിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് വിജയ് ചിത്രം ‘ഗില്ലി’യിലെ പൊലീസ് ഓഫീസർ വേഷവും ഏറെ ശ്രദ്ധ നേടി. ചിന്നതമ്പി, കാഞ്ചന 2, സിങ്കം, മാനവൻ, അയ്യർ ഐ പി എസ്, പോക്കിരി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട പാണ്ഡുവിനെ ഒടുവിൽ കണ്ടത് ‘ഇന്ദ നിലൈ മാറും’ എന്ന ചിത്രത്തിലാണ്. എഐഎഡിഎംകെ പാർട്ടിയുടെ രണ്ടില ലോഗോ ഡിസൈൻ ചെയ്തതും പാണ്ഡുവായിരുന്നു.
അഭിലാഷ പട്ടീൽ
ഹിന്ദി, മറാത്തി സിനിമകളിലൂടെ ശ്രദ്ധേയയായ അഭിലാഷ പട്ടീലിന്റെ മരണവും സഹപ്രവർത്തകരെ നടുക്കിയിരിക്കുകയാണ്. ബനാറസ് യാത്രയ്ക്കിടെ പനി ബാധിതയായ അഭിലാഷ മുബൈയിൽ എത്തിയതിനു ശേഷം കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആണെന്നറിയുന്നത്.
ബദരിനാഥ് കി ദുൽഹനിയ, ഗുഡ് ന്യൂസ്, ചിച്ചോർ എന്നീ ബോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് അഭിലാഷ കാഴ്ച വച്ചത്.
സുഖ്ജിന്ദര്‍ ഷേറ
പ്രശസ്ത പഞ്ചാബി നടനും സംവിധായകനുമായ മരണവും സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്.
സൗത്ത് ആഫ്രിക്കയിലെ ഉഗാണ്ടയിൽ വെച്ചായിരുന്നു സുഖ്ജിന്ദറിന്റെ മരണം. തന്റെ സുഹൃത്തിനെ സന്ദർശിക്കാൻ ഏപ്രിൽ 17ന് ഉഗാണ്ടയിലെത്തിയതായിരുന്നു അദ്ദേഹം. അവിടെ വച്ച് കടുത്ത പനി ബാധിക്കുകയും പിന്നീട് ന്യൂമോണിയ ആവുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സുഖ്ജിന്ദറിന്റെ മരണം സ്ഥിരീകരിച്ചത്.