ഒരു കാലഘട്ടത്തിൽ ഇൻഡസ്ട്രിയിലെ തിരക്കുള്ള നായികമാർ അൽപം കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആകുന്നത് സിനിമയിൽ സാധാരണമാണ്. എന്നാല്‍ അവര്‍ക്കാപ്പം നായകന്മാരായി അഭിനയിച്ച പലരും നീണ്ട കാലഘട്ടത്തിൽ സൂപ്പര്‍ സ്റ്റാറുകളായി തുടരുകയും ചെയ്യും. ഏത് ഭാഷ സിനിമകള്‍ നോക്കിയാലും കാണാന്‍ കഴിയുന്ന ഒരു കാര്യമാണിത്. ഇക്കാര്യത്തിന് പ്രശസ്ത തമിഴ് സംവിധായകൻ പി ഭാരതിരാജ നൽകുന്ന വിശദീകരണം രസകരമാണ്.

തന്റെ കന്നി ചിത്രമായ ‘പതിനാറ് വയതിനിലെ’യിലെ അഭിനേതാക്കളായ കമല്‍ഹാസനും രജനികാന്തും അടക്കമുള്ള നായകരെ പരിഹസിച്ചു കൊണ്ടു കൂടിയാണ് ഭാരതിരാജയുടെ വിശദീകരണം. ‘സ്റ്റാര്‍ ആന്‍ഡ് സ്റ്റൈൽ​’ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാരതിരാജ ഇക്കാര്യം പറഞ്ഞത്.

P BharathiRaja

‘നായികമാര്‍ പൂക്കളെപ്പോലെയാണ്. കമല്‍ഹാസന്റെയൊപ്പം അഭിനയിച്ച ശ്രീദേവിക്ക് പ്രായമായി. രജനികാന്തിനൊപ്പം അഭിനയിച്ചവര്‍ക്കും പ്രായമായി. എന്നാല്‍, കമല്‍ഹാസനും രജനികാന്തും നായകന്മായി തന്നെ തുടരുന്നു. പൂക്കള്‍ക്ക് ജീവിതം കുറച്ചു സമയം മാത്രമാണ്. എന്നാല്‍, വണ്ടുകള്‍ എല്ലാ പൂവുകളിലും പോയിരിക്കും. എത്ര പൂക്കള്‍ ഇല്ലാതായാലും വണ്ടുകള്‍ അടുത്ത പൂവ് തേടിക്കൊണ്ടേയിരിക്കും. നായകന്മാര്‍ വണ്ടുകളെപോലെയാണ്ട്’ ഭാരതിരാജ പറഞ്ഞു.

P Bharathiraja

താൻ എല്ലാം പഠിച്ചത് മലയാള സിനിമയില്‍ നിന്നാണെന്നും ഭാരതിരാജ വ്യക്തമാക്കുന്നു. പി.ഭാസ്‌കരന്‍, രാമു കാര്യാട്ട്, സേതുമാധവന്‍, പി.എന്‍. മേനോന്‍ എന്നിവരുടെയൊക്കെ സിനിമകളാണ് എന്റെ പാഠപുസ്തകമെന്നും അദ്ദേഹം പറയുന്നു. ചെമ്മീന് സമമായി മറ്റൊരു സിനിമ ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നും സിനിമയെ സമര്‍പ്പണത്തോടെയാണ് മലയാളത്തില്‍ കണ്ടിരുന്നതെന്നും അഭിമുഖത്തിൽ ഭാരതി രാജ അഭിപ്രായപ്പെട്ടു.

തമിഴ് സിനിമയിലെ മികച്ച ഒരുപാട് സിനിമകള്‍ സംഭവന ചെയ്ത ഭാരതിരാജ ദൈവാനുഗ്രഹമുണ്ടെങ്കില്‍ തനിക്ക് മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുമായിരിക്കുമെന്നും പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ